---
title: "വീട്ടിൽകയറി ഗർഭിണിയും കുട്ടികളുമടക്കം ഒമ്പത് പേരെ വെടിവെച്ച് കൊലപ്പെടുത്തി; അക്രമിയും മരിച്ച നിലയിൽ"
english_title: "Nine Killed, Including Pregnant Woman and Children, in Pennsylvania Home Shooting"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/386494/pennsylvania-home-shooting-nine-killed"
published_at: "2026-10-10T22:44:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aca72adebbf3_pennsylvania-home-shooting-nine-killed.jpg"
keywords: ["PennsylvaniaShooting", "HomeInvasion", "GunViolence", "PoliceInvestigation", "Erie"]
---

# വീട്ടിൽകയറി ഗർഭിണിയും കുട്ടികളുമടക്കം ഒമ്പത് പേരെ വെടിവെച്ച് കൊലപ്പെടുത്തി; അക്രമിയും മരിച്ച നിലയിൽ

> **Lead Summary:** എയ്റി: യുഎസിലെ പെൻസിൽവാനിയയിൽ വീട്ടിനുള്ളിൽ അതിക്രമിച്ചുകയറി തോക്കുധാരി നടത്തിയ വെടിവെപ്പിൽ രണ്ട് കുട്ടികളും ഗർഭിണിയായ യുവതിയും ഉൾപ്പെടെ ഒമ്പത് പേർ കൊല്ലപ്പെട്ടു.

## Article Content

എയ്റി: യുഎസിലെ പെൻസിൽവാനിയയിൽ വീട്ടിനുള്ളിൽ അതിക്രമിച്ചുകയറി തോക്കുധാരി നടത്തിയ വെടിവെപ്പിൽ രണ്ട് കുട്ടികളും ഗർഭിണിയായ യുവതിയും ഉൾപ്പെടെ ഒമ്പത് പേർ കൊല്ലപ്പെട്ടു.

വെള്ളിയാഴ്ച വൈകുന്നേരം എയ്റി നഗരത്തിലെ ഒരു വീട്ടിലാണ് സംഭവം. അക്രമിയെന്ന് സംശയിക്കുന്നയാളെയും വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇയാൾ സ്വയം വെടിവെച്ച് ജീവനൊടുക്കിയതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

ഒക്ടോബർ ഒമ്പതിന് പ്രാദേശിക സമയം വൈകുന്നേരം അഞ്ച് മണിയോടെ പെറി സ്ട്രീറ്റിലെ 700-ാം ബ്ലോക്കിലുള്ള വീട്ടിലാണ് ദാരുണമായ സംഭവം നടന്നത്. വെടിയൊച്ച കേട്ടെന്ന വിവരത്തെ തുടർന്ന് പൊലീസ് സ്ഥലത്തെത്തിയപ്പോൾ വീടിന് പുറത്ത് രണ്ട് സ്ത്രീകളെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

ബാക്കി ഏഴുപേരുടെയും മൃതദേഹങ്ങൾ വീട്ടിനുള്ളിലാണ് കണ്ടെത്തിയത്. വീടിന് പുറത്തുണ്ടായിരുന്ന സ്ത്രീകളെ വെടിവെച്ച ശേഷം അക്രമി അകത്തുകടന്ന് മറ്റുള്ളവർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം.

പൊലീസ് എത്തിയതോടെ അക്രമി വീട് അകത്തുനിന്ന് പൂട്ടി ഉദ്യോഗസ്ഥർക്ക് നേരെയും വെടിയുതിർത്തു. തുടർന്ന് സ്ഥലത്തെത്തിയ പ്രത്യേക ദൗത്യസംഘമായ സ്വാറ്റ് വിഭാഗവുമായി ഇയാൾ ഏറ്റുമുട്ടി.

വെടിവെപ്പ് അവസാനിച്ച ശേഷം ഉദ്യോഗസ്ഥർ വീട്ടിനുള്ളിൽ നടത്തിയ പരിശോധനയിലാണ് അക്രമിയെ സ്വയം വെടിവെച്ച് മരിച്ച നിലയിൽ കണ്ടെത്തിയത്. കൊല്ലപ്പെട്ടവരുടെ വ്യക്തിവിവരങ്ങൾ പൊലീസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല.

പ്രതിയും കൊല്ലപ്പെട്ടവരും തമ്മിലുള്ള ബന്ധമെന്താണെന്നോ അക്രമത്തിന് പ്രേരിപ്പിച്ച കാരണം എന്താണെന്നോ വ്യക്തമായിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. വെടിയൊച്ച കേട്ടതോടെ പ്രദേശവാസികൾ പരിഭ്രാന്തരായി ചിതറിയോടിയതായി സ്ഥലത്തുണ്ടായിരുന്ന പ്രാദേശിക മാധ്യമപ്രവർത്തകർ പറഞ്ഞു.

Nine people, including two children and a pregnant woman, were killed in a shooting inside a home in Erie, Pennsylvania. Police said the suspected gunman was later found dead inside the house, with an initial assessment indicating suicide.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/386494/pennsylvania-home-shooting-nine-killed)