---
title: "'സെക്യൂരിറ്റി ആവശ്യപ്പെട്ടിട്ടില്ല, ജീപ്പ് മാറ്റാത്തത് പോലീസാണ് പറയേണ്ടത്'; വാര്‍ത്ത തള്ളി പിണറായി വിജയന്‍"
english_title: "Pinarayi Vijayan Denies Reports Of Mini Police Station Outside His House"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/381019/pinarayi-vijayan-denies-mini-police-station-reports-outside-house"
published_at: "2026-09-03T20:24:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a998a6893c09_pinarayi-vijayan-denies-mini-police-station-reports-outside-house.jpg"
keywords: ["Pinarayi Vijayan", "Pinarayi House News", "Kerala Politics", "Police Station News", "Malayala Manorama Reports"]
---

# 'സെക്യൂരിറ്റി ആവശ്യപ്പെട്ടിട്ടില്ല, ജീപ്പ് മാറ്റാത്തത് പോലീസാണ് പറയേണ്ടത്'; വാര്‍ത്ത തള്ളി പിണറായി വിജയന്‍

> **Lead Summary:** **തിരുവനന്തപുരം: **പിണറായി പണ്ട്യാലമുക്കിലെ 'പ്രവിക്' വീടിന് മുന്നിൽ മിനി പോലീസ് സ്റ്റേഷൻ പ്രവർത്തിച്ചിരുന്നുവെന്ന വാർത്തകൾ തള്ളി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. തന്റെ വീടിന് മുന്നിൽ ഒരുകാലത്തും പോലീസ് സ്റ്റേഷൻ ആരംഭിച്ചിട്ടില്ലെന്നും സാധാരണ ഔദ്യോഗിക നടപടിക്രമം എന്ന നിലയിൽ ഒരു പോലീസ് വാഹനത്തിൽ പോലീസുകാർ വന്നുപോയിരുന്നുവെന്നും അദ്ദേഹം വിശദീകരിച്ചു.

## Article Content

**തിരുവനന്തപുരം: **പിണറായി പണ്ട്യാലമുക്കിലെ 'പ്രവിക്' വീടിന് മുന്നിൽ മിനി പോലീസ് സ്റ്റേഷൻ പ്രവർത്തിച്ചിരുന്നുവെന്ന വാർത്തകൾ തള്ളി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. തന്റെ വീടിന് മുന്നിൽ ഒരുകാലത്തും പോലീസ് സ്റ്റേഷൻ ആരംഭിച്ചിട്ടില്ലെന്നും സാധാരണ ഔദ്യോഗിക നടപടിക്രമം എന്ന നിലയിൽ ഒരു പോലീസ് വാഹനത്തിൽ പോലീസുകാർ വന്നുപോയിരുന്നുവെന്നും അദ്ദേഹം വിശദീകരിച്ചു.

ഇത് സംബന്ധിച്ച് പുറത്തുവന്ന വാർത്തകളും പ്രതികരണങ്ങളും അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. തന്നെ വ്യക്തിപരമായി അപമാനിക്കുകയെന്ന പൊതുലക്ഷ്യമാണ് ഈ പ്രചരണത്തിന് പിന്നിലുള്ളതെന്ന് അദ്ദേഹം ആരോപിച്ചു.

പിണറായിയിലെ വീടിനു മുന്നിൽ പോലീസ് ഔട്ട്‌പോസ്റ്റ് ഇടുന്നത് പൊലീസിന്റെ ഔദ്യോഗിക നടപടിക്രമത്തിന്റെ ഭാഗമായി മാത്രമാണ്. സുരക്ഷാ കാരണങ്ങളാൽ സെക്യൂരിറ്റി ഏർപ്പെടുത്താൻ വകുപ്പുതല നടപടികൾ സ്വീകരിക്കാറുണ്ട്. മന്ത്രി മന്ദിരങ്ങൾക്കു മുന്നിൽ ഇപ്പോഴും സദാ കാവൽ നിൽക്കുന്ന ഔട്ട് പോസ്റ്റ് ഡ്യൂട്ടക്കാരുണ്ടെന്നും ഇതെല്ലാം ഔദ്യോഗികമായ നടപടികളുടെ ഭാഗമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വീടിന് മുന്നിൽ ഒരു പോലീസുകാരും സ്റ്റേഷൻ ആരംഭിച്ചിട്ടില്ലെന്നും ഔദ്യോഗിക വാഹനത്തിൽ പോലീസുകാർ വന്നുപോവുകയായിരുന്നുവെന്നും പറഞ്ഞ അദ്ദേഹം, പിന്നീട് ആ വാഹനം ഗതാഗതയോഗ്യമല്ലാതെ അവിടെത്തന്നെ കിടക്കുകയായിരുന്നുവെന്നാണ് മനസ്സിലാക്കിയിട്ടുള്ളതെന്നും വ്യക്തമാക്കി.

വാഹനം റിപ്പയർ ചെയ്ത് ഉപയോഗിക്കുമെന്നാണ് അന്ന് പോലീസ് പറഞ്ഞിരുന്നതെന്നും അധികാരമൊഴിഞ്ഞ് മൂന്ന് മാസം പിന്നിട്ടിട്ടും വാഹനം മാറ്റാത്തതിന് പോലീസ് ആണ് കാരണം വിശദീകരിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വീടിന് സെക്യൂരിറ്റി വേണമെന്ന് താൻ ആവശ്യപ്പെട്ടിട്ടില്ലെന്നും മലയാള മനോരമ നൽകിയ വാർത്ത നിർമ്മിതമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

**English Summary:**

Leader of Opposition Pinarayi Vijayan rejected reports claiming that a mini police station operated in front of his home 'Pravik' in Pinarayi. He clarified that no police station was ever established there, and the police presence was part of routine security procedures. He explained that a police vehicle used to visit the premises, which later became unserviceable, and urged the public to dismiss the news reports with contempt, describing them as an attempt to personally defame him.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/381019/pinarayi-vijayan-denies-mini-police-station-reports-outside-house)