---
title: "മലപ്പുറത്തേത് നിർഭാഗ്യകരമായ അപകടം, കാണാതായ സ്ത്രീക്ക് വേണ്ടി തിരച്ചിൽ തുടരും; ആവശ്യമായ സഹായം സർക്കാർ നൽകുമെന്ന് മുഖ്യമന്ത്രി"
english_title: "Malappuram Chokkad Kottappuzha Flash Flood Tragedy CM VD Satheesan Aid Families Compensation Search Continues"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/383704/malappuram-chokkad-kottappuzha-flash-flood-cm-vd-satheesan-aid-families-search"
published_at: "2026-09-21T19:11:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab13454a084e_malappuram-chokkad-kottappuzha-flash-flood-cm-vd-satheesan-aid-families-search.jpg"
keywords: ["Kerala Rain", "Malappuram Flash Flood", "Nilambur Flash Flood", "Chekodu Flood", "VD Satheesan"]
---

# മലപ്പുറത്തേത് നിർഭാഗ്യകരമായ അപകടം, കാണാതായ സ്ത്രീക്ക് വേണ്ടി തിരച്ചിൽ തുടരും; ആവശ്യമായ സഹായം സർക്കാർ നൽകുമെന്ന് മുഖ്യമന്ത്രി

> **Lead Summary:** മലപ്പുറം: ചോക്കാട് കോട്ടപ്പുഴയിലെ മലവെള്ളപ്പാച്ചിലിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് ആവശ്യമായ എല്ലാവിധ സഹായങ്ങളും സർക്കാർ ചെയ്തുകൊടുക്കുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ. നിർഭാഗ്യകരമായ സംഭവമാണ് നടന്നതെന്നും കാണാതായ സ്ത്രീക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

## Article Content

മലപ്പുറം: ചോക്കാട് കോട്ടപ്പുഴയിലെ മലവെള്ളപ്പാച്ചിലിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് ആവശ്യമായ എല്ലാവിധ സഹായങ്ങളും സർക്കാർ ചെയ്തുകൊടുക്കുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ. നിർഭാഗ്യകരമായ സംഭവമാണ് നടന്നതെന്നും കാണാതായ സ്ത്രീക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പൂക്കോട്ടുംപാടം സന്ദർശിച്ച ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി. 'നിർഭാഗ്യകരമായ സംഭവമാണ് ഇവിടെ നടന്നത്. മഴക്കാലം പോലുമായിരുന്നില്ല. അപ്രതീക്ഷിതമായെത്തിയ മലവെള്ളം വലിയ ദുരന്തമായി മാറുകയായിരുന്നു.

ടൂറിസ്റ്റ് സ്പോട്ട് ആയി പ്രഖ്യാപിച്ച സ്ഥലമല്ല ഇവിടം. നല്ല ഭംഗിയുള്ള സ്ഥലമാണെന്ന് സമൂഹമാധ്യമങ്ങളിൽ വീഡിയോകൾ പ്രചരിച്ചതിനെ തുടർന്ന് പല സ്ഥലങ്ങളിൽ നിന്ന് ആളുകൾ എത്തിയിരുന്നു. പ്രദേശത്ത് കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തും.

ജില്ലാ ഭരണകൂടം അതിനാവശ്യമായ നടപടികൾ സ്വീകരിക്കും'. മുഖ്യമന്ത്രി പറഞ്ഞു. മരണപ്പെട്ടവർക്ക് നഷ്ടപരിഹാരം നൽകുമെന്നും കാണാതായ സ്ത്രീക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുമെന്നും അദ്ദേഹം പറഞ്ഞു.

'മഴ പെയ്യുന്നതുമായി ബന്ധപ്പെട്ട് മുന്നറിയിപ്പൊന്നും ഉണ്ടായിരുന്നില്ല. ഇതാണ് അപ്രതീക്ഷിതമായി വലിയ ദുരന്തമായി മാറിയത്. ജില്ലാ അടിസ്ഥാനത്തിൽ ഡിസാസ്റ്റർ മാനേജ്മെന്‍റ് തയ്യാറാക്കും.

എൻജിഒകളുടെയും സ്ഥാപനങ്ങളുടെയും സഹായം തേടും. കുടുംബങ്ങൾക്ക് സഹായം നൽകും. ബുധനാഴ്ച ചേരുന്ന മന്ത്രിസഭാ യോഗത്തിന് ശേഷം ഈ സഹായം പ്രഖ്യാപിക്കും'. മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെയാണ് ഉളര്‍വട്ടം കടവിലും ചോക്കാട്-അമരമ്പലം പഞ്ചായത്തുകളുടെ അതിര്‍ത്തിപ്രദേശമായ പൂക്കോട്ടുംപാടത്തെ ടികെ ഉന്നതിയിലും മലവെള്ളപ്പാച്ചിലുണ്ടായത്. ഒഴുക്കില്‍പ്പെട്ട മൂന്നുപേരെ രക്ഷപ്പെടുത്തിയിരുന്നു.

കാണാതായവരില്‍ അഞ്ചുപേരുടെ മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെത്താനായത്. ഇനി ഒരാളെ കൂടിയാണ് കണ്ടെത്താനുള്ളത്. കോട്ടക്കല്‍ എടരിക്കോട് സ്വദേശി മങ്ങാട് അനസ് യാസീന്‍, തിരൂര്‍ സ്വദേശി മുഹമ്മദ് കുട്ടി, വണ്ടൂര്‍ സ്വദേശി കുപ്പനത്ത് സജ്ജാദ്, കരുവാരക്കുണ്ട് സ്വദേശി റഹീം എന്നിവരെ തിരിച്ചറിഞ്ഞിട്ടുണ്ട്.

ഇന്നലെ രാത്രിയും ഇന്ന് രാവിലെയുമായി എന്‍ഡിആര്‍എഫ് സംഘവും അഗ്നിശമനസേനയും മറ്റു സന്നദ്ധപ്രവര്‍ത്തകരും ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. രണ്ട് മൃതദേഹങ്ങള്‍ ഇന്ന് രാവിലെയാണ് കണ്ടെത്തിയത്.

**English Summary:**

Chief Minister VD Satheesan said government will provide all necessary assistance to families of those who lost lives in flash flood at Chokkad Kottappuzha in Malappuram. After visiting Pookkottumpadam he told media it was unfortunate incident, not even rainy season, unexpected flash flood turned into big tragedy, place not declared as tourist spot but people came after seeing beautiful videos on social media, more restrictions will be imposed by district administration. Compensation will be given, search for missing woman continues, warning about rain was not there. Disaster management will be prepared district wise with NGOs help, aid will be announced after cabinet meeting Wednesday. Flash flood occurred yesterday around 5 pm at Ularvattam Kadavu and TK Unnathi at border of Chokkad-Amarambalam panchayats, three rescued, five bodies found so far, one more to be found including Anas Yaseen of Edarikkode Kottakkal, Muhammed Kutty of Tirur, Sajjad of Vandoor, Raheem of Karuvarakundu. NDRF, fire force and volunteers found bodies in overnight and morning search, two found this morning.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/383704/malappuram-chokkad-kottappuzha-flash-flood-cm-vd-satheesan-aid-families-search)