---
title: "ഭർത്താവിന്റെ മോചനത്തിന് ഭാര്യയെ ലൈംഗികമായി ചൂഷണം ചെയ്തെന്ന് പരാതി; ജയിൽ വകുപ്പ് ഡിഐജി അറസ്റ്റിൽ"
english_title: "Jail DIG Arrested Over Alleged Sexual Exploitation of Prisoner's Wife"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/385820/jail-dig-arrested-over-alleged-sexual-exploitation"
published_at: "2026-10-06T20:28:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac50d2f62ca4_jail-dig-arrested-over-alleged-sexual-exploitation.jpg"
keywords: ["KarnatakaNews", "JailScandal", "ForgeryCase", "PoliceInvestigation", "CrimeNews"]
---

# ഭർത്താവിന്റെ മോചനത്തിന് ഭാര്യയെ ലൈംഗികമായി ചൂഷണം ചെയ്തെന്ന് പരാതി; ജയിൽ വകുപ്പ് ഡിഐജി അറസ്റ്റിൽ

> **Lead Summary:** ബംഗളൂരു: പ്രതിയുടെ ഭാര്യയെ ലൈംഗികമായി ഉപയോഗിച്ചതിന് പ്രത്യുപകാരമായി ജീവപര്യന്തം തടവിന് ശിക്ഷിച്ചയാളെ നിയമവിരുദ്ധമായി വിട്ടയച്ച കേസിൽ കർണാടക ജയിൽ വകുപ്പ് ഡി.ഐ.ജി എം. സോമശേഖർ അറസ്റ്റിൽ. പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ കഴിഞ്ഞിരുന്ന ഭർത്താവിന്റെ പരോളിനും മോചനത്തിനുമായി സോമശേഖർ തന്നെ ലൈംഗികമായി ചൂഷണം ചെയ്തെന്ന യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി.

## Article Content

ബംഗളൂരു: പ്രതിയുടെ ഭാര്യയെ ലൈംഗികമായി ഉപയോഗിച്ചതിന് പ്രത്യുപകാരമായി ജീവപര്യന്തം തടവിന് ശിക്ഷിച്ചയാളെ നിയമവിരുദ്ധമായി വിട്ടയച്ച കേസിൽ കർണാടക ജയിൽ വകുപ്പ് ഡി.ഐ.ജി എം. സോമശേഖർ അറസ്റ്റിൽ. പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ കഴിഞ്ഞിരുന്ന ഭർത്താവിന്റെ പരോളിനും മോചനത്തിനുമായി സോമശേഖർ തന്നെ ലൈംഗികമായി ചൂഷണം ചെയ്തെന്ന യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി.

2018ൽ തട്ടിപ്പ് നടക്കുമ്പോൾ പരപ്പന അഗ്രഹാര സെൻട്രൽ ജയിലിലെ ചീഫ് സൂപ്രണ്ടായിരുന്നു സോമശേഖർ. ഭർത്താവിന്റെ മോചനം ഉറപ്പാക്കാൻ മുതിർന്ന ഉദ്യോഗസ്ഥനും കീഴുദ്യോഗസ്ഥനും കുറ്റവാളിയുടെ ഭാര്യയെ ലൈംഗികമായി ചൂഷണം ചെയ്തതായി പൊലീസ് അന്വേഷണത്തിൽ സ്ഥിരീകരിച്ചു.

2004ൽ ഫാസ്റ്റ് ട്രാക്ക് കോടതി തട്ടിക്കൊണ്ടുപോകൽ കേസിൽ തമിഴ്നാട് സ്വദേശി ശങ്കർ അറുമുഖത്തിന് ജീവപര്യന്തം തടവും 10,000 രൂപ പിഴയും ശിക്ഷ വിധിച്ചിരുന്നു. ശങ്കറിന്റെ അപ്പീലുകൾ ഹൈകോടതിയും സുപ്രീംകോടതിയും തള്ളുകയും ചെയ്തു.

എന്നാൽ, വ്യാജ സുപ്രീംകോടതി ഉത്തരവ് കാട്ടിയാണ് ജീവപര്യന്തം തടവുകാരനെ മോചിപ്പിച്ചത്. സംഭവം നടക്കുന്ന 2018ൽ പരപ്പന അഗ്രഹാര സെൻട്രൽ ജയിലിലെ ചീഫ് സൂപ്രണ്ടായിരുന്നു സോമശേഖർ.

സോമശേഖറും സെക്കൻഡ് ഡിവിഷൻ അസിസ്റ്റന്റ് (എസ്‌ഡി‌എ) ശ്രീകാന്തും ചേർന്നാണ് വ്യാജരേഖ തയാറാക്കിയത്. വ്യാജ ഒപ്പുകളും സീലുകളും ഉപയോഗിച്ച് വ്യാജ വിടുതൽ ഉത്തരവ് ഉണ്ടാക്കി. ശങ്കറിന്റെ ശിക്ഷ സുപ്രീംകോടതി 10,000 രൂപ പിഴയായി കുറച്ചതായാണ് വ്യാജ രേഖ തയാറാക്കിയത്.

ഇത് വിശ്വസിച്ച ജയിൽ അധികൃതർ പിഴ ഈടാക്കിയ ശേഷം 2018 നവംബർ 13ന് ശങ്കറിനെ വിട്ടയച്ചു. ഭർത്താവിന്റെ മോചനം സാധ്യമാക്കണമെങ്കിൽ സോമശേഖറുമായി ലൈംഗികമായി സഹകരിക്കണമെന്ന് ജയിലിലെ അസിസ്റ്റന്‍റായിരുന്ന ശ്രീകാന്ത് എന്ന ഉദ്യോഗസ്ഥന്‍ തന്നോട് ആവശ്യപ്പെട്ടതായും തുടർന്ന് സോമശേഖർ തന്നെ ലൈംഗികമായി ചൂഷണം ചെയ്തതായും യുവതി നല്‍കിയ മൊഴിയില്‍ പറയുന്നു.

മൂന്ന് വ്യത്യസ്ത അവസരങ്ങളിലായി ശങ്കറിന് 15 ദിവസത്തെ പരോൾ നിയമവിരുദ്ധമായി അനുവദിക്കുകയും ചെയ്തതായി അന്വേഷണത്തിൽ കണ്ടെത്തി. ജയിൽ ഡയറക്ടർ ജനറലിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് എട്ടു വർഷത്തിനുശേഷം സത്യാവസ്ഥ പുറത്തുവന്നത്.

വിവരത്തിന്‍റെ അടിസ്ഥാനത്തിൽ ബംഗളൂരു സെൻട്രൽ ജയിലിലെ ചീഫ് സൂപ്രണ്ടായിരുന്ന ജയിൽ ഉദ്യോഗസ്ഥർ ഉടൻ തന്നെ സുപ്രീംകോടതിയുടെ അസിസ്റ്റന്റ് രജിസ്ട്രാറെ ബന്ധപ്പെട്ടു. അത്തരമൊരു ഉത്തരവ് പുറപ്പെടുവിച്ചിട്ടില്ലെന്നും മോചന രേഖകൾ പൂർണമായും വ്യാജമാണെന്നും അദ്ദേഹം സ്ഥിരീകരിച്ചു.

തുടർന്നാണ് പരപ്പന അഗ്രഹാര പൊലീസ് സ്റ്റേഷനിൽ വഞ്ചന, വ്യാജരേഖ ചമക്കൽ, ക്രിമിനൽ ഗൂഢാലോചന എന്നിവ ഉൾപ്പെടുന്ന കേസ് രജിസ്റ്റർ ചെയ്തത്. ഡിഐജി സോമശേഖറിനെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി. കൂടുതൽ ചോദ്യം ചെയ്യലിനായി പ്രതിയെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.

Karnataka Jail Department DIG M. Somasekhar has been arrested in connection with a case involving the alleged illegal release of a life convict using forged Supreme Court documents. A woman’s statement that she was sexually exploited in exchange for her husband’s parole and release triggered the investigation, which also pointed to forgery and criminal conspiracy.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/385820/jail-dig-arrested-over-alleged-sexual-exploitation)