---
title: "'പടം വൻ പരാജയം! വീട്ടുകാരുടെ കണ്ണീരും നാട്ടുകാരുടെ ശാപവും'; അശ്വന്ത് കോക്കിന്റെ അറസ്റ്റിൽ കേരള പൊലീസിന്റെ കിടിലൻ 'റിവ്യൂ' ട്രോൾ "
english_title: "Kerala Police Viral Review Post After YouTuber Aswanth Kok Arrested For Drunk Driving"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/384734/kerala-police-review-post-aswath-kok-arrest"
published_at: "2026-09-29T16:35:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6abb9dcac6b8a_kerala-police-review-post-aswath-kok-arrest.jpg"
keywords: ["Aswanth Kok Arrest", "Kerala Police Troll", "Drink and Drive", "Kerala Police"]
---

# 'പടം വൻ പരാജയം! വീട്ടുകാരുടെ കണ്ണീരും നാട്ടുകാരുടെ ശാപവും'; അശ്വന്ത് കോക്കിന്റെ അറസ്റ്റിൽ കേരള പൊലീസിന്റെ കിടിലൻ 'റിവ്യൂ' ട്രോൾ 

> **Lead Summary:** കോഴിക്കോട്: മദ്യപിച്ച് വാഹനാപകടമുണ്ടാക്കിയ യൂട്യൂബർ അശ്വന്ത് കോക്കിന്റെ അറസ്റ്റിന് പിന്നാലെ, അദ്ദേഹത്തിന്റെ സിനിമാ റിവ്യൂ ശൈലി അനുകരിച്ച് കേരള പൊലീസ് പങ്കുവെച്ച ബോധവൽക്കരണ പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. കോഴിക്കോട് നടക്കാവ് എരഞ്ഞിപ്പാലത്തിന് സമീപം വച്ച് അശ്വന്ത് കോക്ക് ഓടിച്ചിരുന്ന വാഹനം കാറിലും ബൈക്കിലും ഇടിച്ച് അപകടമുണ്ടാക്കിയതിനെ തുടർന്നാണ് പൊലീസ് നടപടി.

## Article Content

കോഴിക്കോട്: മദ്യപിച്ച് വാഹനാപകടമുണ്ടാക്കിയ യൂട്യൂബർ അശ്വന്ത് കോക്കിന്റെ അറസ്റ്റിന് പിന്നാലെ, അദ്ദേഹത്തിന്റെ സിനിമാ റിവ്യൂ ശൈലി അനുകരിച്ച് കേരള പൊലീസ് പങ്കുവെച്ച ബോധവൽക്കരണ പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. കോഴിക്കോട് നടക്കാവ് എരഞ്ഞിപ്പാലത്തിന് സമീപം വച്ച് അശ്വന്ത് കോക്ക് ഓടിച്ചിരുന്ന വാഹനം കാറിലും ബൈക്കിലും ഇടിച്ച് അപകടമുണ്ടാക്കിയതിനെ തുടർന്നാണ് പൊലീസ് നടപടി.

നാട്ടുകാർ തടഞ്ഞുവെച്ചതിനെ തുടർന്ന് പൊലീസെത്തി ഇയാളെ കസ്റ്റഡിയിലെടുക്കുകയും വൈദ്യപരിശോധനയ്ക്ക് വിധേയനാക്കുകയും ചെയ്തിരുന്നു. ഈ സംഭവത്തിന് പിന്നാലെയാണ് 'ഡ്രിങ്ക് & ഡ്രൈവ്: ഒരു അനാവശ്യ ത്രില്ലർ' എന്ന പേരിൽ കേരള പൊലീസ് ഔദ്യോഗിക പേജിൽ ട്രോൾ രൂപത്തിലുള്ള വേറിട്ട ബോധവൽക്കരണ പോസ്റ്റ് പങ്കുവെച്ചത്.

**പോസ്റ്റിന്റെ പൂർണരൂപം
**

***കഥ: സ്ഥിരം അബദ്ധം, ഒട്ടും യുക്തിയില്ലാത്ത തിരക്കഥ***

***ക്ലൈമാക്സ്: ഒന്നുകിൽ ലോക്കപ്പ്, അല്ലെങ്കിൽ ഹോസ്പിറ്റൽ***

***പ്രൊഡക്ഷൻ കോസ്റ്റ്: പിഴ, ആശുപത്രി ചെലവ്***

***ഓഡിയൻസ് റെസ്പോൺസ്: വീട്ടുകാരുടെ കണ്ണീരും നാട്ടുകാരുടെ ശാപവും***

***ഫസ്റ്റ് ഹാഫ്: ഫുൾ സ്പീഡ്***

***സെക്കൻഡ് ഹാഫ്: ഫൈനും കേസും***

***പടം വൻ പരാജയം!***

***മദ്യപിച്ച് വാഹനം ഓടിക്കുന്നത് ഒരു തമാശയോ സാഹസമോ അല്ല. സ്വന്തം ജീവൻ മാത്രമല്ല, റോഡിലെ മറ്റ് യാത്രക്കാരുടെയും സുരക്ഷയാണ് ഇതിലൂടെ അപകടത്തിലാകുന്നത്. ഒരു തെറ്റായ തീരുമാനം പലരുടെയും ജീവിതത്തെ ബാധിച്ചേക്കാം. അതുകൊണ്ട് മദ്യപിച്ചാൽ ഡ്രൈവ് ചെയ്യരുത്, സുരക്ഷിതമായി വീട്ടിലെത്താനുള്ള മറ്റൊരു വഴി തിരഞ്ഞെടുക്കൂ.*****

തിങ്കളാഴ്ച രാത്രി ഏഴരയോടെയാണ് അശ്വന്ത് കോക്കിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. കോഴിക്കോട് എരഞ്ഞിപ്പാലത്ത് വെച്ച് മദ്യപിച്ചുകൊണ്ട് വാഹനമോടിച്ച് അപകടം സൃഷ്ട്ടിച്ചതിനെത്തുടർന്ന് നാട്ടുകാർ അശ്വന്തിന്റെ വാഹനം തടഞ്ഞുവെക്കുകയായിരുന്നു. തുടർന്ന് സ്ഥലത്തെത്തിയ നടക്കാവ് പൊലീസ്, വാഹനത്തിൽ നിന്ന് ഇറക്കുമ്പോൾ ലക്കുകെട്ട അവസ്ഥയിലായിരുന്ന അശ്വന്തിനെ കസ്റ്റഡിയിലെടുത്തു. ശേഷം വൈദ്യപരിശോധനക്ക് വിധേയനാക്കി. അപകടത്തിൽപ്പെട്ട വാഹനങ്ങളുടെ ഉടമകൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത പൊലീസ്, പിന്നീട് ഇയാളെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.

സ്വന്തം ജീവൻ മാത്രമല്ല, റോഡിലെ മറ്റ് നിരപരാധികളുടെ ജീവുകൂടിയാണ് ഇത്തരം പ്രവൃത്തികളിലൂടെ അപകടത്തിലാകുന്നതെന്നും ഒരു നിമിഷത്തെ തെറ്റായ തീരുമാനം ജീവിതം തകർത്തേക്കാമെന്നും പോസ്റ്റിൽ ഓർമ്മിപ്പിക്കുന്നു

English Summary:**

Following the arrest of popular Malayalam YouTuber and film reviewer Aswanth Kok for drunk driving after his vehicle collided with a car and a bike in Kozhikode, the Kerala Police shared a creative and viral social media post mimicking a film review to raise awareness against driving under the influence

### Related Links & Sources
- [Original Story Source](https://truevisionnews.com/news/384734/kerala-police-review-post-aswath-kok-arrest)