---
title: "തിന്നർ തന്നെയോ വില്ലൻ....?| അടിമാലിയിൽ ഇരട്ടക്കുഞ്ഞുങ്ങളുടെ മരണം: അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ് അന്വേഷണം"
english_title: "Twin One-Year-Old Babies Die in Adimali; Police Probe Unnatural Death"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/382258/adimali-twin-babies-death-police-probe-unnatural-death"
published_at: "2026-09-12T07:32:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa4b373b5d45_adimali-twin-babies-death-police-probe-unnatural-death.jpg"
keywords: ["Twin Children Death", "Children Death Idukki", "Children Death Adimali", "Crime News"]
---

# തിന്നർ തന്നെയോ വില്ലൻ....?| അടിമാലിയിൽ ഇരട്ടക്കുഞ്ഞുങ്ങളുടെ മരണം: അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ് അന്വേഷണം

> **Lead Summary:** ഇടുക്കി: ഇടുക്കി അടിമാലിയിൽ ഒരുവയസ്സ് പ്രായമുള്ള ഇരട്ടക്കുഞ്ഞുങ്ങൾ മരിച്ച സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ് അന്വേഷണം തുടങ്ങി. വലിയകാട്ടിൽ അഫ്സൽ–സാന്ദ്ര ദമ്പതികളുടെ മക്കളായ ഇഹാനും റിഹാനുമാണ് മരിച്ചത്.

## Article Content

ഇടുക്കി: ഇടുക്കി അടിമാലിയിൽ ഒരുവയസ്സ് പ്രായമുള്ള ഇരട്ടക്കുഞ്ഞുങ്ങൾ മരിച്ച സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ് അന്വേഷണം തുടങ്ങി. വലിയകാട്ടിൽ അഫ്സൽ–സാന്ദ്ര ദമ്പതികളുടെ മക്കളായ ഇഹാനും റിഹാനുമാണ് മരിച്ചത്.

വീട്ടിൽ സൂക്ഷിച്ചിരുന്ന പെയിന്റിൽ ചേർക്കുന്ന തിന്നർ അബദ്ധത്തിൽ കുട്ടികൾ കുടിച്ചെന്നാണ് മാതാപിതാക്കൾ പൊലീസിന് നൽകിയ മൊഴി. സംഭവത്തിൽ മരണകാരണം സംബന്ധിച്ച് കൂടുതൽ വ്യക്തതയ്ക്കായി പൊലീസ് അന്വേഷണം തുടരുകയാണ്.

അടിമാലി ഇരുമ്പുപാലത്തിന് സമീപം ഒഴുവാത്തടത്ത് വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. അവശനിലയിലായ കുട്ടികളെ പിതാവാണ് ആശുപത്രിയിലെത്തിച്ചത്. തുടർന്ന് ഒരാൾ അടിമാലി താലൂക്ക് ആശുപത്രിയിലും മറ്റൊരാൾ അടിമാലിയിലെ സ്വകാര്യ ആശുപത്രിയിലുമാണ് മരിച്ചത്.

സംഭവത്തിൽ സംശയം തോന്നിയതിനെ തുടർന്ന് പൊലീസ് മാതാപിതാക്കളെ ചോദ്യംചെയ്തുവരികയാണ്. വീട്ടിൽ നടത്തിയ പരിശോധനയിൽ സ്ലാബിന് മുകളിൽ സൂക്ഷിച്ചിരുന്ന തിന്നർ പോലുള്ള രാസവസ്തു അടങ്ങിയ പാത്രവും കണ്ടെത്തിയതായി പൊലീസ് അറിയിച്ചു.

സ്ലാബിന് മുകളിൽ സൂക്ഷിച്ചിരുന്ന പാത്രം താഴെ വീണതിനെ തുടർന്ന് രാസവസ്തു കുട്ടികളുടെ കൈയിലെത്തിയതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

അതേസമയം, ആദ്യഘട്ടത്തിൽ കുട്ടികളുടെ മരണം കൊലപാതകമാണോയെന്നും പൊലീസ് സംശയിച്ചിരുന്നു. മരണവുമായി ബന്ധപ്പെട്ട സാഹചര്യങ്ങളിൽ കൂടുതൽ വ്യക്തത വരുത്തുന്നതിനാണ് മാതാപിതാക്കളിൽനിന്ന് വിവരങ്ങൾ ശേഖരിക്കുന്നത്.

കുട്ടികളുടെ മരണകാരണം സംബന്ധിച്ച് അന്തിമ നിഗമനത്തിലെത്താൻ പോസ്റ്റ്മോർട്ടം റിപ്പോർട്ടും രാസപരിശോധന ഫലവും ലഭിക്കേണ്ടതുണ്ടെന്നാണ് പൊലീസ് അറിയിച്ചത്. ഈ റിപ്പോർട്ടുകൾ ലഭിച്ചശേഷം മാത്രമേ മരണത്തിന്റെ കൃത്യമായ കാരണം സംബന്ധിച്ച് വ്യക്തത വരൂ.

അന്വേഷണത്തിന്റെ ഭാഗമായി വീട്ടിലെ സാഹചര്യങ്ങളും തിന്നർ സൂക്ഷിച്ചിരുന്ന രീതിയും പൊലീസ് പരിശോധിച്ചുവരികയാണ്.

**English Summary:**

Police have registered a case of unnatural death and launched an investigation after one-year-old twin boys, Ihaan and Rihaan, died in Adimali, Idukki. The children were the sons of Afzal and Sandra of Valiyakatt. According to the parents’ statement to police, the twins may have accidentally consumed paint thinner kept at home. The children were taken to hospitals after becoming unwell and later died, one at Adimali Taluk Hospital and the other at a private hospital. Police questioned the parents and recovered a container believed to contain thinner during a house inspection. The exact cause of death will be clear only after the post-mortem and chemical examination reports.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/382258/adimali-twin-babies-death-police-probe-unnatural-death)