---
title: "ഖബറടക്കിയത് സ്വാഭാവിക മരണമെന്ന് കരുതി; ഒളിപ്പിച്ച മൊബൈൽ തുറന്നപ്പോൾ ഞെട്ടിക്കുന്ന വിവരം, കാമുകനൊപ്പം ചേർന്ന് ഭർത്താവിനെ കൊലപ്പെടുത്തി ഭാര്യ"
english_title: "Wife Kills Husband With Lover’s Help; Hidden Chats Expose the Murder"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/385823/wife-kills-husband-with-lover-help"
published_at: "2026-10-06T20:56:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac513c261f78_wife-kills-husband-with-lover-help.jpg"
keywords: ["MurderCase", "UttarPradesh", "Meerut", "CrimeNews", "Investigation"]
---

# ഖബറടക്കിയത് സ്വാഭാവിക മരണമെന്ന് കരുതി; ഒളിപ്പിച്ച മൊബൈൽ തുറന്നപ്പോൾ ഞെട്ടിക്കുന്ന വിവരം, കാമുകനൊപ്പം ചേർന്ന് ഭർത്താവിനെ കൊലപ്പെടുത്തി ഭാര്യ

> **Lead Summary:** മീററ്റ്: ഭർത്താവിനെ കാമുകന്റെ സഹായത്തോടെ കൊലപ്പെടുത്തി ഭാര്യ. ഉത്തർപ്രദേശ് മീററ്റിലെ ലോഹിയ നഗറിലാണ് സംഭവം. 30-കാരനായ താലിബിനെയാണ് ബ്യൂട്ടീഷ്യനായ ഭാര്യ ഇൽമ , കാമുകൻ അമൻ എന്നിവർ കൊലപ്പെടുത്തി സ്വാഭാവിക മരണമാണെന്ന് വരുത്തിതീർക്കാൻ ശ്രമിച്ചത്.

## Article Content

മീററ്റ്: ഭർത്താവിനെ കാമുകന്റെ സഹായത്തോടെ കൊലപ്പെടുത്തി ഭാര്യ. ഉത്തർപ്രദേശ് മീററ്റിലെ ലോഹിയ നഗറിലാണ് സംഭവം. 30-കാരനായ താലിബിനെയാണ് ബ്യൂട്ടീഷ്യനായ ഭാര്യ ഇൽമ , കാമുകൻ അമൻ എന്നിവർ കൊലപ്പെടുത്തി സ്വാഭാവിക മരണമാണെന്ന് വരുത്തിതീർക്കാൻ ശ്രമിച്ചത്.

നാല് വർഷം മുൻപ് വിവാഹിതരായ താലിബിനും ഇൽമയ്ക്കും മൂന്ന് വയസ്സുള്ള ഒരു മകളുണ്ട്. കൊലപാതകത്തിന് ശേഷം ഒളിപ്പിച്ച ഫോണിലെ ചാറ്റുകൾ ബന്ധുക്കൾ കണ്ടെത്തിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

ജോലി കഴിഞ്ഞ് വീട്ടിലെത്തിയ ഭർത്താവ് രോഗബാധിതനായി മരണപ്പെടുകയായിരുന്നു എന്നാണ് ഇൽമ ബന്ധുക്കളെ ധരിപ്പിച്ചത്. ഹൃദയാഘാതമാണെന്ന് കരുതി ബന്ധുക്കൾ മൃതദേഹം ഖബറടക്കുകയും ചെയ്തു. എന്നാൽ പിന്നീട് മരണത്തിൽ ചില സംശയങ്ങൾ ഉയർന്നുവന്നു.

ഒക്ടോബർ 1-ന് താലിബിന്റെ ബന്ധുവായ റഈസ് വീട്ടിലെത്തി നടത്തിയ തിരച്ചിലിൽ, ഇൽമ ഒളിപ്പിച്ചു വെച്ചിരുന്ന താലിബിന്റെ മൊബൈൽ ഫോൺ വസ്ത്രങ്ങൾക്കിടയിൽ നിന്ന് കണ്ടെത്തി.

ഫോൺ പരിശോധിച്ചപ്പോൾ താലിബും അമനും തമ്മിലുള്ള സംഭാഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടു. തന്റെ ഭാര്യയോട് സംസാരിക്കരുതെന്ന് താലിബ് അമനോട് ഇതിൽ ശക്തമായി ആവശ്യപ്പെട്ടിരുന്നു.

തുടർന്ന് ബന്ധുക്കൾ ചോദ്യം ചെയ്തതോടെയാണ് ഇൽമ കൊലപാതക വിവരം വെളിപ്പെടുത്തിയത്. താലിബ് തന്നെ നിരന്തരം ഉപദ്രവിക്കാറുണ്ടായിരുന്നുവെന്ന് ഇൽമ പറഞ്ഞു.

മർദനത്തിന് ശേഷം ഇൽമ കാമുകനായ അമനെ വിളിച്ചുവരുത്തുകയായിരുന്നു. അമനും കൂട്ടുകാരനും ചേർന്ന് താലിബിനെ മർദിക്കുകയും, തുടർന്ന് ദുപ്പട്ട ഉപയോഗിച്ച് അമൻ താലിബിനെ ശ്വാസം മുട്ടിച്ചു കൊല്ലുകയുമായിരുന്നു.

താലിബിന്റെ മരണശേഷം ഇൽമയെ വിവാഹം കഴിക്കാമെന്ന് അമൻ ഉറപ്പുനൽകിയിരുന്നു. സംഭവത്തിൽ ജില്ലാ മജിസ്ട്രേറ്റിന് റിപ്പോർട്ട് നൽകിയിട്ടുണ്ടെന്നും, ഖബറടക്കിയ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം നടത്തുമെന്നും കോട്‌വാളി സർക്കിൾ ഓഫീസർ സംഗ്രാം സിങ് അറിയിച്ചു.

A woman in Meerut, Uttar Pradesh, allegedly killed her husband with the help of her lover and tried to pass it off as a natural death. The case came to light after relatives found the deceased’s hidden phone and discovered incriminating chats. Police said the body will be exhumed for a postmortem as the investigation continues.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/385823/wife-kills-husband-with-lover-help)