---
title: "‘സ്ത്രീവിരുദ്ധ പരാമർശങ്ങൾ തെറ്റില്ലെന്ന്! എന്തോരൗദാര്യം’; കാന്തപുരത്തെ പിന്തുണച്ച നേതാക്കൾക്കെതിരെ പി.കെ. ശ്രീമതി"
english_title: "PK Sreemathy Criticises Leaders Supporting Kanthapuram Over Women Remarks"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/380921/pk-sreemathy-criticises-leaders-supporting-kanthapuram"
published_at: "2026-09-03T08:35:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a98e46a44837_pk-sreemathy-criticises-leaders-supporting-kanthapuram.jpg"
keywords: ["PK Sreemathy", "Kanthapuram AP Aboobacker Musliyar", "TK Hamsa", "KT Jaleel", "CPM", "Anti- Women Statement"]
---

# ‘സ്ത്രീവിരുദ്ധ പരാമർശങ്ങൾ തെറ്റില്ലെന്ന്! എന്തോരൗദാര്യം’; കാന്തപുരത്തെ പിന്തുണച്ച നേതാക്കൾക്കെതിരെ പി.കെ. ശ്രീമതി

> **Lead Summary:** കണ്ണൂർ: സ്ത്രീകൾ പൊതുരംഗത്തിറങ്ങുന്നത് സംബന്ധിച്ച് കാന്തപുരം എ.പി. അബൂബക്കർ മുസ്‍ലിയാർ നടത്തിയ പ്രസ്താവനയെ പിന്തുണച്ചവർക്കെതിരെ സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവും ജനാധിപത്യ മഹിളാ അസോസിയേഷൻ ദേശീയ അധ്യക്ഷയുമായ പി.കെ. ശ്രീമതി.

## Article Content

കണ്ണൂർ: സ്ത്രീകൾ പൊതുരംഗത്തിറങ്ങുന്നത് സംബന്ധിച്ച് കാന്തപുരം എ.പി. അബൂബക്കർ മുസ്‍ലിയാർ നടത്തിയ പ്രസ്താവനയെ പിന്തുണച്ചവർക്കെതിരെ സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവും ജനാധിപത്യ മഹിളാ അസോസിയേഷൻ ദേശീയ അധ്യക്ഷയുമായ പി.കെ. ശ്രീമതി.

സി.പി.എം നേതാവ് ടി.കെ. ഹംസ, കെ.ടി. ജലീൽ, ഐ.എൻ.എൽ നേതാവ് കാസിം ഇരിക്കൂർ തുടങ്ങിയവർ കാന്തപുരത്തിനെ അനുകൂലിച്ച് രംഗത്തെത്തിയിരുന്നു. ഇവർക്കെതിരെയാണ് പി.കെ. ശ്രീമതിയുടെ ഒളിയമ്പ്.

‘സ്ത്രീവിരുദ്ധവും ഭരണഘടനാവിരുദ്ധവുമായ പരാമർശങ്ങൾ തെറ്റില്ല എന്ന്! വിയോജിക്കുന്നവർക്ക് അതാവാമെന്നും. ‘എന്തോരൗദാര്യം’ -എന്നായിരുന്നു ശ്രീമതി ടീച്ചറുടെ കുറിപ്പ്.

ജനാധിപത്യ സമൂഹത്തിൽ ആർക്കും അവരവരുടെ ചിന്താഗതികൾ തുറന്നു പ്രകടിപ്പിക്കാമെന്നും ആ സ്വാതന്ത്ര്യത്തെ ഓരോരുത്തരും അംഗീകരിക്കണമെന്നുമായിരുന്നു കെ.ടി. ജലീൽ കാന്തപുരത്തെ പിന്തുണച്ച് കൊണ്ട് പറഞ്ഞത്.

ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയത്തിൽ ഉയർന്നു വന്ന വ്യത്യസ്ത അഭിപ്രായങ്ങൾ ഇതോട് ചേർത്തു വായിക്കണം. അന്നില്ലാത്ത കോലാഹലം ഇക്കാര്യത്തിൽ ആരും ഉണ്ടാക്കാൻ ശ്രമിക്കരുത്.

കാന്തപുരം ഉസ്താദ് താൻ പറഞ്ഞത് നാളെ മുതൽ എല്ലാവരും അംഗീകരിച്ചോളണമെന്നോ, അതനുസരിച്ചില്ലെങ്കിൽ അത്തരക്കാരെ സമുദായം ബഹിഷ്കരിക്കുമെന്നോ അല്ല പറഞ്ഞത്. അങ്ങിനെ പറയാത്തെടത്തോളം കാലം അദ്ദേഹത്തിനു മേൽ കുതിരകയറുന്നതിൽ അർത്ഥമില്ല എന്നും ജലീൽ പറഞ്ഞിരുന്നു.

കാന്തപുരം പറഞ്ഞതിൽ ഒരു അപകടവും ഇല്ലെന്നും പുതുതായി അദ്ദേഹം ഒന്നും പറഞ്ഞിട്ടില്ലെന്നുമായിരുന്നു ടി.കെ. ഹംസയുടെ പ്രസ്താവന. കാന്തപുരത്തെ തള്ളുകയോ കൊള്ളുകയോ ചെയ്യുന്നില്ല. ഇക്കാര്യത്തിൽ നിഷ്പക്ഷ നിലപാടാണുള്ളതെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.

പുതുതായി ഒന്നും ഉണ്ടായിട്ടില്ല. കാന്തപുരം പറഞ്ഞത് സ്ത്രീകൾ കുറച്ച് നിയന്ത്രണം പാലിക്കണമെന്നാണ്. സ്ത്രീകൾ പുരുഷന്മാരെപ്പോലെ രാവും പകലും നടക്കാനും എല്ലാ കളിയിലും ഏർപ്പെടാനും പാടില്ലെന്നാണ് കാന്തപുരം പറഞ്ഞത്.

അത് പണ്ടേ പറയുന്നതാണ്. അതിൽ ഒരു അപകടവും ഇല്ല. പുതുതായി അദ്ദേഹം ഒന്നും പറഞ്ഞിട്ടില്ല.

സ്ത്രീകളുടെ നല്ല ഇടപെടലുകൾക്ക് എതിര് പറയുന്നുവെന്ന സംശയത്തിലാണ് വിമർശനം വരുന്നത്. മുസ്‍ലിം വനിതകൾ വർഷങ്ങൾക്ക് മുമ്പുതന്നെ എം.എൽ.എയും ജഡ്ജിയുമൊക്കെ ആയിട്ടുണ്ട്.

മര്യാദയോടെ പ്രവർത്തനങ്ങളിലിടപെടാൻ പ്രവാചകൻ അനുവദിച്ചിട്ടുണ്ട്. പ്രവാചക പത്നി യുദ്ധത്തിൽ പങ്കെടുത്തിട്ടുണ്ട്. രാഷ്ട്രീയകാര്യത്തിന് മതങ്ങളെ ദുരുപയോഗം ചെയ്യുന്നതാണ് കുഴപ്പങ്ങളുണ്ടാക്കുന്നത്.

സ്ത്രീ-പുരുഷ സമത്വം വേണമെന്ന് വിശുദ്ധ ഖുർആനും പ്രവാചകനും പറഞ്ഞതാണ്. സ്വത്തിന് അവകാശം കൊടുത്തതും സ്വാതന്ത്ര്യം കൊടുത്തതും ഇസ്‍ലാമാണെന്നും ടി.കെ. ഹംസ പറഞ്ഞിരുന്നു.

അതേസമയം, കാന്തപുരത്തിനെതിരെ രൂക്ഷവിമർശനമാണ് പി.കെ. ശ്രീമതി ഉയർത്തിയത്. സ്ത്രീസമൂഹത്തെയാകെ അടച്ചാക്ഷേപിക്കുന്ന പരാമർശമുണ്ടായാൽ അതിനെ എതിർക്കാതിരിക്കാൻ ഞാനടക്കമുള്ള സ്ത്രീകൾക്ക് കഴിയില്ലെന്നായിരുന്നു ശ്രീമതിയുടെ പ്രതികരണം.

‘മലപ്പുറം ജില്ലയിലടക്കം കേരളത്തിൽ എല്ലായിടത്തും സ്‌കൂളുകളിൽ ഇസ്‌ലാം മതത്തിലെ ഉൾപ്പെടെ പെൺകുട്ടികൾ ഓണാഘോഷത്തിന്റെ ഭാഗമായി നൃത്തം ചെയ്യുകയും പാട്ടുപാടുകയുമെല്ലാം ചെയ്തു.

അതാണ് അദ്ദേഹത്തെ പ്രകോപിപ്പിച്ചത് എന്നാണ് ഞാൻ മനസിലാക്കുന്നത്. പെണ്ണുങ്ങൾ അടുക്കളയിൽ അടങ്ങിയൊതുങ്ങി ജീവിക്കണം, സ്ത്രീകൾ പൊതുവേദികളിലെത്തുന്നത് വലിയ നാശം സമൂഹത്തിനുണ്ടാക്കും എന്നീ രണ്ട് കാര്യങ്ങളാണ് അദ്ദേഹം പറഞ്ഞതായി കേട്ടത്.

സ്ത്രീകളെ അങ്ങേയറ്റം തരംതാഴ്ത്തുന്ന പരാമർശമാണ്. സ്ത്രീകളെ നിരത്തിൽ കൊണ്ടുവന്ന് പ്രദർശിപ്പിക്കരുത് എന്നാണ് ആദ്യം അദ്ദേഹം പറഞ്ഞത്. സ്ത്രീ ഇന്ത്യയിലെ പൗരയല്ലേ എന്ന ഒറ്റക്കാര്യമാണ് ഇവരോട് ചോദിക്കാനുള്ളത്.

അവരുടെ മൗലികാവകാശം ആർക്കെങ്കിലും മതത്തിന്റെ പേരിൽ നിഷേധിക്കാൻ കഴിയില്ല. അങ്ങനെ ചെയ്യുന്നത് ഭരണഘടനയോടുള്ള കൂറില്ലായ്മയാണ്. ഇന്ത്യയിലെ ആദ്യത്തെ വനിതാ ജസ്റ്റിസ് ഇസ്‌ലാം മതത്തിൽ നിന്നുള്ള ഫാത്തിമാ ബീവിയാണ്' -പി.കെ. ശ്രീമതി പറഞ്ഞു.

**English Summary:**

> Kannur: CPM Central Committee member and All India Democratic Women’s Association national president P.K. Sreemathy criticised leaders who supported Kanthapuram A.P. Aboobacker Musliyar’s remarks concerning women in public life. CPM leader T.K. Hamsa, K.T. Jaleel and INL leader Kasim Irikkur had supported Kanthapuram. Sreemathy responded critically, writing, “Strangely generous” in a note questioning whether “anti-women and unconstitutional remarks” could be considered acceptable. Jaleel said everyone in a democratic society can openly express their views and others should respect that freedom. Hamsa said there was nothing dangerous or new in Kanthapuram’s remarks. Sreemathy, however, said women could not remain silent if comments broadly denigrated women and argued that women’s fundamental rights cannot be denied in the name of religion.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/380921/pk-sreemathy-criticises-leaders-supporting-kanthapuram)