---
title: "'അടൂര്‍ പ്രകാശ് കള്ളം പറയില്ല, കഴമ്പുള്ള പരാതി ആണെന്നാണ് വിശ്വാസം; സര്‍ക്കാര്‍ പ്രവര്‍ത്തനത്തില്‍ തിരുത്ത് വേണം' - കെ സുധാകരന്‍"
english_title: "Adoor Prakash’s complaint is credible, says K Sudhakaran; government needs course correction"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/385890/adoor-prakash-complaint-credible-sudhakaran"
published_at: "2026-10-07T11:33:00+05:30"
category: "Politics"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac5e3956306b_adoor-prakash-complaint-credible-sudhakaran.jpg"
keywords: ["Congress", "KSudhakaran", "AdoorPrakash", "VDSatheesan", "UDF"]
---

# 'അടൂര്‍ പ്രകാശ് കള്ളം പറയില്ല, കഴമ്പുള്ള പരാതി ആണെന്നാണ് വിശ്വാസം; സര്‍ക്കാര്‍ പ്രവര്‍ത്തനത്തില്‍ തിരുത്ത് വേണം' - കെ സുധാകരന്‍

> **Lead Summary:** ന്യൂഡല്‍ഹി: മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ കൂടുതല്‍ കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്ത്. സര്‍ക്കാര്‍ പ്രവര്‍ത്തനത്തില്‍ കൂടിയാലോചന വേണമെന്നാണ് മുന്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ പറഞ്ഞത്.

## Article Content

ന്യൂഡല്‍ഹി: മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ കൂടുതല്‍ കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്ത്. സര്‍ക്കാര്‍ പ്രവര്‍ത്തനത്തില്‍ കൂടിയാലോചന വേണമെന്നാണ് മുന്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ പറഞ്ഞത്.

അടൂര്‍ പ്രകാശിന്റെ പരാതിക്ക് പരിഹാരം ഉണ്ടാകണം. നേതാക്കള്‍ എല്ലാവരും പ്രശ്‌നപരിഹാരത്തിനായി ഇടപെടുന്നുണ്ട്. പാര്‍ട്ടിയാണ് ആദ്യമെന്നും പിന്നെയാണ് രാഷ്ട്രീയമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സര്‍ക്കാര്‍ പ്രവര്‍ത്തനത്തില്‍ തിരുത്ത് വേണം എന്നാണ് എല്ലാവരും പറയുന്നത്.

അടൂര്‍ പ്രകാശ് കള്ളം പറയില്ലെന്നും കഴമ്പുള്ള പരാതിയാണെന്നാണ് വിശ്വാസമെന്നും സുധാകരന്‍ വിശദീകരിച്ചു. സംസ്ഥാനതലത്തിലെ പ്രധാന നേതാവാണ് അടൂര്‍ പ്രകാശെന്ന് പറഞ്ഞ മുന്‍ കെപിസിസി അധ്യക്ഷന്‍ സര്‍ക്കാര്‍ പ്രവര്‍ത്തനത്തില്‍ കൂടിയാലോചന വേണമെന്ന് തന്നെയാണ് അഭിപ്രായമെന്ന് ആവര്‍ത്തിച്ചു.

യുഡിഎഫ് ചെയര്‍മാന്‍ കൂടിയായ മുഖ്യമന്ത്രി വി ഡി സതീശന്‍ കൂടിയാലോചന നടത്തുന്നില്ലെന്ന വിമര്‍ശനവുമായി അടൂര്‍ പ്രകാശ് നേരത്തെ രംഗത്തെത്തിയിരുന്നു. വി ഡി സതീശനെതിരായ വിമര്‍ശനം അനുഭവത്തിന്റെ വെളിച്ചത്തിലുള്ളതാണെന്നായിരുന്നു അടൂര്‍ പ്രകാശ് പറഞ്ഞത്.

വിഷയത്തില്‍ ആരുടെയും പിന്തുണ തേടിയിട്ടില്ലെന്നും അടൂര്‍ പ്രകാശ് പറഞ്ഞിരുന്നു. പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയെ കണ്ട് അദ്ദേഹം നേരിട്ട് പരാതി നല്‍കിയിരുന്നു.

അതൃപ്തി അറിയിച്ചുകൊണ്ട് അടൂര്‍ പ്രകാശ് മുഖ്യമന്ത്രി വി ഡി സതീശനെതിരെ അസാധാരണ വാര്‍ത്താസമ്മേളനമാണ് നടത്തിയിരുന്നത്. ബോര്‍ഡ്, കോര്‍പറേഷന്‍ നിയമനങ്ങള്‍ നടന്നത് ചര്‍ച്ചയില്ലാതെയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.

ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷ നിയമനത്തിലും, ഡല്‍ഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി നിയമനത്തിലുമുള്ള അതൃപ്തി അദ്ദേഹം വ്യക്തമാക്കി. പല കാര്യങ്ങളും അറിയുന്നത് മാധ്യമങ്ങളിലൂടെയാണെന്നും വാര്‍ത്താസമ്മേളനത്തില്‍ അടൂര്‍ പ്രകാശ് തുറന്നടിച്ചിരുന്നു.

'യുഡിഎഫില്‍ യാതൊരു കൂടിയാലോചനയും ഉണ്ടായില്ല. യുഡിഎഫ് യോഗം ചേരാന്‍ കഴിഞ്ഞില്ല. യോഗം വിളിക്കേണ്ടിയിരുന്നത് ചെയര്‍മാന്‍ എന്ന നിലയില്‍ മുഖ്യമന്ത്രിയായിരുന്നു. ഇതിന് മുഖ്യമന്ത്രി മുന്‍കൈ എടുത്തില്ല.

പല കാര്യങ്ങളും ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കേണ്ടതായിരുന്നു', എന്നായിരുന്നു അടൂര്‍ പ്രകാശ് പറഞ്ഞത്. യുഡിഎഫും കോണ്‍ഗ്രസും തമ്മില്‍ സംഘര്‍ഷമില്ല. അത്തരം കാര്യങ്ങള്‍ പറയേണ്ടിവന്നുവെന്നത് യാഥാര്‍ത്ഥ്യമാണ്. പറഞ്ഞതിനപ്പുറം ഒന്നും പറയാന്‍ ഇല്ല.

സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ഒറ്റത്തവണയേ ക്ലിഫ് ഹൗസില്‍ യോഗം ചേര്‍ന്നിട്ടുള്ളൂ. ആര്‍ക്കെങ്കിലും സ്ഥാനമാനങ്ങള്‍ കൊടുത്തതില്‍ എതിരല്ല. കൂട്ടായ ചര്‍ച്ചയിലൂടെ വേണമായിരുന്നു തീരുമാനം.

യുഡിഎഫ് കണ്‍വീനര്‍ എന്ന നിലയില്‍ കൂടി ആലോചിക്കണമായിരുന്നുവെന്നും അടൂര്‍ പ്രകാശ് പറഞ്ഞിരുന്നു. മുസ്ലിം ലീഗിന് ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷപദവി നല്‍കിയതിന് പിന്നാലെയാണ് പാര്‍ട്ടിയിലെ പോര് പരസ്യമായത്.

Congress leader K Sudhakaran said he believes Adoor Prakash is not lying and that his complaint deserves attention. He also stressed that the government’s functioning needs consultation and correction amid growing criticism of CM V D Satheesan’s style of leadership.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/385890/adoor-prakash-complaint-credible-sudhakaran)