---
title: "ആയുർവേദ ഉൽപ്പന്ന വിൽപ്പനയ്ക്കെത്തിയ യുവതികളെ ബലമായി ഓട്ടോറിക്ഷയിൽ കയറ്റി; കത്തിവീശി ഭീഷണിപ്പെടുത്തി, പീഡിപ്പിക്കാൻ ശ്രമിച്ച പ്രതി റിമാൻഡിൽ"
english_title: "Pathanamthitta Man Arrested for Allegedly Abducting Two Young Women"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/385071/pathanamthitta-man-arrested-for-allegedly-abducting-two-young-women"
published_at: "2026-10-01T21:05:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6abe855e07487_pathanamthitta-man-arrested-for-allegedly-abducting-two-young-women1.jpg"
keywords: ["Abduction Case", "Young Women", "Crime News", "Pathanamthitta News"]
---

# ആയുർവേദ ഉൽപ്പന്ന വിൽപ്പനയ്ക്കെത്തിയ യുവതികളെ ബലമായി ഓട്ടോറിക്ഷയിൽ കയറ്റി; കത്തിവീശി ഭീഷണിപ്പെടുത്തി, പീഡിപ്പിക്കാൻ ശ്രമിച്ച പ്രതി റിമാൻഡിൽ

> **Lead Summary:** പത്തനംതിട്ട: യുവതികളെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ച പ്രതിയെ പിടികൂടി. വീടുകൾ തോറും കയറിയിറങ്ങി ആയുർവേദ ഉൽപ്പന്നങ്ങൾ വിൽക്കുന്ന രണ്ട് യുവതികളെ പത്തനംതിട്ട കെഎസ്ആര്‍ടിസി ബസ്റ്റാൻഡിന് സമീപത്തു നിന്നും നിർബന്ധിച്ച് പെട്ടി ഓട്ടോറിക്ഷയിൽ കയറ്റിക്കൊണ്ടുപോവുകയായിരുന്നു ഇയാള്‍.

## Article Content

പത്തനംതിട്ട: യുവതികളെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ച പ്രതിയെ പിടികൂടി. വീടുകൾ തോറും കയറിയിറങ്ങി ആയുർവേദ ഉൽപ്പന്നങ്ങൾ വിൽക്കുന്ന രണ്ട് യുവതികളെ പത്തനംതിട്ട കെഎസ്ആര്‍ടിസി ബസ്റ്റാൻഡിന് സമീപത്തു നിന്നും നിർബന്ധിച്ച് പെട്ടി ഓട്ടോറിക്ഷയിൽ കയറ്റിക്കൊണ്ടുപോവുകയായിരുന്നു ഇയാള്‍.

തുടര്‍‌ന്ന് പല സ്ഥലങ്ങളിലും കറങ്ങി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. പ്രതിയെ പത്തനംതിട്ട പൊലീസാണ് അറസ്റ്റ് ചെയ്തത്. പുറമറ്റം വില്ലേജിൽ വെണ്ണിക്കുളം എന്ന സ്ഥലത്ത് ചെറുവള്ളിപ്പാറ വീട്ടിൽ പ്രവീൺ ദാമോദരൻ (30) ആണ് പിടിയിലായത്.

അടൂരിലെ സ്വകാര്യ സ്ഥാപനത്തിൽ നിന്നും ആയുർവേദ ഉത്പന്നങ്ങൾ വീടുകൾതോറും കയറിയിറങ്ങി വിൽപ്പന നടത്തുന്ന 18 വയസ്സുള്ള വയനാട് സ്വദേശിനിയും 20 വയസ്സുള്ള റാന്നി സ്വദേശിനിയും ആയ രണ്ട് യുവതികളെയാണ് ഇയാൾ നിർബന്ധിച്ച വാഹനത്തിൽ കയറ്റി കൊണ്ടുപോയതും പലയിടങ്ങളിലായി കറങ്ങി നടന്ന് പീഡിപ്പിക്കാൻ ശ്രമിച്ചതും.

വാഹനം ഓടുന്നതിനിടെ ഇടയ്ക്കിടെ ഇയാൾ കത്തിയെടുത്ത് പെൺകുട്ടികളെ കാണിച്ചിരുന്നു . ഇക്കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് ഇയാൾ യുവതികളെ നിർബന്ധിച്ച് വാഹനത്തിൽ കയറ്റിക്കൊണ്ട് പോയത്.

വൈകുന്നേരം 4.45 മണിയോടെ തടിയൂർ എന്ന സ്ഥലത്ത് ഇറക്കിവിട്ടു. രാത്രിയോടെ പത്തനംതിട്ട വനിതാ പോലീസ് സ്റ്റേഷനിൽ എത്തി വിവരം പറഞ്ഞ യുവതികളിൽ ഒരാളുടെ മൊഴി സ്റ്റേഷൻ ഹൗസ് ഓഫീസർ ഷെമിമോൾ രേഖപ്പെടുത്തുകയും പത്തനംതിട്ട പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്യുകയും ആയിരുന്നു.

ഉടൻതന്നെ അന്വേഷണം ആരംഭിച്ചു. പത്തനംതിട്ട സ്റ്റേഷനിലെ പോലീസ് സംഘം വളരെ വേഗം പ്രതിയെ കസ്റ്റഡിയിൽ എടുക്കുകയും ബുധനാഴ്ച രാത്രിയോടെ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു.

പ്രതി മുൻപും സമാന രീതിയിലുള്ള കുറ്റകൃത്യം ചെയ്തിട്ടുള്ള ആളാണെന്ന് പത്തനംതിട്ട എസ്.എച്ച്.ഒ അരുൺ ജി പറഞ്ഞു. ഇക്കഴിഞ്ഞ ഏപ്രിൽ മാസം പത്താം തീയതി അടൂർ ബസ്റ്റാൻഡിൽ വച്ച് പരിചയപ്പെട്ട വീടുകൾതോറും സാധനങ്ങൾ വിൽക്കുന്ന വടശ്ശേരിക്കര സ്വദേശിനിയായ 27കാരിയെയും ഇയാൾ ഇതേ രീതിയിൽ ബൈക്കിൽ കയറ്റിക്കൊണ്ട് പോവുകയും പന്തളം കുളനട മാന്തുകയ്ക്ക് സമീപം വച്ച് പീഡിപ്പിക്കാൻ ശ്രമിക്കുകയും ഒരു പവനിൽ അധികം വരുന്ന സ്വർണമാല അപഹരിക്കുകയും ചെയ്തിരുന്നു.

പത്തനംതിട്ട സർക്കിൾ ഇൻസ്പെക്ടർ അരുൺ ജി , എസ്ഐ അനീഷ് എബ്രഹാം (എസ്എച്ഒ), എസ്ഐ ബിനോജ് , എസ്ഐ ഹരികൃഷ്ണൻ സിപിഒ മാരായ മിഥുൻ,അജയ് മോഹൻ എന്നിവർ അടങ്ങിയ പത്തനംതിട്ട സ്റ്റേഷനിലെ പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത് പത്തനംതിട്ട ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

**English Summary:**

A 30-year-old man, Praveen Damodaran, was arrested by Pathanamthitta police in a case involving the alleged forced abduction of two young women who were selling Ayurvedic products door-to-door. Police said the women were allegedly forced into a box autorickshaw near the Pathanamthitta KSRTC bus stand and taken to several places, where an attempt was allegedly made to assault them. Police also said the accused had allegedly been involved in a similar incident in April. He was produced before the Judicial First Class Magistrate Court in Pathanamthitta and remanded.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/385071/pathanamthitta-man-arrested-for-allegedly-abducting-two-young-women)