---
title: "പുതിയ പേരുകളുമായി ലഡാക്ക്; സഞ്ചാരികളുടെ ശ്രദ്ധ കവരാൻ 28 ഭൂപ്രദേശങ്ങൾ"
english_title: "Ladakh’s 28 Landmarks Get Official Names in India’s New Mapping Move"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/385255/ladakh-official-names-28-geographic-features"
published_at: "2026-10-02T22:52:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6abfe8c254ada_ladakh-official-names-28-geographic-features.jpg"
keywords: ["LadakhNews", "GeographyUpdate", "SurveyOfIndia", "BorderRegion", "IndiaChina"]
---

# പുതിയ പേരുകളുമായി ലഡാക്ക്; സഞ്ചാരികളുടെ ശ്രദ്ധ കവരാൻ 28 ഭൂപ്രദേശങ്ങൾ

> **Lead Summary:** ന്യൂഡൽഹി: മഞ്ഞുമൂടിയ കൊടുമുടികളും മലനിരകളും ചുരങ്ങളും ഹിമാനികളും താഴ്‌വരകളും തടാകങ്ങളും ഉൾപ്പെടെ ലഡാക്കിലെ 28 സ്ഥലങ്ങൾക്കും വിവിധ ഭൂപ്രദേശങ്ങൾക്കും ഇന്ത്യ ഔദ്യോഗിക പേരുകൾ നൽകി.

## Article Content

ന്യൂഡൽഹി: മഞ്ഞുമൂടിയ കൊടുമുടികളും മലനിരകളും ചുരങ്ങളും ഹിമാനികളും താഴ്‌വരകളും തടാകങ്ങളും ഉൾപ്പെടെ ലഡാക്കിലെ 28 സ്ഥലങ്ങൾക്കും വിവിധ ഭൂപ്രദേശങ്ങൾക്കും ഇന്ത്യ ഔദ്യോഗിക പേരുകൾ നൽകി.

സർവേ ഓഫ് ഇന്ത്യയുടെ ഔദ്യോഗിക ഭൂപടങ്ങളിൽ പുതിയ പേരുകൾ ഉൾപ്പെടുത്തിയതോടെ ലഡാക്കിന്റെ ഭൂപ്രകൃതിയിലെ ഈ ഇടങ്ങൾ കൂടുതൽ ശ്രദ്ധ നേടുകയാണ്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ ലഡാക്ക് കേന്ദ്രഭരണ പ്രദേശത്തെ ഭരണകൂടവുമായി ആലോചിച്ചാണ് സ്ഥലങ്ങൾ തിരിച്ചറിഞ്ഞത്.

സാഹസിക യാത്രകളും പ്രകൃതിദൃശ്യങ്ങളും ഇഷ്ടപ്പെടുന്നവരുടെ ശ്രദ്ധ ആകർഷിക്കുന്ന തരത്തിലുള്ള വൈവിധ്യമാർന്ന ഭൂപ്രദേശങ്ങളാണ് പട്ടികയിലുള്ളത്. അതിഷ ഗിരി, കനിഷ്ക പീക്ക്, മാർത്താണ്ഡ ഗിരി, സോറാവർ പീക്ക്, റിൻചെൻ സാങ്പോ, സാക്യശ്രീ ഗിരി, മാർപ ലോത്സാവ റി, മിലാരെപ കാങ്‌രി, ശിവ റി, മഹേശ്വര റി എന്നിവയാണ് പേരിട്ട പ്രധാന കൊടുമുടികൾ.

കരുണ്‍ പീർ, ഡ്രാക് കാർപ്പോ, ജോൽമോരി എന്നിവ മലനിരകളുടെ പട്ടികയിലും ചാപ്ചിംഗൽ പാസ്, ഷാച്മിർക്ക് പാസ് എന്നിവ ചുരങ്ങളുടെ പട്ടികയിലുമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. പാർപിക്, സ്കാംറി എന്നിവയാണ് പേരിട്ട ഹിമാനികൾ. ഷ്കോർഗ വാലി, യാങ്പ നദി, ഗുരു റിൻപോച്ചെ തടാകം, ഹോട്ട് സ്പ്രിംഗ് എന്നിവയും പട്ടികയിൽ ഇടം നേടി.

2020ലെ ഗാൽവൻ സംഘർഷത്തിന് പിന്നാലെ ഇന്ത്യ-ചൈന സൈനികർ തമ്മിൽ സംഘർഷാവസ്ഥ നിലനിന്നിരുന്ന ഗോഗ്ര, ഹോട്ട് സ്പ്രിംഗ് പ്രദേശങ്ങളും പുതിയ പേരുകളുള്ള പട്ടികയിലുണ്ട്.

കിഴക്കൻ ലഡാക്കിലെ യഥാർഥ നിയന്ത്രണരേഖയിൽ ഇന്ത്യയുടെയും ചൈനയുടെയും സൈനിക സാന്നിധ്യം ഇപ്പോഴും തുടരുകയാണ്. വിവിധ ഘട്ടങ്ങളിലായി നടന്ന സൈനിക, നയതന്ത്ര ചർച്ചകൾക്ക് ശേഷം ചില മേഖലകളിൽ സൈനിക പിൻമാറ്റം നടന്നിട്ടുണ്ട്.

സർവേ ഓഫ് ഇന്ത്യയുടെ ഭൂപടത്തിൽ ഈ സ്ഥലങ്ങളെ ഔദ്യോഗികമായി തിരിച്ചറിയുന്നതിനും പൊതുജനങ്ങൾക്ക് കൂടുതൽ പരിചിതമാക്കുന്നതിനുമാണ് പേരുകൾ നൽകിയതെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ഔദ്യോഗിക പ്രസ്താവനയിൽ ചൈനയെയോ അതിർത്തി തർക്കത്തെയോ നേരിട്ട് പരാമർശിച്ചിട്ടില്ല.

അരുണാചൽ പ്രദേശിലെ സ്ഥലങ്ങൾക്ക് ചൈന ചൈനീസ് പേരുകൾ നൽകുകയും പ്രദേശത്തിന്മേൽ അവകാശവാദം ഉന്നയിക്കുകയും ചെയ്തിരുന്നു. ഇന്ത്യ ഈ പേരുമാറ്റവും ചൈനയുടെ അവകാശവാദങ്ങളും തള്ളുകയും അരുണാചൽ പ്രദേശ് ഇന്ത്യയുടെ അവിഭാജ്യ ഭാഗമാണെന്ന് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.

India has officially assigned names to 28 geographic features in Ladakh, including peaks, passes, glaciers, valleys and lakes. The move, reflected in Survey of India maps, is intended to formally identify these locations and make them more familiar to the public.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/385255/ladakh-official-names-28-geographic-features)