---
title: "മിനികൂപ്പർ പാഞ്ഞെത്തി ഇല്ലാതാക്കിയത് മൂന്ന് കുടുംബത്തിന്റെ സന്തോഷങ്ങൾ; സുഹൈൽ ഉൾപ്പെടെ നാല് പ്രതികളും പൊലീസ് കസ്റ്റഡിയിൽ, ജാമ്യാപേക്ഷ വെള്ളിയാഴ്ച"
english_title: "Mini Cooper Crash: Four Accused, Including Suhail, in Police Custody"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/387080/mini-cooper-crash-four-accused-custody"
published_at: "2026-10-14T19:36:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6acf8c89b462a_mini-cooper-crash-four-accused-custody.jpg"
keywords: ["KeralaNews", "AccidentCase", "PoliceCustody", "SuhailSajeev", "BailHearing"]
---

# മിനികൂപ്പർ പാഞ്ഞെത്തി ഇല്ലാതാക്കിയത് മൂന്ന് കുടുംബത്തിന്റെ സന്തോഷങ്ങൾ; സുഹൈൽ ഉൾപ്പെടെ നാല് പ്രതികളും പൊലീസ് കസ്റ്റഡിയിൽ, ജാമ്യാപേക്ഷ വെള്ളിയാഴ്ച

> **Lead Summary:** **കൊച്ചി: **നെടുമ്പാശേരിയിൽ മൂന്ന് പേരുടെ ദാരുണമായ മരണത്തിനിടയാക്കിയ ആഡംബര കാർ അപകടക്കേസിൽ പ്രധാന പ്രതി സുഹൈൽ സജീവ് ഉൾപ്പെടെ നാല് പ്രതികളെയും ഒരു ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. നാളെ വൈകിട്ട് 5 മണിവരെയാണ് അങ്കമാലി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി പ്രതികളെ കസ്റ്റഡിയിൽ നൽകിയിരിക്കുന്നത്. കസ്റ്റഡി കാലാവധി പൂർത്തിയാകുന്നതോടെ പ്രതികളുടെ ജാമ്യാപേക്ഷ വെള്ളിയാഴ്ച കോടതി വിശദമായി പരിഗണിക്കും.

## Article Content

**കൊച്ചി: **നെടുമ്പാശേരിയിൽ മൂന്ന് പേരുടെ ദാരുണമായ മരണത്തിനിടയാക്കിയ ആഡംബര കാർ അപകടക്കേസിൽ പ്രധാന പ്രതി സുഹൈൽ സജീവ് ഉൾപ്പെടെ നാല് പ്രതികളെയും ഒരു ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. നാളെ വൈകിട്ട് 5 മണിവരെയാണ് അങ്കമാലി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി പ്രതികളെ കസ്റ്റഡിയിൽ നൽകിയിരിക്കുന്നത്. കസ്റ്റഡി കാലാവധി പൂർത്തിയാകുന്നതോടെ പ്രതികളുടെ ജാമ്യാപേക്ഷ വെള്ളിയാഴ്ച കോടതി വിശദമായി പരിഗണിക്കും.

അപകടത്തിന് പിന്നിൽ എന്തെങ്കിലും തരത്തിലുള്ള ഗൂഢാലോചനയോ മുൻവൈരാഗ്യമോ ഉണ്ടോയെന്ന് കണ്ടെത്താൻ പ്രതികളെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. മരിച്ചവരും പ്രതികളെപ്പോലെ തന്നെ ഒരുപാട് സ്വപ്നങ്ങളുള്ള ചെറുപ്പക്കാരായിരുന്നുവെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി.

എന്നാൽ, പൊലീസിന്റെ ഗൂഢാലോചനാ വാദം യാതൊരു അടിസ്ഥാനവുമില്ലാത്തതാണെന്ന് പ്രതിഭാഗം അഭിഭാഷകർ വാദിച്ചു. ദൗർഭാഗ്യകരമായ ഒരു വാഹനാപകടം മാത്രമാണിതെന്നും, ഇതിൽ മനഃപൂർവമായ നരഹത്യയുടെ വകുപ്പുകൾ ചുമത്തുന്നത് നിയമപരമായി നിലനിൽക്കില്ലെന്നും അവർ വ്യക്തമാക്കി. യാതൊരുവിധ ക്രിമിനൽ പശ്ചാത്തലവുമില്ലാത്ത 19 വയസ്സുള്ള ചെറുപ്പക്കാരാണ് പ്രതികളെന്നും മാധ്യമ ശ്രദ്ധ നേടാൻ വേണ്ടിയാണ് ഗൂഢാലോചനാ കഥകൾ സൃഷ്ടിക്കുന്നതെന്നും പ്രതിഭാഗം കോടതിയിൽ ആരോപിച്ചു.

24 മണിക്കൂർ കസ്റ്റഡി കാലാവധിയിൽ പ്രതികളെ പൊലീസ് വിശദമായി ചോദ്യം ചെയ്യും. പ്രതികളെ അപകടം നടന്ന സ്ഥലത്തെത്തിച്ച് വീണ്ടും തെളിവെടുപ്പ് നടത്താൻ സാധ്യതയുണ്ട്. കൂടാതെ അപകടം നടന്ന ദിവസം സുഹൈലും സംഘവും സന്ദർശിച്ച പാലാരിവട്ടം, വൈറ്റില, നെടുമ്പാശേരി എന്നിവിടങ്ങളിലെ ബാറുകളിലും തെളിവെടുപ്പിനായി എത്തിക്കും.

സുഹൈൽ മദ്യപിച്ചിരുന്നു എന്ന കാര്യം ആദ്യ എഫ്.ഐ.ആറിൽ ഒഴിവാക്കിയത് വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. എന്നാൽ തുടർന്ന് നൽകിയ റിമാൻഡ് റിപ്പോർട്ടിൽ പ്രതി മദ്യപിച്ചിരുന്നു എന്ന കാര്യം പൊലീസ് വ്യക്തമായി ഉൾപ്പെടുത്തിയിട്ടുണ്ട്. ആലുവ റൂറൽ എസ്.പി കെ.എസ്. സുദർശന്റെ നേതൃത്വത്തിൽ ആലുവ ഡിവൈ.എസ്.പി ബൈജു കെ. പൗലോസാണ് കേസ് അന്വേഷിക്കുന്നത്.

**English Summary:**

All four accused, including 19-year-old Suhail Sajeev, have been remanded to one-day police custody in the Nedumbassery luxury car accident case that killed three people. The court will hear their bail pleas on Friday after the custody period ends, while police continue probing possible conspiracy and reconstructing the sequence of events.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/387080/mini-cooper-crash-four-accused-custody)