---
title: "'എസ്‌ഐടി നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ല'; റിപ്പോർട്ടർ ചാനൽ ഓഫീസിലെ റെയ്ഡിൽ പ്രതികരിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല"
english_title: "Messi Fraud Case: Ramesh Chennithala Says SIT Raid on Reporter Broadcasting Company Was Legal"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/383025/messi-fraud-case-sit-raid-reporter-broadcasting-company-ramesh-chennithala"
published_at: "2026-09-17T06:20:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aab3a9e408b5_messi-fraud-case-sit-raid-reporter-broadcasting-company-ramesh-chennithala.jpg"
keywords: ["Messi Fraud Case", "Reporter", "TV Raid", "Ramesh Chennithala", "SIT Raid"]
---

# 'എസ്‌ഐടി നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ല'; റിപ്പോർട്ടർ ചാനൽ ഓഫീസിലെ റെയ്ഡിൽ പ്രതികരിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

> **Lead Summary:** കൊച്ചി: മെസിയുടെ പേരിൽ നടന്ന തട്ടിപ്പിൽ കളമശേരിയിലെ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി ഓഫീസിൽ നടന്ന എസ്ഐടി റെയ്ഡ് നിയമപരമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. സെർച്ച് വാറണ്ട് ഉൾപ്പെടെ മതിയായ അനുമതി നേടിയ ശേഷമാണ് റെയ്ഡ് നടന്നത്.

## Article Content

കൊച്ചി: മെസിയുടെ പേരിൽ നടന്ന തട്ടിപ്പിൽ കളമശേരിയിലെ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി ഓഫീസിൽ നടന്ന എസ്ഐടി റെയ്ഡ് നിയമപരമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. സെർച്ച് വാറണ്ട് ഉൾപ്പെടെ മതിയായ അനുമതി നേടിയ ശേഷമാണ് റെയ്ഡ് നടന്നത്.

എസ്ഐടി എങ്ങനെ പ്രവർത്തിക്കണമെന്നതിന് നിയമങ്ങളുണ്ട്. എസ്ഐടി നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ല. പൊലീസ് അന്വേഷണത്തിൽ ആഭ്യന്തര മന്ത്രിയോ വകുപ്പോ ഇടപെടാറില്ല.

അന്വേഷണം നടക്കട്ടെയെന്നും വസ്തുതകളുണ്ടെങ്കിൽ നിയമം അതിൻ്റെ വഴിക്ക് പോകുമെന്നും ആഭ്യന്തര മന്ത്രി വ്യക്തമാക്കി.

റെയ്ഡിനിടെ നിയമവിരുദ്ധമായി എന്തെങ്കിലും നടന്നിട്ടുണ്ടെങ്കിൽ പരിശോധിച്ച് നടപടിയെടുക്കുമെന്നും മന്ത്രി അറിയിച്ചു. കഴിഞ്ഞ 10 വർഷം മാധ്യമങ്ങൾക്ക് നേരെയുള്ള വേട്ടയാടൽ അടിയന്തരാവസ്ഥയ്ക്ക് തുല്യമായിരുന്നുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

പ്രമുഖ മാധ്യമ സ്ഥാപനത്തിന്റെ ചീഫ് എഡിറ്റർ ഉൾപ്പെടെ ജയിലിൽ കഴിഞ്ഞു. അപ്പോൾ ആരും പ്രതികരിച്ചിരുന്നില്ല. ഏഷ്യാനെറ്റ് ന്യൂസ് മാധ്യമപ്രവർത്തകയ്ക്കെതിരെ കേസെടുത്ത കാര്യവും ആഭ്യന്തര മന്ത്രി ചൂണ്ടിക്കാട്ടി.

നിയമവിരുദ്ധമായ കാര്യങ്ങൾ ആര് ചെയ്താലും പൊലീസ് നടപടിയുണ്ടാകുമെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.

കളമശേരി പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ മജിസ്ട്രറ്റ് അനുമതിയോടെ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി ഉടമ ആന്റോ അഗസ്റ്റിന്റെയും സഹോദരങ്ങളുടെ ചെമ്പുമുക്കിലെ ഫ്ലാറ്റിലും പൊലീസ് റെയ്‌ഡ്‌ നടത്തിയിരുന്നു.

ആന്റോയുമായി ബന്ധമുണ്ട് എന്ന് കരുതുന്ന മാർക്കറ്റിംഗ് കമ്പനി ഗോട് ആഡിലും പൊലീസ് റെയ്‌ഡ്‌ നടത്തിയിരുന്നു.

മെസിയെയും അർജന്റീന ടീമിനെയും കേരളത്തിലേക്ക് കൊണ്ടുവരുമെന്നു പറഞ്ഞു തട്ടിപ്പ് നടത്തിയ കേസിലാണ് കളമശ്ശേരിയിലെ റിപ്പോർട്ടർ ടിവി ഓഫീസിൽ എസ്ഐടി സംഘം പരിശോധന നടത്തിയത്.

തൃക്കാക്കര എസിപി ബിജോയ്‌ ചന്ദ്രന്റെ നേതൃത്വത്തിൽ ബുധനാഴ്ച രാവിലെ ആറുമണിയോടെ തുടങ്ങിയ പരിശോധന വ്യാഴാഴ്ച പുലർച്ചെ 2:30 വരെ നീണ്ടു.

ഓഫീസിൽ നിന്ന് നിരവധി രേഖകൾ പിടിച്ചെടുത്തിട്ടുണ്ട്. തെളിവുകൾ ശേഖരിച്ചതായും റെയ്ഡ് സംബന്ധിച്ച വിവരങ്ങൾ എസ്ഐടി തലവൻ നൽകുമെന്നും എസിപി അറിയിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/383025/messi-fraud-case-sit-raid-reporter-broadcasting-company-ramesh-chennithala)