---
title: " മുട്ടിൽ മരംമുറി കേസ്: അഗസ്റ്റിൻ സഹോദരന്മാർക്ക് തിരിച്ചടി; വിചാരണ നടപടികള്‍ നിര്‍ത്തിവെക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി"
english_title: "Muttil Tree Felling Cheating Case Will Continue High Court Allows Trial Augustin Brothers Plea Dismissed"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/382732/muttil-tree-felling-cheating-case-trial-high-court-order-augustin-brothers"
published_at: "2026-09-15T13:43:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa8fe8090850_muttil-tree-felling-cheating-case-trial-high-court-order-augustin-brothers.jpg"
keywords: ["Muttil Tree Felling Case", "Kerala High Court", "Chottanikkara Magistrate Court", "Augustin Brothers"]
---

#  മുട്ടിൽ മരംമുറി കേസ്: അഗസ്റ്റിൻ സഹോദരന്മാർക്ക് തിരിച്ചടി; വിചാരണ നടപടികള്‍ നിര്‍ത്തിവെക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി

> **Lead Summary:** കൊച്ചി: മുട്ടിൽ മരംമുറിയുമായി ബന്ധപ്പെട്ട വഞ്ചനാക്കേസ് നിലനിൽക്കുമെന്നും കേസിലെ വിചാരണ നടപടികൾ ആരംഭിക്കാമെന്നും ഹൈക്കോടതി ഉത്തരവ്. കേസിന്റെ വിചാരണ തടയാനും കുറ്റപത്രം വായിച്ചു കേൾപ്പിക്കുന്നത് ഒഴിവാക്കാനും അഗസ്റ്റിൻ സഹോദരന്മാർ നൽകിയ ഹർജികൾ തള്ളിക്കൊണ്ടാണ് ജസ്റ്റിസ് സി.എസ്. ഡയസ് ഉത്തരവിട്ടത്.

## Article Content

കൊച്ചി: മുട്ടിൽ മരംമുറിയുമായി ബന്ധപ്പെട്ട വഞ്ചനാക്കേസ് നിലനിൽക്കുമെന്നും കേസിലെ വിചാരണ നടപടികൾ ആരംഭിക്കാമെന്നും ഹൈക്കോടതി ഉത്തരവ്. കേസിന്റെ വിചാരണ തടയാനും കുറ്റപത്രം വായിച്ചു കേൾപ്പിക്കുന്നത് ഒഴിവാക്കാനും അഗസ്റ്റിൻ സഹോദരന്മാർ നൽകിയ ഹർജികൾ തള്ളിക്കൊണ്ടാണ് ജസ്റ്റിസ് സി.എസ്. ഡയസ് ഉത്തരവിട്ടത്.

ഈ മാസം 22 മുതൽ ചോറ്റാനിക്കര മജിസ്ട്രേറ്റ് കോടതിക്ക് കേസിന്റെ വിചാരണ നടപടികളിലേക്ക് കടക്കാവുന്നതാണെന്ന് ഹൈക്കോടതി വ്യക്തമാക്കി. കൂടാതെ, ആറു മാസത്തിനകം കേസിന്റെ വിചാരണ പൂർത്തിയാക്കണമെന്നും വിചാരണക്കോടതിയോട് ഹൈക്കോടതി നിർദ്ദേശിച്ചിട്ടുണ്ട്.

വയനാട് മുട്ടിലിൽ നിന്ന് മുറിച്ച തടികൾ കൊണ്ടുവന്ന് എറണാകുളത്തെ കിഴക്കമ്പലത്തുള്ള 'മലബാർ ടിംമ്പേഴ്സി'ലാണ് വിൽപന നടത്തിയത്. എന്നാൽ തങ്ങളെ വഞ്ചിച്ചാണ് തടികൾ വിറ്റതെന്ന് വ്യക്തമാക്കി ടിംബർ ഡിപ്പോ ഉടമയായ അലിയാർ പരാതി നൽകുകയായിരുന്നു.

ഈ പരാതിയുടെ അടിസ്ഥാനത്തിൽ അമ്പലമേട് പോലീസാണ് വഞ്ചനാക്കുറ്റത്തിന് കേസ് രജിസ്റ്റർ ചെയ്തത്. നിലവിൽ ഈ കേസിലെ വിചാരണ നടപടികളാണ് ചോറ്റാനിക്കര മജിസ്ട്രേറ്റ് കോടതിയിൽ ആരംഭിക്കാൻ പോകുന്നത്.

കേസിലെ കുറ്റപത്രം വായിച്ചു കേൾപ്പിക്കുന്ന ഘട്ടമെത്തിയപ്പോൾ കോടതിയിൽ ഹാജരാകാതെ മാറിനിൽക്കാനുള്ള നീക്കങ്ങൾ പ്രതികളുടെ ഭാഗത്തുനിന്ന് ഉണ്ടായിരുന്നു.

തുടർച്ചയായി ഹാജരാകാതിരുന്നതിനെ തുടർന്ന് ചോറ്റാനിക്കര മജിസ്ട്രേറ്റ് കോടതി പ്രതികൾക്കെതിരെ ജാമ്യമില്ലാ വാറണ്ട് അടക്കം പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. പിന്നീട് കോടതിയിൽ നേരിട്ട് ഹാജരായി കീഴടങ്ങിയാണ് പ്രതികൾ വാറണ്ട് പിൻവലിപ്പിച്ചത്.

ഹൈക്കോടതിയുടെ പുതിയ ഉത്തരവോടെ പ്രതികൾക്ക് ഇനി നേരിട്ട് ഹാജരായി കുറ്റപത്രം വായിച്ചു കേൾക്കുന്നതടക്കമുള്ള വിചാരണ നടപടികളുമായി സഹകരിക്കേണ്ടിവരും.

**English Summary:**

Kerala High Court ordered that cheating case linked to Muttil tree felling will stand and trial can begin. Justice C S Dias dismissed petitions by Augustin brothers seeking to stop trial and charge framing. Court said Chottanikkara Magistrate Court can proceed from 22nd of this month and complete trial within six months. Case alleges timber cut from Muttil, Wayanad sold at Malabar Timbers, Kizhakkambalam, Ernakulam, with depot owner Aliyar complaining of cheating. Ambalamedu police registered case. After non-appearance, court had issued non-bailable warrant, later withdrawn after surrender

### Related Links & Sources
- [Original Story Source](https://truevisionnews.com/news/382732/muttil-tree-felling-cheating-case-trial-high-court-order-augustin-brothers)