---
title: "‘ഈ കളി അവസാനിപ്പിച്ചില്ലെങ്കിൽ ക്രമസമാധാനത്തിന് ഭീഷണി’: തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: നടന്നത് ഏകപക്ഷീയമായ ആക്രമണം' - പിണറായി വിജയന്‍"
english_title: "University College Hostel Clash: Pinarayi Vijayan Alleges One-Sided Attack by Youth Congress"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/384925/university-college-hostel-clash-pinarayi-vijayan-youth-congress-allegation"
published_at: "2026-09-30T23:15:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6abd4b2071a9c_IMG_4016.jpeg"
keywords: ["University College Hostel Clash", "Pinarayi Vijayan", "University College", "Youth Congress", "SFI", "Thiruvananthapuram"]
---

# ‘ഈ കളി അവസാനിപ്പിച്ചില്ലെങ്കിൽ ക്രമസമാധാനത്തിന് ഭീഷണി’: തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: നടന്നത് ഏകപക്ഷീയമായ ആക്രമണം' - പിണറായി വിജയന്‍

> **Lead Summary:** തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷത്തില്‍ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. 

## Article Content

തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷത്തില്‍ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. 

നടന്നത് ഏകപക്ഷീയമായ ആക്രമണമാണെന്ന് പിണറായി വിജയന്‍ പറഞ്ഞു. എസ്എഫ്‌ഐക്കാര്‍ പ്രകോപനം ഉണ്ടാക്കിയിട്ടില്ല. ഹോസ്റ്റലില്‍ ഉണ്ടായിരുന്ന വിദ്യാര്‍ത്ഥികളെയാണ് പൊലീസ് മര്‍ദിച്ചത്. 

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഹോസ്റ്റലിലേക്ക് തീപ്പന്തം എറിഞ്ഞു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റാനുള്ള ശ്രമവും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞുവെന്നും പിണറായി വിജയന്‍ പറഞ്ഞു. 

സംഭവ സ്ഥലത്തെത്തി നേതാക്കളോടും വിദ്യാർത്ഥികളോടും വിവരങ്ങൾ ആരാഞ്ഞ ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു പിണറായി വിജയന്‍.

നേരത്തേ തീരുമാനിച്ചതിന്റെ ഭാഗമായാണ് യൂത്ത് കോണ്‍ഗ്രസ് ആക്രമണമെന്ന് ഉറപ്പാണെന്ന് പിണറായി വിജയന്‍ പറഞ്ഞു. യൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റല്‍ മുന്‍പ് പലഘട്ടങ്ങളിലും കോണ്‍ഗ്രസും യൂത്ത് കോണ്‍ഗ്രസും കെഎസ്‌യുവും ലക്ഷ്യമിട്ടിട്ടുണ്ട്. 

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൈവശമുണ്ടായിരുന്ന തീപ്പന്തം ഹോസ്റ്റലിന് അകത്തേയ്ക്ക് എറിയുകയായിരുന്നു. പൊലീസിന് മറ്റൊരു വേര്‍ഷനും ഇതുമായി ബന്ധപ്പെട്ട് പറയാനില്ല. 

ഏകപക്ഷീയമായ ആക്രമണം യൂത്ത് കോണ്‍ഗ്രസിന്റെ ഭാഗത്തുനിന്ന് ഉണ്ടായി എന്നുമാത്രമല്ല, പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിക്കുന്നത് തടയാനും ശ്രമിച്ചു. 

ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടിയവരെയും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞു. മെഡിക്കല്‍ കോളേജിലേക്ക് പോയ വിദ്യാര്‍ത്ഥികളെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആക്രമിച്ചു. 

എസ്എഫ്‌ഐയുടെ സംസ്ഥാന സെക്രട്ടറിക്കടക്കം മര്‍ദമേറ്റു. ഇത് തീര്‍ത്തും കാടത്തമാണ്. ഒരു സംഘടനയും നടത്താന്‍ പാടില്ലാത്ത വിധത്തിലുള്ള ആക്രമണമാണ് യൂത്ത് കോണ്‍ഗ്രസ് നടത്തിയത്. 

ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയരും. ഈ കളി അവസാനിപ്പിച്ചില്ലെങ്കില്‍ നാടിന്റെ ക്രമസമാധാനത്തിന് ഭീഷണിയാകും.

ഭീഷണി ഉയര്‍ത്തുന്ന ഭരണകക്ഷിയുടെ യുവജന വിഭാഗമാണെന്ന് എന്നത് എല്ലാവരും ഓര്‍ക്കണമെന്നും പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു.

English Summary:

Pinarayi Vijayan described the University College hostel clash in Thiruvananthapuram as a one-sided attack and alleged that Youth Congress workers targeted students and threw fireballs into the hostel. He said SFI workers had not provoked the incident and alleged that police assaulted students inside the hostel. Vijayan further alleged that injured students were prevented from being taken to hospitals and that students travelling to the Medical College were attacked. He said the incident was unacceptable and warned that continued violence could threaten law and order.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/384925/university-college-hostel-clash-pinarayi-vijayan-youth-congress-allegation)