---
title: "'മദ്യപിച്ചെന്ന് തെളിഞ്ഞു, വേഗത്തിൽ ഓടിക്കാൻ കൂട്ടുകാരും പ്രേരണ നൽകി'; നെടുമ്പാശേരി മിനികൂപ്പർ അപകട കേസിൽ പ്രതികളുടെ ജാമ്യം നിഷേധിച്ചുള്ള കോടതി ഉത്തരവ്"
english_title: "Bail Denied in Nedumbassery Mini Cooper Crash Case After Drunk Driving Proof"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/387539/nedumbassery-mini-cooper-crash-bail-denied"
published_at: "2026-10-17T20:34:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6acf077c26960_nedumbassery-mini-cooper-crash-licence-suspension.jpg"
keywords: ["NedumbasseryCrash", "DrunkDriving", "BailDenied", "CCTVEvidence", "KeralaCourt"]
---

# 'മദ്യപിച്ചെന്ന് തെളിഞ്ഞു, വേഗത്തിൽ ഓടിക്കാൻ കൂട്ടുകാരും പ്രേരണ നൽകി'; നെടുമ്പാശേരി മിനികൂപ്പർ അപകട കേസിൽ പ്രതികളുടെ ജാമ്യം നിഷേധിച്ചുള്ള കോടതി ഉത്തരവ്

> **Lead Summary:** **കൊച്ചി: **മൂന്ന് പേരുടെ ജീവനെടുത്ത നെടുമ്പാശേരി മിനികൂപ്പർ അപകട കേസിൽ പ്രതികളുടെ ജാമ്യം നിഷേധിച്ച് അങ്കമാലി മജിസ്‌ട്രേറ്റ് കോടതി പുറപ്പെടുവിച്ച ഉത്തരവിന്റെ വിവരങ്ങൾ പുറത്ത്. ഒന്നാം പ്രതി സുഹൈൽ മദ്യപിച്ച് വാഹനമോടിച്ചു എന്ന് രക്തപരിശോധനയിൽ തെളിഞ്ഞതായി കോടതി ഉത്തരവിൽ വ്യക്തമാക്കുന്നു. ഇതിനുപുറമെ കൃത്യമായ ദൃക്‌സാക്ഷി മൊഴികളും സി.സി.ടി.വി ദൃശ്യങ്ങളും പ്രതികൾക്കെതിരായ തെളിവുകളായി കോടതി ചൂണ്ടിക്കാട്ടി.

## Article Content

**കൊച്ചി: **മൂന്ന് പേരുടെ ജീവനെടുത്ത നെടുമ്പാശേരി മിനികൂപ്പർ അപകട കേസിൽ പ്രതികളുടെ ജാമ്യം നിഷേധിച്ച് അങ്കമാലി മജിസ്‌ട്രേറ്റ് കോടതി പുറപ്പെടുവിച്ച ഉത്തരവിന്റെ വിവരങ്ങൾ പുറത്ത്. ഒന്നാം പ്രതി സുഹൈൽ മദ്യപിച്ച് വാഹനമോടിച്ചു എന്ന് രക്തപരിശോധനയിൽ തെളിഞ്ഞതായി കോടതി ഉത്തരവിൽ വ്യക്തമാക്കുന്നു. ഇതിനുപുറമെ കൃത്യമായ ദൃക്‌സാക്ഷി മൊഴികളും സി.സി.ടി.വി ദൃശ്യങ്ങളും പ്രതികൾക്കെതിരായ തെളിവുകളായി കോടതി ചൂണ്ടിക്കാട്ടി.

സുഹൈൽ മദ്യപിച്ചിട്ടുണ്ടെന്ന് വ്യക്തമായി അറിഞ്ഞിട്ടും കൂടെയുണ്ടായിരുന്ന മറ്റ് മൂന്ന് പ്രതികൾ വാഹനം അതിവേഗത്തിൽ ഓടിക്കാൻ പ്രോത്സാഹിപ്പിക്കുകയായിരുന്നുവെന്ന് കോടതി നിരീക്ഷിച്ചു. പ്രതികൾക്ക് ജാമ്യം അനുവദിച്ചാൽ പുറത്തിറങ്ങി സാക്ഷികളെ സ്വാധീനിക്കാനും തെളിവുകൾ നശിപ്പിക്കാനും ഒളിവിൽ പോകാനും സാധ്യതയേറെയാണ്. കേസ് അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും കൂടുതൽ ഡിജിറ്റൽ തെളിവുകൾ ശേഖരിക്കാനുണ്ടെന്നും വ്യക്തമാക്കിയാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്.

നാലു മണിക്കൂർ നീണ്ട വാദപ്രതിവാദങ്ങൾക്ക് ഒടുവിലാണ് അങ്കമാലി മജിസ്‌ട്രേറ്റ് കോടതി വിധി പ്രഖ്യാപിച്ചത്. മുഖ്യപ്രതി സുഹൈൽ, സുഹൃത്തുക്കളായ നിനവ്, ജോയൽ, അമീൻ എന്നിവരുടെ ജാമ്യപേക്ഷകളാണ് തള്ളിയത്. ശാസ്ത്രീയ തെളിവുകൾ അടക്കം നിരത്തി പോലീസ് നടത്തിയ ശക്തമായ വാദമാണ് പ്രതികൾക്ക് തിരിച്ചടിയായത്. പ്രതികളുടെ പ്രായക്കുറവ് പരിഗണിച്ച് ജാമ്യം അനുവദിക്കണമെന്ന പ്രതിഭാഗത്തിന്റെ വാദം കോടതി തള്ളി.

അതേസമയം, കേസ് അന്വേഷണത്തിന്റെ ഭാഗമായി ആലുവ ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം സുഹൈലിന്റെ മാതാപിതാക്കളുടെ മൊഴിയും ഉടൻ രേഖപ്പെടുത്തും. അപകടത്തിന് തൊട്ടുമുമ്പ് മാതാപിതാക്കളുമായും മറ്റുചിലരുമായും സുഹൈൽ ഫോണിൽ സംസാരിച്ചിരുന്നു. ഇക്കാര്യങ്ങളും വാഹനം വാങ്ങി നൽകിയതിന്റെ വിശദാംശങ്ങളും പോലീസ് ചോദിച്ചറിയും. അപകടം നടന്ന എയർപോർട്ട് റോഡിൽ പോലീസും സിയാലും (CIAL) എം.വി.ഡിയും ചേർന്ന് പരിശോധന നടത്തുകയും റോഡിലെ വേഗത നിജപ്പെടുത്താൻ തീരുമാനിക്കുകയും ചെയ്തിട്ടുണ്ട്.

**English Summary:**

The Angamaly Magistrate Court has rejected the bail pleas of the accused in the Nedumbassery Mini Cooper accident case that claimed three lives. The court cited blood test results confirming drunk driving, eyewitness testimony and CCTV footage, while noting that the probe is still in its early stage.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/387539/nedumbassery-mini-cooper-crash-bail-denied)