---
title: "കുഞ്ഞുണ്ടാകാത്തതിന്റെ കാരണം തേടി ആശുപത്രിയിൽ; 26കാരന്റെ വയറ്റിൽ ഒളിഞ്ഞിരുന്നത് ഗർഭപാത്രം, അപൂർവ രോഗാവസ്ഥ കണ്ടെത്തി"
english_title: "Uterus And Fallopian Tubes Found In 26 Year Old Man Rare PMDS Case Reported In Delhi"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/382162/uterus-fallopian-tubes-found-in-26-year-old-man-rare-pmds-delhi"
published_at: "2026-09-11T14:56:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa3c932d3608_uterus-fallopian-tubes-found-in-26-year-old-man-rare-pmds-delhi.jpg"
keywords: ["Delhi Medical News", "Rare Medical Case", "Persistent Mullerian Duct Syndrome", "Infertility Treatment"]
---

# കുഞ്ഞുണ്ടാകാത്തതിന്റെ കാരണം തേടി ആശുപത്രിയിൽ; 26കാരന്റെ വയറ്റിൽ ഒളിഞ്ഞിരുന്നത് ഗർഭപാത്രം, അപൂർവ രോഗാവസ്ഥ കണ്ടെത്തി

> **Lead Summary:** ന്യൂഡല്‍ഹി: വിവാഹം കഴിഞ്ഞ് നാളുകളേറെ ആയിട്ടും കുട്ടികള്‍ ഉണ്ടാകാത്തതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയ 26കാരന്റെ വയറ്റില്‍ ഗര്‍ഭപാത്രവും ഫലോപ്പിയന്‍ ട്യൂബുകളും കണ്ടെത്തി. ഡല്‍ഹിയിലെ ആര്‍ ജി ഹോസ്പിറ്റലിലാണ് അപൂര്‍വമായ സംഭവം റിപ്പോര്‍ട്ട് ചെയ്തത്.

## Article Content

ന്യൂഡല്‍ഹി: വിവാഹം കഴിഞ്ഞ് നാളുകളേറെ ആയിട്ടും കുട്ടികള്‍ ഉണ്ടാകാത്തതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയ 26കാരന്റെ വയറ്റില്‍ ഗര്‍ഭപാത്രവും ഫലോപ്പിയന്‍ ട്യൂബുകളും കണ്ടെത്തി. ഡല്‍ഹിയിലെ ആര്‍ ജി ഹോസ്പിറ്റലിലാണ് അപൂര്‍വമായ സംഭവം റിപ്പോര്‍ട്ട് ചെയ്തത്.

ലോകത്ത് ഇതുവരെ 300ല്‍ താഴെ ആളുകളില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള പെര്‍സിസ്റ്റന്റ് മുലേറിയന്‍ ഡക്ട് സിന്‍ഡ്രാം എന്ന ജന്മനാ ഉള്ള രോഗാവസ്ഥയാണിയാൾക്കെന്ന് പരിശോധനയിൽ സ്ഥിരീകരിച്ചു.

ആശുപത്രിയില്‍ വന്ധ്യതാ ചികിത്സയ്ക്ക് എത്തിയ യുവാവിന്റെ ബീജത്തില്‍ ബീജ കോശങ്ങളുടെ അഭാവം മുമ്പ് കണ്ടെത്തിയിരുന്നു. യുവാവിന്റെ വൃഷ്ണങ്ങളും താഴേക്ക് വരാത്ത നിലയിലായിരുന്നു.

ഇതിന്റെ കാരണം കണ്ടെത്താനായി ഡോക്ടര്‍മാര്‍ എംആര്‍ഐ സ്‌കാനിങും കൂടുതൽ പരിശോധനയും ചെയ്യാന്‍ നിര്‍ദേശിച്ചു. തുടര്‍ന്നാണ് യുവാവിന്റെ വയറ്റിനുള്ളില്‍ പൂര്‍ണ വളര്‍ച്ച എത്താത്ത ചെറിയ ഗര്‍ഭപാത്രവും ഫലോപ്പിയന്‍ ട്യൂബുകള്‍ക്ക് സമാനമായ ഘടനകളും കണ്ടെത്തിയത്.

കാലങ്ങളായി വയറിനുള്ളില്‍ തന്നെയായിരുന്നതിനാല്‍ യുവാവിന്റെ വൃഷ്ണങ്ങള്‍ക്ക് പ്രശ്‌നങ്ങള്‍ സംഭവിച്ചിരുന്നു. വളരെ സങ്കീര്‍ണമായ ലാപ്രോസ്‌കോപ്പിക്ക് ശസ്ത്രക്രിയയ്ക്ക് പിന്നാലെ ഗര്‍ഭപാത്രവും മറ്റ് ഘടനകളും നീക്കം ചെയ്തു.

നീക്കം ചെയ്ത കോശങ്ങള്‍ പരിശോധിച്ചപ്പോള്‍ വൃഷ്ണത്തില്‍ കാന്‍സറായി മാറാന്‍ സാധ്യതയുള്ള അസാധാരണ കോശവളര്‍ച്ച ഉണ്ടെന്നും ഡോക്ടര്‍മാര്‍ മനസിലാക്കി. കൃത്യസമയത്ത് ശസ്ത്രക്രിയ നടന്നതോടെ കാന്‍സറില്‍ നിന്നും യുവാവ് രക്ഷപ്പെട്ടെന്നാണ് ഡോക്ടര്‍മാര്‍ പ്രതികരിച്ചത്.

ഒരു സ്ത്രീയുടെ ഗര്‍ഭപാത്രത്തില്‍ ആണ്‍ഭ്രൂണം വളരുന്ന സാഹചര്യത്തില്‍ സ്ത്രീ ജനനേന്ദ്രിയങ്ങളായി മാറേണ്ട മുള്ളേറിയന്‍ നാളികള്‍ നശിച്ച് പോകേണ്ടതാണ്. എന്നാല്‍ ചിലരില്‍ ഇത് നശിക്കാതെ തുടരുകയും പുരുഷനായി വളരുമ്പോഴും ശരീരത്തിനുള്ളില്‍ ഗര്‍ഭപാത്രവും ട്യൂബുകളും രൂപപ്പെടുകയും ചെയ്യും.

കുട്ടിക്കാലത്തെ ഇത്തരം പ്രശ്‌നങ്ങള്‍ കണ്ടുപിടിക്കപ്പെടേണ്ടതാണ്. എന്നാല്‍ ഈ കേസില്‍ വന്ധ്യതാ പരിശോധനയ്ക്കിടെയാണ് ഇവ കണ്ടെത്തിയതെന്നത് അപൂര്‍വമായി സംഭവിക്കുന്നതാണെന്നും ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

**English Summary:**

New Delhi: Uterus and fallopian tubes were found inside abdomen of a 26-year-old man who came for infertility treatment at R G Hospital, Delhi. He had absence of sperm cells and undescended testicles. MRI revealed small underdeveloped uterus and tube-like structures. Doctors diagnosed Persistent Mullerian Duct Syndrome, reported in less than 300 people worldwide. Laparoscopic surgery removed uterus and structures. Examination of removed tissue showed abnormal cell growth with potential to turn cancerous. Timely surgery saved him from cancer, doctors said.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/382162/uterus-fallopian-tubes-found-in-26-year-old-man-rare-pmds-delhi)