---
title: "ദേഹമാസകലം പരിക്ക്, സ്വകാര്യഭാഗം ഛേദിക്കപ്പെട്ട നിലയിൽ; ആശ്രമ കെട്ടിടത്തിൽ നിന്ന് വീണ് യുവസന്യാസി മരിച്ച നിലയിൽ "
english_title: "Vrindavan Gurukripa Kunj Ashram Sanyasi Fall Death Suicide Preliminary Police Probe Premanand Maharaj Disciple Rasik Dulari Sharan Deepak Lodhi"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/384319/vrindavan-gurukripa-kunj-ashram-sanyasi-fall-death-suicide-police-premanand-maharaj-disciple-deepak-lodhi"
published_at: "2026-09-26T16:30:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab7a6bd5aa90_vrindavan-gurukripa-kunj-ashram-sanyasi-fall-death-suicide-police-premanand-maharaj-disciple-deepak-lodhi.jpg"
keywords: ["Vrindavan Gurukripa Kunj ashram", "Found Dead", "Rasik Dulari Sharan Deepak Lodhi", "Suicide"]
---

# ദേഹമാസകലം പരിക്ക്, സ്വകാര്യഭാഗം ഛേദിക്കപ്പെട്ട നിലയിൽ; ആശ്രമ കെട്ടിടത്തിൽ നിന്ന് വീണ് യുവസന്യാസി മരിച്ച നിലയിൽ 

> **Lead Summary:** ലഖ്‌നൗ: ഉത്തർപ്രദേശിലെ വൃന്ദാവനത്തിലുള്ള ഗുരുകൃപാ കുഞ്ച് ആശ്രമത്തിൽ സന്യാസി കെട്ടിടത്തിൽനിന്ന് വീണുമരിച്ചു. സംഭവം ആത്മഹത്യയാണ് എന്നാണ് പോലീസിന്റെ പ്രാഥമികനിഗമനം.

## Article Content

ലഖ്‌നൗ: ഉത്തർപ്രദേശിലെ വൃന്ദാവനത്തിലുള്ള ഗുരുകൃപാ കുഞ്ച് ആശ്രമത്തിൽ സന്യാസി കെട്ടിടത്തിൽനിന്ന് വീണുമരിച്ചു. സംഭവം ആത്മഹത്യയാണ് എന്നാണ് പോലീസിന്റെ പ്രാഥമികനിഗമനം.

സന്ത് പ്രേമാനന്ദ് മഹാരാജിന്റെ ശിഷ്യൻ രസിക് ദുലാരി ശരൺ എന്നപേരിൽ അറിയപ്പെടുന്ന ദീപക് ലോധി (25) ആണ് മരിച്ചത്. വെള്ളിയാഴ്ച ആശ്രമത്തിന്റെ നാലാം നിലയിൽനിന്ന് താഴേക്കുവീണാണ് അന്ത്യം.

മധ്യപ്രദേശിലെ ജബൽപുർ സ്വദേശിയായ ലോധിയുടെ തലയ്ക്കും ശരീരത്തിലെ മറ്റ് ഭാഗങ്ങൾക്കും ഗുരുതരമായി പരിക്കേറ്റിരുന്നു. അദ്ദേഹത്തിന്റെ സ്വകാര്യഭാഗങ്ങൾ ഛേദിക്കപ്പെട്ട നിലയിലായിരുന്നു.

ആശ്രമത്തിൽനിന്ന് ഗുരുതരമായി പരിക്കേറ്റ നിലയിൽ ഒരാളെ രാവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി വിവരം ലഭിച്ചതിനെ തുടർന്നാണ് പോലീസ് അവിടെ എത്തിയതെന്ന് മധുര പോലീസ് അറിയിച്ചു.

'വിവരം അറിഞ്ഞ ഉടൻ തന്നെ പോലീസ് ആശുപത്രിയിൽ എത്തുകയും സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിക്കുകയും ചെയ്തു. ജബൽപുർ സ്വദേശിയായ ദീപക് ലോധിയെന്ന രസിക് ദുലാരി ശരൺ ആണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞു. കേളി കുഞ്ചുമായി ബന്ധപ്പെട്ട ഗുരുകൃപാ കുഞ്ച് ആശ്രമത്തിലാണ് ഇയാൾ താമസിച്ചിരുന്നത്', ഒരു മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

ആശ്രമത്തിൽനിന്ന് ലഭിച്ച വിവരങ്ങളനുസരിച്ച്, ശനിയാഴ്ച രാവിലെ 10:30-ഓടെ ലോധി ആശ്രമത്തിന്റെ നാലാം നിലയിൽനിന്ന് താഴേക്കുചാടി ജീവനൊടുക്കുകയായിരുന്നു എന്നും പോലീസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി. 'സംഭവസ്ഥലത്തുനിന്ന് തെളിവുകൾ ശേഖരിച്ചിട്ടുണ്ട്, അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെ വിവരമറിയിച്ചിട്ടുമുണ്ട്', അദ്ദേഹം പറഞ്ഞു.

അനിരുദ്ധ് കുമാർ പാണ്ഡെ എന്നാണ് പ്രേമാനന്ദ് മഹാരാജിന്റെ യഥാർഥ പേര്. പിന്നീട് സന്യാസത്തിലെത്തിയപ്പോൾ പ്രേമാനന്ദ് എന്ന പേര് സ്വീകരിക്കുകയായിരുന്നു. പ്രഭാഷണങ്ങളിലൂടെ ഏറെ പ്രശസ്തനായ ഇദ്ദേഹത്തിന് സാമൂഹികമാധ്യമങ്ങളിൽ ഏറെ അനുയായികളുണ്ട്.

അദ്ദേഹത്തിന്റെ 'ശ്രീ ഹിറ്റ് രാധാ കേളി കുഞ്ച്' ആശ്രമത്തിലെ ദിനചര്യയായ 'സത്സംഗമത്തിൽ' പങ്കെടുക്കാൻ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും വിദേശത്തുനിന്നും നൂറുകണക്കിന് ഭക്തരാണ് ദിവസവും എത്തുന്നത്.

**English Summary:**

Lucknow: A sanyasi was found dead after falling from building at Gurukripa Kunj Ashram in Vrindavan, Uttar Pradesh, complaint says. Police preliminary view is suicide. Deceased identified as Deepak Lodhi (25) alias Rasik Dulari Sharan, disciple of Sant Premanand Maharaj, native of Jabalpur, Madhya Pradesh, fell from fourth floor on Friday. Police reached hospital after information about seriously injured person admitted from ashram, senior officer said. According to ashram information, incident occurred around 10:30 am Saturday morning. Police said evidence collected from spot and family informed. Premanand Maharaj real name Anirudh Kumar Pandey, famous through discourses with many followers on social media, his Shri Hit Radha Keli Kunj ashram hosts daily Satsangam attended by hundreds of devotees from across country and abroad.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/384319/vrindavan-gurukripa-kunj-ashram-sanyasi-fall-death-suicide-police-premanand-maharaj-disciple-deepak-lodhi)