---
title: "കേരള യുവ സംരംഭകർക്ക് പൂർണ പിന്തുണ; ‘വൺ സ്റ്റേറ്റ്, വൺ അപ്രൂവൽ’ നയം നടപ്പാക്കുമെന്ന് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി"
english_title: "PK Kunhalikutty Announces Full Government Support for Young Entrepreneurs in Kerala"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/384437/pk-kunhalikutty-announces-full-government-support-for-young-entrepreneurs-in-kerala"
published_at: "2026-09-27T20:15:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab92c04e8983_PK_Kunhalikutty_Announces_Full_Government_Support_for_Young_Entrepreneurs_in_Kerala.jpg"
keywords: ["PK Kunhalikutty", "Kerala Young Entrepreneurs", "RAMP", "MSME", "Entrepreneurship", "One State One Approval", "Industry Department"]
---

# കേരള യുവ സംരംഭകർക്ക് പൂർണ പിന്തുണ; ‘വൺ സ്റ്റേറ്റ്, വൺ അപ്രൂവൽ’ നയം നടപ്പാക്കുമെന്ന് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി

> **Lead Summary:** കോഴിക്കോട്: ചെറുതും വലുതുമായ സംരംഭങ്ങൾ ആരംഭിക്കാൻ മുന്നോട്ടുവരുന്ന പുതിയ തലമുറയ്ക്ക് ആവശ്യമായ എല്ലാ പിന്തുണയും സർക്കാറിന്റെ ഭാഗത്തുനിന്നുണ്ടാകുമെന്ന് വ്യവസായ, ഐ.ടി, എ.ഐ. വകുപ്പ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി.

## Article Content

കോഴിക്കോട്: ചെറുതും വലുതുമായ സംരംഭങ്ങൾ ആരംഭിക്കാൻ മുന്നോട്ടുവരുന്ന പുതിയ തലമുറയ്ക്ക് ആവശ്യമായ എല്ലാ പിന്തുണയും സർക്കാറിന്റെ ഭാഗത്തുനിന്നുണ്ടാകുമെന്ന് വ്യവസായ, ഐ.ടി, എ.ഐ. വകുപ്പ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി.

സംസ്ഥാനത്തെ യുവ സംരംഭകർക്കിടയിൽ സാങ്കേതികവിദ്യാധിഷ്ഠിത ഉൽപ്പാദന വ്യവസായങ്ങൾക്ക് കരുത്തേകുന്നതിനായി വ്യവസായ വാണിജ്യ ഡയറക്ടറേറ്റ് റാംപ് (RAMP) പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച ‘കേരള യുവ സംരംഭക സംഗമം’ (കേരള യങ് എന്റർപ്രണേഴ്‌സ് കോൺക്ലേവ് 2026) കോഴിക്കോട് കാലിക്കറ്റ് ട്രേഡ് സെന്ററിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

നിഷേധാത്മക ചിന്താഗതികൾ മാറ്റിവെച്ച് ‘ലോകത്ത് എന്തും ചെയ്യാൻ തങ്ങൾക്ക് കഴിയും’ എന്ന ആത്മവിശ്വാസത്തോടെ മുന്നേറുന്ന പുതിയ യുവതലമുറയാണ് സംസ്ഥാനത്തിന്റെ പ്രധാന കരുത്തെന്ന് മന്ത്രി പറഞ്ഞു.

ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ ഏത് ഗ്രാമത്തിലെ ഉൽപ്പന്നത്തിനും ലോകവിപണി എവിടെയെന്ന് എളുപ്പത്തിൽ കണ്ടെത്താനാകുമെന്നും അദ്ദേഹം പറഞ്ഞു. ഗുണനിലവാരമുള്ള പാക്കിംഗും മികച്ച വിപണന രീതികളും ഉറപ്പാക്കിയാൽ ഗ്രാമീണ മേഖലയിലെ ചെറുകിട യൂണിറ്റുകൾക്ക് പോലും വലിയ നേട്ടങ്ങൾ കൈവരിക്കാനാകുമെന്നും മന്ത്രി വ്യക്തമാക്കി.

പഴയകാലത്തെ ആലസ്യം വെടിഞ്ഞ് ഉണർന്നു പ്രവർത്തിക്കുന്ന പുതിയ തലമുറയ്ക്ക് പൂർണ പിന്തുണയുമായി സർക്കാർ ഒപ്പമുണ്ടാകുമെന്നും യുവ സംരംഭകർക്കായി തുടർച്ചയായ ക്യാമ്പയിനുകളും സംഗമങ്ങളും സംഘടിപ്പിക്കുമെന്നും മന്ത്രി ഉറപ്പുനൽകി.

കേരളത്തിൽ നിന്നുള്ള നാടൻ ഉൽപ്പന്നങ്ങൾക്കും ഭക്ഷ്യവിഭവങ്ങൾക്കും ആഗോളതലത്തിൽ വലിയ വിപണിയുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി. നാടൻ പൊറോട്ട ഉൾപ്പെടെയുള്ള ഭക്ഷ്യോത്പന്നങ്ങൾ വിദേശ വിപണികളിലേക്ക് കയറ്റിയയക്കുന്ന ചടങ്ങിന് സാക്ഷിയായതിന്റെ അനുഭവവും അദ്ദേഹം പങ്കുവെച്ചു.

പണ്ടുമുതലേ വിദേശ വാണിജ്യ പാരമ്പര്യമുള്ള കേരളത്തിന് വിഴിഞ്ഞം തുറമുഖം പൂർണസജ്ജമാകുന്നതോടെ ആഗോള ഗതാഗതച്ചെലവ് കുറച്ച്, വലിയ തടസങ്ങളില്ലാതെ ഉൽപ്പന്നങ്ങൾ ലോകവിപണിയിൽ എത്തിക്കാൻ സാധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

വ്യവസായ സംരംഭങ്ങൾ ആരംഭിക്കുന്നതിനുള്ള തടസ്സങ്ങൾ പൂർണമായും ഒഴിവാക്കുന്നതിനായി ‘വൺ സ്റ്റേറ്റ്, വൺ അപ്രൂവൽ’ നയം സർക്കാർ നടപ്പാക്കുകയാണെന്നും മന്ത്രി പ്രഖ്യാപിച്ചു. അപേക്ഷ നൽകിയ ശേഷം ഫയലുകൾ കെട്ടിക്കിടക്കുന്ന രീതി ഇനി കേരളത്തിൽ ഉണ്ടാകില്ലെന്നും ഇതിനായി നിയമസഭയിൽ നിയമഭേദഗതികൾ കൊണ്ടുവന്ന് നിയമസാധുത നൽകുമെന്നും അദ്ദേഹം പറഞ്ഞു.

വ്യാവസായിക ആവശ്യങ്ങൾക്കായി ലാൻഡ് ബാങ്ക് രൂപീകരിക്കുന്നതിനൊപ്പം കെട്ടിടനിർമാണ തടസ്സങ്ങളും ഭൂമിയുമായി ബന്ധപ്പെട്ട മറ്റ് പ്രശ്നങ്ങളും പരിഹരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. വ്യവസായ വകുപ്പ് കഴിഞ്ഞദിവസം പുറത്തിറക്കിയ പുതിയ ഉത്തരവിലൂടെ ഇന്ത്യയിലെ ഏത് സംസ്ഥാനവും നൽകുന്നതിനേക്കാൾ മികച്ച നിക്ഷേപാനുകൂല്യങ്ങളും സബ്‌സിഡികളും ക്ലിയറൻസുകളും പ്രഖ്യാപിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങിൽ സംരംഭകരുമായി മന്ത്രി നേരിട്ട് സംവദിക്കുകയും അവർ ഉന്നയിച്ച വിവിധ വിഷയങ്ങൾക്ക് തത്സമയം പരിഹാര നിർദേശങ്ങൾ നൽകുകയും ചെയ്തു. കോഴിക്കോട് നോർത്ത് എം.എൽ.എ. അഡ്വ. കെ. ജയന്ത് അധ്യക്ഷത വഹിച്ചു. വ്യവസായ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ് ഉൾപ്പെടെയുള്ള വിശിഷ്ട വ്യക്തികളും 1,500-ഓളം എം.എസ്.എം.ഇ. പ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു.

ഇന്ററാക്ടീവ് പാനൽ ചർച്ചകൾ, വിജയകരമായ സംരംഭകരുടെ അനുഭവങ്ങൾ, സാങ്കേതിക സെഷനുകൾ എന്നിവയും കോൺക്ലേവിന്റെ ഭാഗമായി നടന്നു. പ്രമുഖ സ്റ്റാർട്ടപ്പുകൾ, സാങ്കേതിക സ്ഥാപനങ്ങൾ, ബാങ്കുകൾ, സർക്കാർ വകുപ്പുകൾ എന്നിവയുടെ 40-ഓളം പ്രദർശന സ്റ്റാളുകളും കോൺക്ലേവിൽ ഒരുക്കിയിരുന്നു.

**English Summary:**

> Industries, IT and AI Minister PK Kunhalikutty said the Kerala government will provide all necessary support to the new generation starting small and large enterprises. He was speaking at the Kerala Young Entrepreneurs Conclave 2026 in Kozhikode, organised under the RAMP project. The minister highlighted the global market potential of Kerala’s local products and said AI, quality packaging and effective marketing can help rural enterprises expand. He also announced the implementation of the “One State, One Approval” policy to remove hurdles in starting industries. Around 1,500 MSME representatives participated in the conclave.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/384437/pk-kunhalikutty-announces-full-government-support-for-young-entrepreneurs-in-kerala)