---
title: "ജിമ്മിന്റെ വാർഷികാഘോഷം ദുരന്തമായി; ബെംഗളൂരുവിൽ സഹപ്രവർത്തകരുടെ മർദ്ദനമേറ്റ് മലയാളി ജിം ട്രെയിനർ കൊല്ലപ്പെട്ടു, മൂന്ന് പേർ അറസ്റ്റിൽ"
english_title: "Malayali Gym Trainer Dies After Assault by Colleagues During Anniversary Party"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/385670/gym-trainer-killed-bengaluru-anniversary-party"
published_at: "2026-10-05T22:43:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac3dbbe582ca_gym-trainer-killed-bengaluru-anniversary-party.jpg"
keywords: ["BengaluruCrime", "GymTrainer", "MurderCase", "PoliceArrest", "KeralaNews"]
---

# ജിമ്മിന്റെ വാർഷികാഘോഷം ദുരന്തമായി; ബെംഗളൂരുവിൽ സഹപ്രവർത്തകരുടെ മർദ്ദനമേറ്റ് മലയാളി ജിം ട്രെയിനർ കൊല്ലപ്പെട്ടു, മൂന്ന് പേർ അറസ്റ്റിൽ

> **Lead Summary:** **ബെംഗളൂരു: **ജിംനേഷ്യത്തിന്റെ ഒന്നാം വാർഷികാഘോഷങ്ങൾക്കിടെയുണ്ടായ തർക്കത്തിൽ സഹപ്രവർത്തകരുടെ ക്രൂരമായ മർദനമേറ്റ് ജിം ട്രെയിനറായ യുവാവ് കൊല്ലപ്പെട്ടു. ബെംഗളൂരു ജാക്കൂർ ലേഔട്ടിൽ താമസിക്കുന്ന മഹേന്ദ്ര-മഞ്ജുള ദമ്പതിമാരുടെ ഏകമകനായ നന്ദൻ ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ജിമ്മിലെ മറ്റു ട്രെയിനർമാരായ വിശ്വനാഥ് , ശരത് , നിശാന്ത് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.

## Article Content

**ബെംഗളൂരു: **ജിംനേഷ്യത്തിന്റെ ഒന്നാം വാർഷികാഘോഷങ്ങൾക്കിടെയുണ്ടായ തർക്കത്തിൽ സഹപ്രവർത്തകരുടെ ക്രൂരമായ മർദനമേറ്റ് ജിം ട്രെയിനറായ യുവാവ് കൊല്ലപ്പെട്ടു. ബെംഗളൂരു ജാക്കൂർ ലേഔട്ടിൽ താമസിക്കുന്ന മഹേന്ദ്ര-മഞ്ജുള ദമ്പതിമാരുടെ ഏകമകനായ നന്ദൻ ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ജിമ്മിലെ മറ്റു ട്രെയിനർമാരായ വിശ്വനാഥ് , ശരത് , നിശാന്ത് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞ ഒരു വർഷമായി സഹകാരനഗറിലെ 'മാസീവ് ഫിറ്റ്നെസ്' എന്ന ജിമ്മിലെ ട്രെയിനറായിരുന്നു കൊല്ലപ്പെട്ട നന്ദൻ. ശനിയാഴ്ചയായിരുന്നു ജിമ്മിന്റെ ഒന്നാം വാർഷികാഘോഷം. ആഘോഷപരിപാടികൾക്ക് ശേഷം നന്ദനും സഹപ്രവർത്തകരായ മറ്റു മൂന്ന് ട്രെയിനർമാരും ജിമ്മിലെ അംഗമായ അനുഷിന്റെ ഫ്ലാറ്റിലേക്ക് പോവുകയും അവിടെ വെച്ച് വീണ്ടും ആഘോഷങ്ങൾ തുടരുകയുമായിരുന്നു. ആഘോഷത്തിനിടെ പ്രതികൾ ലഹരി ഉപയോഗിച്ചിരുന്നതായാണ് സംശയിക്കുന്നത്.

ഞായറാഴ്ച പുലർച്ചെ മൂന്നരയോടെ യുവാക്കൾ തമ്മിൽ രൂക്ഷമായ വാക്കുതർക്കവും കൈയാങ്കളിയുമുണ്ടായി. പരസ്പരമുണ്ടായ വൻ സംഘർഷത്തിലാണ് നന്ദന് മാരകമായി മർദനമേൽക്കുന്നതും കൊല്ലപ്പെടുന്നതും. ഫ്ലാറ്റിലെ ചില്ലുകളും വാഷ്ബേസിനും തകർത്ത നിലയിലാണ്. നന്ദന്റെ ശരീരത്തിൽ ഒട്ടേറെ മുറിവുകളുണ്ടെന്നും ശ്വാസംമുട്ടിച്ചാണോ കൊലപാതകം നടത്തിയത് എന്ന് സംശയമുണ്ടെന്നും പോലീസ് വ്യക്തമാക്കി. സംഘർഷത്തിൽ പ്രതികൾക്കും പരിക്കേറ്റിട്ടുണ്ട്.

അതേസമയം, ഫ്ലാറ്റുടമയായ അനുഷിനെതിരെയും നന്ദന്റെ അമ്മ പരാതി നൽകിയിട്ടുണ്ട്. എന്നാൽ ഇയാളുടെ പങ്ക് അന്വേഷിച്ചു വരികയാണെന്നാണ് പോലീസ് പറയുന്നത്. സംഭവസമയം താൻ ഉറങ്ങുകയായിരുന്നുവെന്നും രാവിലെ എഴുന്നേറ്റപ്പോഴാണ് നന്ദനെ അബോധാവസ്ഥയിൽ കണ്ടെതെന്നും അനുഷ് മൊഴി നൽകി. ഉടൻ തന്നെ ആംബുലൻസ് വിളിച്ച് ആശുപത്രിയിൽ എത്തിച്ചെങ്കിലും അതിനോടകം നന്ദൻ മരണപ്പെട്ടിരുന്നു. കൊലപാതകത്തിന് പിന്നിലെ കാരണം ഇതുവരെ വ്യക്തമായിട്ടില്ലെന്നും പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുമെന്നും കേസ് അന്വേഷിക്കുന്ന അമൃതഹള്ളി പോലീസ് അറിയിച്ചു.

**English Summary:**

A 25-year-old gym trainer from Kerala was beaten to death by his colleagues during a first-anniversary celebration in Bengaluru. Police have arrested three fellow trainers and are investigating the role of a gym member who hosted the gathering.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/385670/gym-trainer-killed-bengaluru-anniversary-party)