---
title: "ബിജെപിയെ മുൾമുനയിൽ നിർത്തി റിവേഴ്സ് ഗിയർ; വാട്സ്ആപ്പ് ഗ്രൂപ്പിലിട്ട രാജി സന്ദേശം പിൻവലിച്ച് ആർ ശ്രീലേഖ"
english_title: "R. Sreelekha Withdraws Resignation Message, Easing BJP Tensions"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/385513/r-sreelekha-withdraws-resignation-message"
published_at: "2026-10-04T20:19:00+05:30"
category: "Politics"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac267ca5b0bf_r-sreelekha-withdraws-resignation-message.jpg"
keywords: ["RShreelekha", "BJP", "Thiruvananthapuram", "WhatsAppGroup", "KeralaPolitics"]
---

# ബിജെപിയെ മുൾമുനയിൽ നിർത്തി റിവേഴ്സ് ഗിയർ; വാട്സ്ആപ്പ് ഗ്രൂപ്പിലിട്ട രാജി സന്ദേശം പിൻവലിച്ച് ആർ ശ്രീലേഖ

> **Lead Summary:** **തിരുവനന്തപുരം: **മുൻ ഡി.ജി.പിയും ബി.ജെ.പി കൗൺസിലറുമായ ആർ. ശ്രീലേഖയുടെ രാജി പ്രഖ്യാപനത്തിൽ നാടകീയ തിരിവുകൾ. ശാസ്തമംഗലം വാർഡ് ഗ്രൂപ്പിൽ ഇട്ട രാജി സന്ദേശം പിൻവലിച്ച് ശ്രീലേഖ ബി.ജെ.പി നേതൃത്വത്തിന് ആശ്വാസമേകി. കൗൺസിലർ സ്ഥാനം രാജിവെക്കുന്നതായി വ്യക്തമാക്കിക്കൊണ്ട് വാട്സ്ആപ്പ് ഗ്രൂപ്പിൽ പങ്കുവെച്ച കുറിപ്പാണ് മണിക്കൂറുകൾക്കകം പിൻവലിക്കപ്പെട്ടത്. ബി.ജെ.പി സംസ്ഥാന നേതൃത്വത്തിന്റെ ദ്രുതഗതിയിലുള്ള ഇടപെടലിനെയും അനുനയ നീക്കങ്ങളെയും തുടർന്നാണ് ഈ പിന്മാറ്റം.

## Article Content

**തിരുവനന്തപുരം: **മുൻ ഡി.ജി.പിയും ബി.ജെ.പി കൗൺസിലറുമായ ആർ. ശ്രീലേഖയുടെ രാജി പ്രഖ്യാപനത്തിൽ നാടകീയ തിരിവുകൾ. ശാസ്തമംഗലം വാർഡ് ഗ്രൂപ്പിൽ ഇട്ട രാജി സന്ദേശം പിൻവലിച്ച് ശ്രീലേഖ ബി.ജെ.പി നേതൃത്വത്തിന് ആശ്വാസമേകി. കൗൺസിലർ സ്ഥാനം രാജിവെക്കുന്നതായി വ്യക്തമാക്കിക്കൊണ്ട് വാട്സ്ആപ്പ് ഗ്രൂപ്പിൽ പങ്കുവെച്ച കുറിപ്പാണ് മണിക്കൂറുകൾക്കകം പിൻവലിക്കപ്പെട്ടത്. ബി.ജെ.പി സംസ്ഥാന നേതൃത്വത്തിന്റെ ദ്രുതഗതിയിലുള്ള ഇടപെടലിനെയും അനുനയ നീക്കങ്ങളെയും തുടർന്നാണ് ഈ പിന്മാറ്റം.

തിരുവനന്തപുരം കോർപ്പറേഷനിൽ വളരെ നേരിയ ഭൂരിപക്ഷത്തിൽ ഭരണം നടത്തുന്ന ബി.ജെ.പിയെ കടുത്ത സമ്മർദ്ദത്തിലാക്കിയായിരുന്നു ആർ. ശ്രീലേഖയുടെ രാജി പ്രഖ്യാപനം. മേയർ സ്ഥാനത്തേക്ക് പരിഗണിക്കാത്തതിലുള്ള അതൃപ്തിയാണ് രാജിക്കു പിന്നിലെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. രാജിക്കത്ത് ലഭിച്ചതായി ആദ്യം സമ്മതിച്ച മേയർ വി.വി. രാജേഷ്, നേതൃത്വത്തിന്റെ ഇടപെടലോടെ നിലപാട് മാറ്റി. ശ്രീലേഖ കൗൺസിലറായി തുടരുമെന്നും ഭരണപരമായ പ്രശ്നങ്ങളില്ലെന്നും മേയർ പിന്നീട് വ്യക്തമാക്കി.

നിലവിൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ശ്രീലേഖയെ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറും ജനറൽ സെക്രട്ടറി എസ്. സുരേഷും സന്ദർശിച്ചു. ആരോഗ്യപരമായ ബുദ്ധിമുട്ടുകൾ കാരണം കൗൺസിലറുടെ ചുമതലകൾ കൃത്യമായി നിർവഹിക്കാൻ കഴിയുന്നില്ലെന്ന ഉത്കണ്ഠ മാത്രമാണ് ശ്രീലേഖ പങ്കുവെച്ചതെന്നും, പ്രശ്നങ്ങൾ പരിഹരിച്ചതായും എസ്. സുരേഷ് വ്യക്തമാക്കുകയുണ്ടായി. അതേസമയം, ആർ. ശ്രീലേഖയുടെ രാജി നീക്കവും അതിനുശേഷമുള്ള പിന്മാറ്റവും വെറും 'രാഷ്ട്രീയ നാടകം' മാത്രമാണെന്ന വിമർശനവുമായി കോൺഗ്രസ്, സി.പി.ഐ.എം നേതാക്കൾ രംഗത്തെത്തിയിട്ടുണ്ട്.

** English Summary:**

Former DGP and BJP councillor R. Sreelekha withdrew her resignation message from a WhatsApp group after swift intervention by BJP leaders. The episode, linked to reported dissatisfaction over not being considered for the mayor post, has drawn criticism from Congress and CPI(M) as political drama.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/385513/r-sreelekha-withdraws-resignation-message)