---
title: "രണ്ട് ദിവസത്തിനകം റിപ്പോർട്ട് വേണം; വടകര സ്വദേശിനിയുടെ മരണത്തിൽ ഗൈനക്കോളജി മേധാവിയോട് വിശദീകരണം തേടി കോഴിക്കോട് മെഡി. കോളേജ് സൂപ്രണ്ട്"
english_title: "Kozhikode Medical College Seeks Report Over Vadakara Woman’s Death"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/386911/kozhi-kode-medical-college-death-report"
published_at: "2026-10-13T19:34:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ace3b34b859d_kozhi-kode-medical-college-death-report.jpg"
keywords: ["MedicalNegligence", "Kozhikode", "MedicalCollege", "PatientDeath", "Gynecology"]
---

# രണ്ട് ദിവസത്തിനകം റിപ്പോർട്ട് വേണം; വടകര സ്വദേശിനിയുടെ മരണത്തിൽ ഗൈനക്കോളജി മേധാവിയോട് വിശദീകരണം തേടി കോഴിക്കോട് മെഡി. കോളേജ് സൂപ്രണ്ട്

> **Lead Summary:** **കോഴിക്കോട്: **കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സാ പിഴവിനെ തുടർന്ന് രോഗി മരിച്ചെന്ന ഗുരുതര ആരോപണത്തിൽ അടിയന്തര റിപ്പോർട്ട് തേടി ആശുപത്രി സൂപ്രണ്ട്. ഗർഭാശയം നീക്കം ചെയ്യൽ ശസ്ത്രക്രിയക്ക് വിധേയയായ വടകര മന്ദരത്തൂർ സ്വദേശിനി തങ്കമണിയാണ് മരിച്ചത്. സംഭവത്തിൽ ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മെഡിക്കൽ കോളേജ് പോലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്തു.

## Article Content

**കോഴിക്കോട്: **കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സാ പിഴവിനെ തുടർന്ന് രോഗി മരിച്ചെന്ന ഗുരുതര ആരോപണത്തിൽ അടിയന്തര റിപ്പോർട്ട് തേടി ആശുപത്രി സൂപ്രണ്ട്. ഗർഭാശയം നീക്കം ചെയ്യൽ ശസ്ത്രക്രിയക്ക് വിധേയയായ വടകര മന്ദരത്തൂർ സ്വദേശിനി തങ്കമണിയാണ് മരിച്ചത്. സംഭവത്തിൽ ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മെഡിക്കൽ കോളേജ് പോലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്തു.

ആരോപണത്തെത്തുടർന്ന് ഗൈനക്കോളജി വിഭാഗം മേധാവിയിൽ നിന്നാണ് ആശുപത്രി സൂപ്രണ്ട് റിപ്പോർട്ട് തേടിയത്. രണ്ടു ദിവസത്തിനകം സമഗ്രമായ റിപ്പോർട്ട് സമർപ്പിക്കാനാണ് സൂപ്രണ്ട് നിർദ്ദേശം നൽകിയിരിക്കുന്നത്. ഗർഭാശയത്തിൽ മുഴ കണ്ടെത്തിയതിനെ തുടർന്ന് ഈ മാസം 5-നാണ് തങ്കമണിയെ ശസ്ത്രക്രിയയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 8-ന് ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി, തൊട്ടടുത്ത ദിവസം ഐ.സി.യുവിൽ നിന്ന് വാർഡിലേക്ക് മാറ്റുകയും ചെയ്തു.

എന്നാൽ 9-ന് വൈകുന്നേരത്തോടെ തങ്കമണിക്ക് കടുത്ത ആരോഗ്യപ്രശ്നങ്ങൾ അനുഭവപ്പെടാൻ തുടങ്ങിയെന്ന് ബന്ധുക്കൾ പറയുന്നു. വയറിളക്കം രൂക്ഷമാവുകയും രക്തം ഛർദ്ദിക്കുകയും ചെയ്തതോടെ ഇവരെ വെന്റിലേറ്ററിലേക്ക് മാറ്റുകയും വീണ്ടും ഒരു ശസ്ത്രക്രിയ കൂടി നടത്തുകയുമായിരുന്നു. ശസ്ത്രക്രിയയ്ക്കിടെ ഗുരുതരമായ അണുബാധയുണ്ടായെന്ന് ഡോക്ടർമാർ തന്നെ തങ്ങളോട് സമ്മതിച്ചതായി കുടുംബം ആരോപിക്കുന്നു.

ചികിത്സയിൽ വീഴ്ച വരുത്തിയ ഡോക്ടർമാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം പൊലീസിൽ പരാതി നൽകി. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. സംഭവത്തിൽ മെഡിക്കൽ കോളേജ് പൊലീസിന്റെ അന്വേഷണവും ആരംഭിച്ചിട്ടുണ്ട്.

**English Summary:**

A woman from Vadakara died after a hysterectomy at Kozhikode Medical College, prompting allegations of medical negligence from her family. The hospital superintendent has sought a detailed report from the head of gynecology within two days, and police have registered an unnatural death case.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/386911/kozhi-kode-medical-college-death-report)