---
title: "ചികിത്സാ പിഴവോ...? താക്കോൽദ്വാര ശസ്ത്രക്രിയയ്ക്ക് പിന്നാലെ രോഗി മരിച്ചെന്ന് പരാതി; കോട്ടയം മെഡിക്കൽ കോളജിനെതിരെ അന്വേഷണം"
english_title: "Probe Ordered Over Patient Death After Keyhole Surgery at Kottayam Medical College"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/385684/patient-death-after-keyhole-surgery-probe"
published_at: "2026-10-06T06:52:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac44dfe9f165_patient-death-after-keyhole-surgery-probe.jpg"
keywords: ["MedicalNegligence", "KottayamMedicalCollege", "HealthDepartment", "PatientDeath", "SurgeryProbe"]
---

# ചികിത്സാ പിഴവോ...? താക്കോൽദ്വാര ശസ്ത്രക്രിയയ്ക്ക് പിന്നാലെ രോഗി മരിച്ചെന്ന് പരാതി; കോട്ടയം മെഡിക്കൽ കോളജിനെതിരെ അന്വേഷണം

> **Lead Summary:** **തിരുവനന്തപുരം: **കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സാ പിഴവിനെ തുടർന്ന് രോഗി മരിച്ചെന്ന ഗുരുതര പരാതിയിൽ വിപുലമായ അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യ വകുപ്പ്. വിദഗ്ധ ഡോക്ടർമാർ അടങ്ങുന്ന മൂന്നംഗ സംഘമായിരിക്കും സംഭവം അന്വേഷിക്കുക. ഒരാഴ്ചയ്ക്കുള്ളിൽ അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കണമെന്ന് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ കർശന നിർദേശം നൽകി.

## Article Content

**തിരുവനന്തപുരം: **കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സാ പിഴവിനെ തുടർന്ന് രോഗി മരിച്ചെന്ന ഗുരുതര പരാതിയിൽ വിപുലമായ അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യ വകുപ്പ്. വിദഗ്ധ ഡോക്ടർമാർ അടങ്ങുന്ന മൂന്നംഗ സംഘമായിരിക്കും സംഭവം അന്വേഷിക്കുക. ഒരാഴ്ചയ്ക്കുള്ളിൽ അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കണമെന്ന് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ കർശന നിർദേശം നൽകി.

തിരുവനന്തപുരം മെഡിക്കൽ കോളജ് സർജറി വിഭാഗം പ്രൊഫസർ തോമസ് പി.കെ., തൃശൂർ മെഡിക്കൽ കോളജ് സർജറി വിഭാഗം പ്രൊഫസർ ഡോക്ടർ രവീന്ദ്രൻ, തിരുവനന്തപുരം മെഡിക്കൽ കോളജ് ഫോറൻസിക് വിഭാഗം എച്ച്.ഒ.ഡി ഡോക്ടർ ഷാരിജ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.

കഴിഞ്ഞ സെപ്റ്റംബർ 18-നാണ് ചങ്ങനാശ്ശേരി സ്വദേശിയായ ഹസീനയെ ഹെർണിയയുമായി ബന്ധപ്പെട്ട ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് ഇവരെ താക്കോൽദ്വാര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി. ശസ്ത്രക്രിയയ്ക്കുശേഷം ഡിസ്ചാർജ് ചെയ്ത ഹസീന മൂന്നുദിവസം വീട്ടിലായിരുന്നു. എന്നാൽ ഈ സമയത്ത് കടുത്ത പനിയും മറ്റ് ദേഹാസ്വാസ്ഥ്യങ്ങളും അനുഭവപ്പെട്ടതിനെ തുടർന്ന് വീണ്ടും മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. തുടർന്ന് വയറുകീറി വീണ്ടും ശസ്ത്രക്രിയ നടത്തിയെങ്കിലും തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ ഹസീന മരണപ്പെടുകയായിരുന്നു.

ഡോക്ടർമാരുടെ ഭാഗത്തുനിന്ന് ഗുരുതരമായ ചികിത്സാ പിഴവുണ്ടായിട്ടുണ്ടെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. ശസ്ത്രക്രിയയ്ക്ക് ശേഷം കൃത്യമായ പരിചരണം ലഭിച്ചില്ലെന്നാണ് പ്രധാന ആക്ഷേപം. സംഭവത്തിൽ കുടുംബം ഗാന്ധിനഗർ പോലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത പോലീസ്, ചികിത്സാ രേഖകൾ ഉടനടി ഹാജരാക്കാൻ കോട്ടയം മെഡിക്കൽ കോളജ് അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

**English Summary:**

The Kerala Health Department has ordered a detailed probe into allegations of medical negligence at Kottayam Medical College after a patient from Changanassery died following hernia treatment. A three-member expert team has been tasked with submitting a report within a week, while police have also sought the hospital’s medical records.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/385684/patient-death-after-keyhole-surgery-probe)