---
title: "അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാനിരിക്കെ നീക്കം; കാസർകോട് എംഡിഎംഎ കേസിൽ പ്രതികൾ ജാമ്യാപേക്ഷ പിൻവലിച്ചു"
english_title: " Kasaragod MDMA Case Youth Congress Workers Bail Plea Withdrawn Mystery"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/383533/kasaragod-mdma-case-youth-congress-bail-plea-withdrawn-mystery"
published_at: "2026-09-20T11:31:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aaf76f2229af_kasaragod-mdma-case-youth-congress-bail-plea-withdrawn-mystery.jpg"
keywords: ["Kasaragod MDMA Case", "Youth Congress Workers", "Drug Case Kerala", "DYFI Protest"]
---

# അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാനിരിക്കെ നീക്കം; കാസർകോട് എംഡിഎംഎ കേസിൽ പ്രതികൾ ജാമ്യാപേക്ഷ പിൻവലിച്ചു

> **Lead Summary:** **കാസർകോട്: **കാസർകോട് എംഡിഎംഎ ലഹരിക്കേസിൽ പ്രതികളായ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ജാമ്യാപേക്ഷ പെട്ടെന്നു പിൻവലിച്ചത് ദുരൂഹതയ്ക്ക് ഇടയാക്കുന്നു. കേസിന്റെ നിർണായക അന്വേഷണ റിപ്പോർട്ട് സെഷൻസ് കോടതിയിൽ സമർപ്പിക്കാനിരിക്കെയാണ് പ്രതിഭാഗത്തിന്റെ ഈ തന്ത്രപരമായ നീക്കം.

## Article Content

**കാസർകോട്: **കാസർകോട് എംഡിഎംഎ ലഹരിക്കേസിൽ പ്രതികളായ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ജാമ്യാപേക്ഷ പെട്ടെന്നു പിൻവലിച്ചത് ദുരൂഹതയ്ക്ക് ഇടയാക്കുന്നു. കേസിന്റെ നിർണായക അന്വേഷണ റിപ്പോർട്ട് സെഷൻസ് കോടതിയിൽ സമർപ്പിക്കാനിരിക്കെയാണ് പ്രതിഭാഗത്തിന്റെ ഈ തന്ത്രപരമായ നീക്കം.

ഈ മാസം അഞ്ചിന് സമർപ്പിച്ച ജാമ്യാപേക്ഷ കോടതി പരിഗണനയ്ക്ക് വാനിരിക്കെ, പ്രധാന പ്രതിയായ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ മുഹമ്മദ് ഹുസൈൻ ഉൾപ്പെടെയുള്ള മൂന്ന് പ്രതികളാണ് അപേക്ഷ പിൻവലിച്ചത്. കഴിഞ്ഞ മാസം ഒമ്പതിന് ചന്തേര പോലീസ് സ്റ്റേഷൻ പരിധിയിലെ കാലിക്കടവിൽ വെച്ച് 139.29 ഗ്രാം എംഡിഎംഎയുമായി എറണാകുളം സ്വദേശികളായ നാലുപേരാണ് ആദ്യം പിടിയിലായത്.

അറസ്റ്റിലായി ഒരു മാസത്തോളം ജാമ്യാപേക്ഷ നല്‍കാതിരുന്ന പ്രതികൾ, ഈ മാസം അഞ്ചിനാണ് കോടതിയെ സമീപിച്ചത്. ജാമ്യാപേക്ഷ പരിഗണിക്കുന്ന ഘട്ടത്തിൽ പ്രതികൾക്ക് കേസിലുള്ള പങ്കും അവരുടെ സാമ്പത്തിക ഇടപാടുകളും വ്യക്തമാക്കുന്ന സമഗ്രമായ റിപ്പോർട്ട് പോലീസ് കോടതിയിൽ സമർപ്പിക്കാനിരിക്കുകയായിരുന്നു.

എന്നാൽ, ഈ അന്വേഷണ റിപ്പോർട്ടിലെ വിവരങ്ങൾ പുറത്തുവരുന്നത് ഒഴിവാക്കാനാണ് പ്രതികൾ ജാമ്യാപേക്ഷ പിൻവലിച്ചതെന്ന ശക്തമായ ആരോപണവുമായി ഡിവൈഎഫ്ഐ അടക്കമുള്ള സംഘടനകൾ ഇതിനകം രംഗത്തുവന്നിട്ടുണ്ട്. ലഹരിക്കടത്തിന്റെ വ്യാപ്തി മുൻനിർത്തി, ജില്ലാ പൊലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം കാഞ്ഞങ്ങാട് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള 17 അംഗ പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.

ഇതിന്റെ ഭാഗമായി ഓഗസ്റ്റ് 19-ന് കാസർകോട്ടെ പ്രധാന മയക്കുമരുന്ന് മാഫിയാ തലവനായ പാറപ്പള്ളി സ്വദേശി മുഹമ്മദ് സാബിർ പിടിയിലായിരുന്നു. തുടർന്ന് നടത്തിയ വിപുലമായ അന്വേഷണത്തിൽ, ബംഗാളിലെ ഹൗറയിൽ കഴിയുന്ന റിയാ ഖാൻ, സഹായിയായ ഉത്തർപ്രദേശ് സ്വദേശി വിഷ്ണു കുമാർ, കൊല്ലത്ത് പിടിയിലായ ഘാന സ്വദേശി വിക്ടർ ദസാബ എന്നിവരുൾപ്പെടെ ഉത്തരേന്ത്യൻ ലഹരി ശൃംഖലയുമായി ബന്ധമുള്ള 8 പ്രതികളാണ് ഇതുവരെ പിടിയിലായത്.

ലഹരി വിൽപനയിലൂടെ ലഭിക്കുന്ന പണം കൈമാറാൻ എറണാകുളത്തെ പ്രമുഖ മൊബൈൽ ഷോപ്പുകൾ കേന്ദ്രീകരിച്ച് പ്രതികൾ സാമ്പത്തിക ഇടപാടുകൾ നടത്തിയതായും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ഈ ലഹരി ശൃംഖലയുടെ മറ്റ് സാമ്പത്തിക സ്രോതസ്സുകളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനായി പ്രതികളെ വീണ്ടും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് പൊലീസ്.

English Summary:

Mystery surrounds the sudden withdrawal of bail plea by Youth Congress workers accused in Kasaragod's major MDMA seizure case. The plea was withdrawn just before the investigation report was to be submitted to the Sessions Court. The case began with seizure of 139.29 grams MDMA at Kalikadavu last month. Police suspect the withdrawal is tactical to prevent crucial financial transaction details from coming out. DYFI has alleged the same. 8 accused linked to north Indian drug network have been arrested so far and a 17-member SIT is probing.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/383533/kasaragod-mdma-case-youth-congress-bail-plea-withdrawn-mystery)