---
title: "പട്ടയമല്ല, ജീവിതമാണ് കിട്ടിയത്; 10 വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് റഹിമാബിക്ക് പട്ടയം"
english_title: "Rahimabi Receives Land Title After 10 Years of Waiting"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/383580/rahimabi-receives-land-title-after-10-years-of-waiting"
published_at: "2026-09-20T21:49:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab0084fa0924_rahimabi-receives-land-title-after-10-years-of-waiting.jpg"
keywords: ["Rahimabi", "Land Title", "Patayam Distribution"]
---

# പട്ടയമല്ല, ജീവിതമാണ് കിട്ടിയത്; 10 വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് റഹിമാബിക്ക് പട്ടയം

> **Lead Summary:** > **കോഴിക്കോട് : **പത്ത് വർഷത്തെ കാത്തിരിപ്പിനും സർക്കാർ ഓഫീസുകൾ കയറിയിറങ്ങിയുള്ള അലച്ചിലിനും ഒടുവിൽ പട്ടയം ലഭിച്ചതിന്റെ സന്തോഷത്തിലാണ് കക്കോടി പഞ്ചായത്തിലെ പറമ്പിൽ ബസാറിൽ മിൻഹ മഹലിൽ മമ്മദ് കോയയുടെ ഭാര്യ റഹിമാബി. താമസിക്കുന്ന ഭൂമിക്ക് അടിസ്ഥാന രേഖകൾ ഇല്ലാതിരുന്നതിനാൽ വർഷങ്ങളായി നേരിട്ടിരുന്ന പ്രതിസന്ധികൾക്ക് ജില്ലാതല പട്ടയ വിതരണമേളയോടെ വിരാമമായി. “പട്ടയമല്ല, ജീവിതമാണ് കിട്ടിയത്” എന്ന സന്തോഷമാണ് പട്ടയം ഏറ്റുവാങ്ങിയ റഹിമാബി പങ്കുവെച്ചത്.

## Article Content

> **കോഴിക്കോട് : **പത്ത് വർഷത്തെ കാത്തിരിപ്പിനും സർക്കാർ ഓഫീസുകൾ കയറിയിറങ്ങിയുള്ള അലച്ചിലിനും ഒടുവിൽ പട്ടയം ലഭിച്ചതിന്റെ സന്തോഷത്തിലാണ് കക്കോടി പഞ്ചായത്തിലെ പറമ്പിൽ ബസാറിൽ മിൻഹ മഹലിൽ മമ്മദ് കോയയുടെ ഭാര്യ റഹിമാബി. താമസിക്കുന്ന ഭൂമിക്ക് അടിസ്ഥാന രേഖകൾ ഇല്ലാതിരുന്നതിനാൽ വർഷങ്ങളായി നേരിട്ടിരുന്ന പ്രതിസന്ധികൾക്ക് ജില്ലാതല പട്ടയ വിതരണമേളയോടെ വിരാമമായി. “പട്ടയമല്ല, ജീവിതമാണ് കിട്ടിയത്” എന്ന സന്തോഷമാണ് പട്ടയം ഏറ്റുവാങ്ങിയ റഹിമാബി പങ്കുവെച്ചത്.

മകളോടൊപ്പം അതിരാവിലെ തന്നെ പട്ടയം വാങ്ങുന്നതിനായി റഹിമാബി വിതരണമേളയിൽ എത്തിയിരുന്നു. റവന്യൂ മന്ത്രിയിൽ നിന്ന് നേരിട്ട് പട്ടയം ഏറ്റുവാങ്ങാൻ കഴിഞ്ഞതിലും റഹിമാബി സന്തോഷം പ്രകടിപ്പിച്ചു.

കുടുംബം കടക്കെണിയിലായിരുന്ന സാഹചര്യത്തിൽ സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റുന്നതിനായി റഹിമാബിക്ക് പലതവണ ബാങ്കുകളെ സമീപിക്കേണ്ടിവന്നിരുന്നു. ലോൺ എടുക്കുന്നതിനും വീട് വിറ്റ് കടം വീട്ടുന്നതിനുമടക്കം ശ്രമങ്ങൾ നടത്തിയെങ്കിലും താമസിക്കുന്ന ഭൂമിക്ക് പട്ടയം ഇല്ലാത്തതിനാൽ പല ഘട്ടങ്ങളിലും നിരാശപ്പെടേണ്ടിവന്നു.

ഭൂമിയുടെ അടിസ്ഥാന രേഖകളുടെ അഭാവം കുടുംബത്തിന്റെ സാമ്പത്തിക ആവശ്യങ്ങൾക്ക് വലിയ തടസ്സമായി. പ്രശ്നത്തിന് പരിഹാരം തേടി കഴിഞ്ഞ പത്ത് വർഷമായി വിവിധ സർക്കാർ ഓഫീസുകളിൽ നിരന്തരം കയറിയിറങ്ങുകയായിരുന്നു റഹിമാബി. രേഖകൾ ലഭിക്കുന്നതിനായുള്ള നീണ്ട കാത്തിരിപ്പിനും ശ്രമങ്ങൾക്കും ഒടുവിലാണ് ഇപ്പോൾ പട്ടയം ലഭിച്ചത്.

ജില്ലാതല പട്ടയ വിതരണമേളയിൽ ഇന്ന് പട്ടയം ലഭിച്ച 1350 പേരിൽ ഒരാളാണ് റഹിമാബി. വർഷങ്ങളായി അനുഭവിച്ച അനിശ്ചിതത്വത്തിനും ബുദ്ധിമുട്ടുകൾക്കും ശേഷം സ്വന്തം ഭൂമിയുടെ രേഖ ലഭിച്ചതോടെ കുടുംബത്തിന് വലിയ ആശ്വാസമാണ് ലഭിച്ചത്. പട്ടയം ലഭിച്ചതിലൂടെ ജീവിതത്തിലെ പ്രധാനപ്പെട്ട ഒരു പ്രതിസന്ധിക്ക് പരിഹാരമായെന്ന സന്തോഷത്തിലാണ് റഹിമാബിയും കുടുംബവും.

English Summary:

After waiting and visiting various government offices for 10 years, Rahimabi of Minha Mahal at Parambil Bazar in Kakkodi panchayat finally received a land title. She said she felt she had received not just a title deed but a new life. Her family had struggled financially because the land they lived on lacked basic documents, making it difficult to obtain loans or sell the house to repay debts. Rahimabi was among 1,350 beneficiaries who received land titles at the district-level distribution event.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/383580/rahimabi-receives-land-title-after-10-years-of-waiting)