---
title: " തലയ്ക്ക് കല്ലെറിഞ്ഞു, വാരിയെല്ലുകൾ തകർത്തു, കനാലിലേക്ക് ചവിട്ടിയിട്ടു: ആലുവയിൽ യുവാവിനെ മർദ്ദിച്ച് കവർച്ച നടത്തിയ പ്രതികൾ അറസ്റ്റിൽ"
english_title: "Expat Attacked Robbed Near Aluva Railway Station Three Arrested Victim Critical Kolenchery Medical College"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/382820/aluva-expat-attacked-robbed-three-arrested-joffin-serious-kolenchery-medical-college"
published_at: "2026-09-15T22:04:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa973d1409e5_aluva-expat-attacked-robbed-three-arrested-joffin-serious-kolenchery-medical-college.jpg"
keywords: ["[Aluva Robbery", "Kodanad Expat", "Aluva Railway Station", "Kerala Police Arrest"]
---

#  തലയ്ക്ക് കല്ലെറിഞ്ഞു, വാരിയെല്ലുകൾ തകർത്തു, കനാലിലേക്ക് ചവിട്ടിയിട്ടു: ആലുവയിൽ യുവാവിനെ മർദ്ദിച്ച് കവർച്ച നടത്തിയ പ്രതികൾ അറസ്റ്റിൽ

> **Lead Summary:** ആലുവ: ആലുവ റെയിൽവേ സ്റ്റേഷന് സമീപം കോടനാട് സ്വദേശിയായ പ്രവാസിയെ ആക്രമിച്ച് പണവും സ്വർണാഭരണങ്ങളും കവർന്ന സംഭവത്തിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. മഞ്ഞപ്പെട്ടി പ്ലാവിടപ്പറമ്പിൽ സനൽ ചന്ദ്രൻ , തിരുവനന്തപുരം പള്ളിക്കൽ ചെമ്പിളവിള സജാദ് ഷാജഹാൻ , നെടുമ്പാശ്ശേരി മേക്കാട് മാളിയേക്കൽ വീട്ടിൽ ജോബി എന്നിവരാണ് പിടിയിലായത്.

## Article Content

ആലുവ: ആലുവ റെയിൽവേ സ്റ്റേഷന് സമീപം കോടനാട് സ്വദേശിയായ പ്രവാസിയെ ആക്രമിച്ച് പണവും സ്വർണാഭരണങ്ങളും കവർന്ന സംഭവത്തിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. മഞ്ഞപ്പെട്ടി പ്ലാവിടപ്പറമ്പിൽ സനൽ ചന്ദ്രൻ , തിരുവനന്തപുരം പള്ളിക്കൽ ചെമ്പിളവിള സജാദ് ഷാജഹാൻ , നെടുമ്പാശ്ശേരി മേക്കാട് മാളിയേക്കൽ വീട്ടിൽ ജോബി എന്നിവരാണ് പിടിയിലായത്.

കഴിഞ്ഞ ശനിയാഴ്ച പുലർച്ചെയായിരുന്നു സംഭവം. കോഴിക്കോട്ടേക്ക് പോകാന്‍ ആലുവ ബൈപ്പാസിലെത്തി റെയില്‍വേ സ്റ്റേഷനിലേക്ക് പോകുമ്പോഴാണ് നാല് പേര്‍ അടങ്ങുന്ന സംഘം ജോഫിനെ ആക്രമിച്ചത്. ആദ്യം തലയ്ക്ക് കല്ലെറിഞ്ഞ് വീഴ്ത്തുകയായിരുന്നു.

ശേഷം കരിങ്കല്ല് കൊണ്ട് വാരിയെല്ലിന് ഇടിച്ചുവെന്നും തൊട്ടടുത്തുള്ള മാലിന്യം നിറഞ്ഞ കാനയിലേക്ക് ചവിട്ടിയിട്ടെന്നും എഫ്‌ഐആറില്‍ പറയുന്നു. ജോഫിൻ്റെ മൂന്ന് പവന്റെ മാലയും പഴ്‌സിലുണ്ടായിരുന്ന 1000 രൂപയും പ്രതികള്‍ കവര്‍ന്നു.

ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ജോഫിനെ കോലഞ്ചേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. മൂന്ന് വാരിയെല്ലുകള്‍ ഒടിഞ്ഞ് ശ്വാസകോശത്തിലേക്ക് കയറിയ നിലയിലായിരുന്നു. കൈക്കും താടിയിലും തലയിലും പരിക്കുപറ്റി. ശസ്ത്രക്രിയ ചെയ്യാവുന്ന ആരോഗ്യസ്ഥിതിയിലല്ലായിരുന്നു എന്നാണ് ഡോക്ടമാര്‍ അറിയിച്ചത്.**

ദൃക്‌സാക്ഷികൾ ഇല്ലാതിരുന്ന കേസിന്റെ അന്വേഷണം പോലീസിന് വലിയ വെല്ലുവിളിയായിരുന്നു. എന്നാൽ, ജില്ലാ പോലീസ് മേധാവി കെ.എസ്. സുദർശന്റെ നിർദ്ദേശാനുസരണം ആലുവ ഡിവൈ.എസ്.പി. ബൈജു പൗലോസിന്റെ നേതൃത്വത്തിൽ മൂന്ന് സംഘങ്ങളായി തിരിഞ്ഞ് നടത്തിയ ശക്തമായ അന്വേഷണമാണ് പ്രതികളെ കുടുക്കിയത്.

സംഭവസ്ഥലത്തെ സി.സി.ടി.വി. ദൃശ്യങ്ങളും പ്രദേശത്തെ സ്ഥിരം കുറ്റവാളികളുടെ വിവരങ്ങളും പരിശോധിച്ച പോലീസ്, രാത്രികാല ഓട്ടോ തൊഴിലാളികളും വ്യാപാരികളും ഉൾപ്പെടെ നൂറോളം പേരെ ചോദ്യംചെയ്തു. ഇതിൽനിന്ന് ലഭിച്ച നിർണായക വിവരങ്ങളാണ് പ്രതികളിലേക്ക് എത്താൻ സഹായിച്ചത്.

സംഭവത്തിന് ശേഷം മുഖ്യപ്രതിയെന്ന് സംശയിക്കുന്നയാൾ കൊല്ലൂരിലേക്ക് കടന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു. തുടർന്ന് ആലുവ സി.ഐ. പി.എം. ഷമീറിന്റെ നേതൃത്വത്തിലുള്ള സംഘം അവിടേക്ക് പുറപ്പെട്ടെങ്കിലും മൊബൈൽ ഫോൺ കാസർകോട് ഉപേക്ഷിച്ച പ്രതി പെരുമ്പാവൂരിന് സമീപത്ത് എത്തിയതായി രഹസ്യ വിവരം ലഭിച്ചു.

ഉടൻതന്നെ ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രതിയുടെ പക്കൽനിന്ന് രഹസ്യമായി സൂക്ഷിച്ച സർജിക്കൽ ബ്ലേഡ് ഉൾപ്പെടെയുള്ള ആയുധങ്ങളും കണ്ടെടുത്തു.

തുടർന്ന് നടത്തിയ ചോദ്യംചെയ്യലിലാണ് മറ്റു പ്രതികളെക്കുറിച്ചുള്ള വിവരം ലഭിച്ചത്. പരാതിക്കാരനിൽനിന്ന് കവർന്ന മാല വിൽക്കാൻ ഏൽപ്പിച്ചിരുന്ന മൂന്നാം പ്രതി ജോബിയെ ആലുവ എസ്.എച്ച്.ഒ. രഞ്ജിത്ത് മാത്യുവിന്റെ നേതൃത്വത്തിലുള്ള സംഘം അങ്കമാലിയിൽനിന്നും, സജാദ് ഷാജഹാനെ എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷന് സമീപത്തുനിന്നുമാണ് പിടികൂടിയത്. ജോബിയിൽനിന്ന് സ്വർണ നിറത്തിലുള്ള മാലയും കണ്ടെടുത്തിട്ടുണ്ട്.

ഒന്നും രണ്ടും പ്രതികൾക്കെതിരെ കേരളത്തിലെ വിവിധ പോലീസ് സ്റ്റേഷനുകളിലായി ആറോളം കേസുകൾ നിലവിലുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ട്രാൻസ്ജെൻഡേഴ്സിനെക്കുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്. ആലുവ ഡിവൈ.എസ്.പി. ബൈജു പൗലോസ്, സി.ഐ. പി.എം. ഷമീർ, എസ്.ഐ.മാരായ രഞ്ജിത്ത് മാത്യു, അനൂപ്, സജീഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.

English Summary:**

Police arrested three persons for allegedly attacking and robbing Kodanad native expat Joffin near Aluva railway station last Saturday early morning. FIR says four-member gang hit his head with stone, hit ribs with granite stone, pushed into garbage canal and robbed 3 sovereign chain and Rs 1000. Victim is critical at Kolenchery Medical College with three ribs broken piercing lung, injuries on hand, chin, head and not fit for surgery, doctors said. Probe led by DySP Baiju Paulose under district chief KS Sudarshan checked CCTV, questioned 100 night workers, traced main suspect who fled to Kollur leaving phone at Kasaragod, nabbed near Perumbavoor with surgical blade. Other accused Joby held at Angamaly with gold-coloured chain and Sajad near Ernakulam North. Six cases pending against first two accused, police also probing transgender links.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/382820/aluva-expat-attacked-robbed-three-arrested-joffin-serious-kolenchery-medical-college)