---
title: "ഇനി ആ കുഞ്ഞുചിരിയില്ല...! അന്ത്യനിദ്രയ്ക്കായി വീട്ടിലെ മുറി തന്നെ ഒരുക്കി നാട്, ഒരുവയസുകാരി ഇവാനയ്ക്ക് കണ്ണീരോടെ യാത്രാമൊഴി"
english_title: "One-Year-Old Ivana Laid to Rest After Tragic Killing in Thiruvananthapuram"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/382237/one-year-old-ivana-laid-to-rest-thiruvananthapuram"
published_at: "2026-09-11T21:33:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa42699b2dd3_one-year-old-ivana-laid-to-rest-thiruvananthapuram.jpg"
keywords: ["Thiruvananthapuram Crime News", "Child Murder", "Malayinkeezhu Child Murder", "Kerala Crime News"]
---

# ഇനി ആ കുഞ്ഞുചിരിയില്ല...! അന്ത്യനിദ്രയ്ക്കായി വീട്ടിലെ മുറി തന്നെ ഒരുക്കി നാട്, ഒരുവയസുകാരി ഇവാനയ്ക്ക് കണ്ണീരോടെ യാത്രാമൊഴി

> **Lead Summary:** മലയിൽകീഴ്: തിരുവനന്തപുരം വിളവൂർക്കലിൽ അമ്മ കൊലപ്പെടുത്തിയ ഒരുവയസുകാരി ഇവാനയ്ക്ക് യാത്രാമൊഴിയേകി നാട്. വീട്ടിലെ കിടപ്പുമുറിയുടെ ഒരു ഭാഗം പൊളിച്ചാണ് ഇവാനക്ക് അന്ത്യനിദ്രയ്ക്കുള്ള ഇടമൊരുക്കിയത്.

## Article Content

മലയിൽകീഴ്: തിരുവനന്തപുരം വിളവൂർക്കലിൽ അമ്മ കൊലപ്പെടുത്തിയ ഒരുവയസുകാരി ഇവാനയ്ക്ക് യാത്രാമൊഴിയേകി നാട്. വീട്ടിലെ കിടപ്പുമുറിയുടെ ഒരു ഭാഗം പൊളിച്ചാണ് ഇവാനക്ക് അന്ത്യനിദ്രയ്ക്കുള്ള ഇടമൊരുക്കിയത്.

കഴിഞ്ഞ ദിവസമാണ് വിളവൂർക്കൽ പൊറ്റയിൽ പുലവന്നിയൂർക്കോണത്ത് നീതു എന്ന ക്രിസ്റ്റി (29) ഉറങ്ങിക്കിടന്ന സ്വന്തം കുഞ്ഞിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്. ഫാർമസ്യൂട്ടിക്കൽ കമ്പനി ജീവനക്കാരനായ അഭിജിത്തിന്റെയും ക്രിസ്റ്റിയുടെയും ഒരു വയസ്സും ഒരു മാസവും മാത്രം പ്രായമുള്ള ഇവാന എന്ന പെൺകുഞ്ഞാണ് കൊല്ലപ്പെട്ടത്.

തിരുവനന്തപുരം മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന കുഞ്ഞിന്റെ മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം വൈകീട്ടോടെയാണ് ബന്ധുക്കൾക്ക് വിട്ടുനൽകിയത്. അഞ്ചുമണിയോടെ മൃതദേഹം കൊലപാതകം നടന്ന മലയിൽകീഴിലുള്ള വീട്ടിലേക്ക് എത്തിച്ചു.

അഭിജിത്തിന്റെയും ക്രിസ്റ്റിയുടെയും വിവാഹ വാർഷികദിനത്തിൽ നടന്ന ക്രൂരമായ കൊലപാതകത്തിന്റെ ഞെട്ടലിൽനിന്നും ബന്ധുക്കളും നാട്ടുകാരും ഇപ്പോഴും മോചിതരായിട്ടില്ല.

കുടുംബ പ്രശ്‌നങ്ങളെത്തുടർന്നാണ് ക്രിസ്റ്റി കൊലപാതകം നടത്തിയത് എന്നാണ് വിവരം. വ്യാഴാഴ്ച ഉച്ചയോടെയാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. ഉച്ചഭക്ഷണത്തിന് ശേഷം ഉറങ്ങാൻ കിടന്നപ്പോഴാണ് ക്രിസ്റ്റി കുഞ്ഞിനെ കൊലപ്പെടുത്തിയത്.

നാലുമണിയായിട്ടും കുഞ്ഞിന്റെ അനക്കമൊന്നും കാണാതായതോടെ അഭിജിത്തിന്റെ കുഞ്ഞമ്മ മുറിക്കുള്ളിലേക്ക് കടന്നതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്യുകയായിരുന്നു ക്രിസ്റ്റിയുടെ ഉദ്ദേശം.

ഭർത്താവിന്റെ സംശയവും സ്വന്തം വീട്ടിലേക്ക് പോലും വിടാത്തതുമാണ് ക്രിസ്റ്റി ഈ കടുംകൈ ചെയ്യാൻ പ്രേരിപ്പിച്ചതെന്നാണ് യുവതിയുടെ മൊഴിയെന്ന് പോലീസ് വ്യക്തമാക്കി. കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം ക്രിസ്റ്റി ഉറക്കഗുളിക കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു.

അതുകൊണ്ടുതന്നെ കസ്റ്റഡിയിലെടുത്ത യുവതിയെ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൾ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. വെള്ളിയാഴ്ച ഉച്ചയോടെ ആശുപത്രിയിൽവെച്ചുതന്നെയാണ് പോലീസ് ക്രിസ്റ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

ക്രിസ്റ്റി ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. യുവതിക്ക് പ്രസവാനന്തര വിഷാദരോഗം ഉണ്ടായിരുന്നുവോ എന്നതടക്കമുള്ള കാര്യങ്ങൾ പരിശോധിക്കേണ്ടതുണ്ടെന്ന് പോലീസ് വ്യക്തമാക്കി.

ആശുപത്രിയിൽനിന്ന് ഡിസ്ചാർജായശേഷം കോടതിയിൽ ഹാജരാക്കി കൂടുതൽ ചോദ്യം ചെയ്യലിനായി കസ്റ്റഡിയിൽ വാങ്ങാനാണ് പോലീസിന്റെ തീരുമാനം. ശാസ്ത്രീയമായ തെളിവുശേഖരണത്തിനായി പ്രതിയെ വീണ്ടും ചോദ്യംചെയ്യുമെന്നും കൃത്യം നടന്ന വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തുമെന്നും അന്വേഷണ സംഘം അറിയിച്ചു.

ഒരു കൗൺസിലറുടെ നേതൃത്വത്തിലാകും തുടർന്നുള്ള ചോദ്യം ചെയ്യൽ നടക്കുക എന്നാണ് പോലീസ് നൽകുന്ന വിവരം. കേസിൽ കൂടുതൽ വ്യക്തത വരുത്തുന്നതിനായി അയൽവാസികളുടെയും ബന്ധുക്കളുടെയും മൊഴികൾ രേഖപ്പെടുത്തി വരികയാണ്.

അതേസമയം, കൊലപാതകത്തിന് ഉപയോഗിച്ച കത്തി പോലീസ് കണ്ടെടുത്തു. കസ്റ്റഡിയിൽ എടുക്കുന്നതിനായി പോലീസ് എത്തിയപ്പോൾ കൊലപാതകം നടത്തിയ രീതിയും കൊലനടത്താൻ ഉപയോഗിച്ച കത്തിയും ക്രിസ്റ്റി തന്നെ കാണിച്ചുകൊടുക്കുകയായിരുന്നു എന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. 

### Related Links & Sources
- [Original Story Source](https://truevisionnews.com/news/382237/one-year-old-ivana-laid-to-rest-thiruvananthapuram)