---
title: "ലിവ് ഇൻ പങ്കാളിയായ റെസ്റ്റോറന്റ് ഉടമയുടെ മരണം; ഒളിവിലായിരുന്ന ഇൻഫ്ലുവൻസർ ശ്രദ്ധ ദുബെയും സഹോദരിയും ഡ്രൈവറും അറസ്റ്റിൽ"
english_title: "Influencer Shraddha Dubey, Sister and Driver Arrested in Restaurant Owner’s Death"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/387947/influencer-shraddha-dubey-arrested-death-case"
published_at: "2026-10-20T19:16:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad77272457c4_influencer-shraddha-dubey-arrested-death-case.jpg"
keywords: ["ShraddhaDubey", "RestaurantOwnerDeath", "LucknowPolice", "NepalBorder", "CrimeNews"]
---

# ലിവ് ഇൻ പങ്കാളിയായ റെസ്റ്റോറന്റ് ഉടമയുടെ മരണം; ഒളിവിലായിരുന്ന ഇൻഫ്ലുവൻസർ ശ്രദ്ധ ദുബെയും സഹോദരിയും ഡ്രൈവറും അറസ്റ്റിൽ

> **Lead Summary:** ലക്നൗ: റെസ്റ്റോറൻ്റ് ഉടമയുടെ മരണത്തിൽ ഒളിവിലായിരുന്ന സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും മോഡലുമായ ശ്രദ്ധ ദുബെ അറസ്റ്റിൽ. മഹാരാഷ്ട്രയിലെ നാഗ്പുരിൽ നിന്നാണ് ശ്രദ്ധ ദുബെയെയും സഹോദരി രശ്മി ദുബെ, ഡ്രൈവർ തൻവീർ അലി (ഡാനിഷ്) എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്തത്.

## Article Content

ലക്നൗ: റെസ്റ്റോറൻ്റ് ഉടമയുടെ മരണത്തിൽ ഒളിവിലായിരുന്ന സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും മോഡലുമായ ശ്രദ്ധ ദുബെ അറസ്റ്റിൽ. മഹാരാഷ്ട്രയിലെ നാഗ്പുരിൽ നിന്നാണ് ശ്രദ്ധ ദുബെയെയും സഹോദരി രശ്മി ദുബെ, ഡ്രൈവർ തൻവീർ അലി (ഡാനിഷ്) എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്തത്.

ഇന്ത്യയിലെയും നേപ്പാളിലെയും വിവിധയിടങ്ങളിൽ നടത്തിയ തെരച്ചിലിനൊടുവിലാണ് അറസ്റ്റ്. മൂവരെയും കുറിച്ച് വിവരം നൽകുന്നവർക്ക് പൊലീസ് 50,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. നേപ്പാളിലേക്ക് കടന്ന മൂന്നുപേരും ഉത്തർ പ്രദേശിലേക്ക് മടങ്ങിയെത്തി നാഗ്പുരിലേക്ക് പോകുംവഴിയാണ് പിടിയിലായത്.

ഇക്കഴിഞ്ഞ ഒൻപതാം തീയതി ആണ് 28കാരനായ ശിവ ശർമ ലക്നൗവിലെ ഹസ്രത്ഗഞ്ച് മേഖലയിൽ സ്ഥിതിചെയ്യുന്ന ശ്രദ്ധയുടെ അപ്പാർട്ട്മെൻ്റിൻ്റെ നാലാം നിലയിൽ നിന്ന് വീണു മരിച്ചത്. ശ്രദ്ധയുടെ ലിവ് ഇൻ പങ്കാളിയായിരുന്ന ശിവ ശർമ.

മരണത്തിന് പിന്നിൽ ശ്രദ്ധയും മറ്റുള്ളവരുമാണെന്ന് ശർമയുടെ അമ്മ രഞ്ജന ശർമ ആരോപിച്ചിരുന്നു. രഞ്ജന ശർമയുടെ പരാതിയിൽ കൊലക്കുറ്റം ചുമത്തി പൊലീസ് കേസെടുത്തിരുന്നു. താൻ നിരപരാധിയാണെന്നും ശർമയുടേത് ആത്മഹത്യയാണെന്നും ചൂണ്ടിക്കാട്ടി ശ്രദ്ധ രംഗത്തെത്തിയിരുന്നു.

അന്വേഷണത്തിൽ ശ്രദ്ധയും സംഘവും നേപ്പാളിലേക്ക് കടന്നതായി പൊലീസ് കണ്ടെത്തിയിരുന്നു. ഇവരുടെ കാർ ഇന്ത്യ - നേപ്പാൾ അതിർത്തിയിൽ പാർക്ക് ചെയ്ത നിലയിൽ കണ്ടെത്തിയിരുന്നു.

തുടർന്ന് നേപ്പാൾ പൊലീസുമായി ബന്ധപ്പെട്ട ലക്നൗ പൊലീസ് മൂവരുടെയും സഞ്ചാരപാതയെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ചിരുന്നു. ഇതിനിടെ, ശ്രദ്ധയും സംഘവും ഉത്തർ പ്രദേശിലേക്ക് മടങ്ങിയെത്തിയതായി പൊലീസ് കണ്ടെത്തി.

തുടർന്ന് നാഗ്പുരിലേക്ക് പോകുന്നതായും പൊലീസിന് വിവരം ലഭിച്ചു. ഇതോടെ ഉത്തർ പ്രദേശ് പൊലീസ് സ്പെഷ്യൽ ടാസ്ക് ഫോഴ്സിൻ്റെയും മഹാരാഷ്ട്ര പൊലീസിൻ്റെയും സഹായത്തോടെ ലക്നൗ പൊലീസ് മൂവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതികളെ ലക്നൗവിൽ എത്തിച്ചു കോടതിയിൽ ഹാജരാക്കും.

Social media influencer and model Shraddha Dubey, along with her sister and driver, has been arrested in connection with the death of restaurant owner and live-in partner Shiv Sharma. Police said the trio was tracked across India and Nepal before being detained near Nagpur and will be produced before a court in Lucknow.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/387947/influencer-shraddha-dubey-arrested-death-case)