---
title: "കോഴിക്കോട് നിയന്ത്രണം വിട്ട കാർ മതിലിലിടിച്ച് തീപിടിച്ചു; യാത്രികന് ദാരുണാന്ത്യം"
english_title: "Car Catches Fire After Hitting Wall in Chevayur Kozhikode, Driver Dies"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/380771/chevayur-car-fire-accident-cp-sudhakaran-dies"
published_at: "2026-09-02T07:50:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a97881866ee3_chevayur-car-fire-accident-cp-sudhakaran-dies.jpg"
keywords: ["Kozhikode Car Accident", "Car Accident Fire", "Kozhikode Accident"]
---

# കോഴിക്കോട് നിയന്ത്രണം വിട്ട കാർ മതിലിലിടിച്ച് തീപിടിച്ചു; യാത്രികന് ദാരുണാന്ത്യം

> **Lead Summary:** കോഴിക്കോട്: ചേവായൂർ മഠത്തിൽ മുക്കിൽ കാർ മതിലിലിടിച്ച് തീപിടിച്ച് യാത്രികൻ മരിച്ചു. ചേവായൂർ സ്വദേശിയും വാഹന-വസ്തു ഇടപാട് വ്യാപാരിയുമായ സി.പി സുധാകരൻ ആണ് മരിച്ചത്. ഇന്ന് പുലർച്ചെ നാലുമണിയോടെയായിരുന്നു അപകടം നടന്നത്.

## Article Content

കോഴിക്കോട്: ചേവായൂർ മഠത്തിൽ മുക്കിൽ കാർ മതിലിലിടിച്ച് തീപിടിച്ച് യാത്രികൻ മരിച്ചു. ചേവായൂർ സ്വദേശിയും വാഹന-വസ്തു ഇടപാട് വ്യാപാരിയുമായ സി.പി സുധാകരൻ ആണ് മരിച്ചത്. ഇന്ന് പുലർച്ചെ നാലുമണിയോടെയായിരുന്നു അപകടം നടന്നത്.

ബിസിനസ് ആവശ്യങ്ങൾക്കായി വീട്ടിൽ നിന്നും കൊയിലാണ്ടിയിലേക്ക് തിരിക്കവേ വീടിനടുത്ത് വെച്ചാണ് അപകടമുണ്ടായത്. അപകടം നടന്ന സ്ഥലത്ത് വലിയൊരു ഇറക്കമുണ്ട്. ഈ ഇറക്കം ഇറങ്ങി വരുന്നതിനിടയിൽ സുധാകരൻ ഓടിച്ചിരുന്ന വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു.

നിയന്ത്രണം വിട്ട കാർ ആദ്യം റോഡരികിലെ ട്രാൻസ്ഫോർമറിനോട് ചേർന്ന ഭാഗത്ത് ഇടിക്കുകയും, തുടർന്ന് വലിയ ആഘാതത്തോടെ മതിലിലേക്ക് ഇടിച്ചു കയറുകയുമായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാറിന് തീപിടിച്ചു.

പുലർച്ചെ നാലേമുക്കാലോടെയാണ് പ്രദേശവാസികൾ വിവരമറിയുന്നത്. നാട്ടുകാർ ഓടിയെത്തുമ്പോൾ കാർ പൂർണമായും അഗ്നിക്കിരയായിക്കൊണ്ടിരിക്കുകയായിരുന്നു . ഏകദേശം പതിനഞ്ച് മിനിറ്റോളം വാഹനം ആളിക്കത്തി.

ഉടൻ തന്നെ നാട്ടുകാർ പൊലീസിലും ഫയർഫോഴ്സിലും വിവരം അറിയിച്ചു. തുടർന്ന് ഫയർഫോഴ്സ് സ്ഥലത്തെത്തിയാണ് തീ പൂർണമായും അണച്ചത്. എന്നാൽ അതിനോടകം തന്നെ സുധാകരൻ മരണപ്പെട്ടിരുന്നു. മൃതദേഹം പൂർണമായും കത്തിക്കരിഞ്ഞ നിലയിലായിരുന്നു വാഹനത്തിനുള്ളിൽ ഉണ്ടായിരുന്നത്.

കോഴിക്കോട് മെഡിക്കൽ കോളജ് പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. ഇൻക്വസ്റ്റ് അടക്കമുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റും.

**English Summary:**

Kozhikode: CP Sudhakaran, a Chevayur native and vehicle and property transaction businessman, died after the car he was driving hit a wall and caught fire at Mathathil Mukku in Chevayur. The accident occurred around 4 a.m. while he was travelling from home to Koyilandy for business purposes. The car reportedly lost control while descending a steep stretch, hit an area near a roadside transformer and then crashed into a wall. The vehicle caught fire and burned for around 15 minutes before the fire force extinguished it. Medical College Police reached the spot and initiated further procedures.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/380771/chevayur-car-fire-accident-cp-sudhakaran-dies)