---
title: "തെരഞ്ഞെടുപ്പ് പരാജയ അവലോകനം: സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്നും നാളെയും; സിപിഐ ദേശീയ യോഗങ്ങളും ഇന്ന്"
english_title: "CPI(M) Election Review and CPI Deputy Opposition Leader Dispute in Kerala"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/380765/kerala-cpm-election-review-cpi-deputy-opposition-leader-dispute"
published_at: "2026-09-02T06:49:00+05:30"
category: "Politics"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a977a56e73a8_kerala-cpm-election-review-cpi-deputy-opposition-leader-dispute.jpg"
keywords: ["CPM", "CPI", "Kerala Politics", "Election Review", "Pinarayi Vijayan", "Binoy Viswam"]
---

# തെരഞ്ഞെടുപ്പ് പരാജയ അവലോകനം: സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്നും നാളെയും; സിപിഐ ദേശീയ യോഗങ്ങളും ഇന്ന്

> **Lead Summary:** തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പരാജയത്തെക്കുറിച്ചുള്ള ചർച്ചകളും മുന്നണിയിലെ തർക്കങ്ങളും രൂക്ഷമായിരിക്കെ നിർണായക രാഷ്ട്രീയ നീക്കങ്ങളുമായി ഇടത് പാർട്ടികൾ. തെരഞ്ഞെടുപ്പ് അവലോകനത്തിനായി ചേരുന്ന സിപിഎം വിശാല സംസ്ഥാന കമ്മിറ്റിക്ക് മുന്നോടിയായുള്ള സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്നും നാളെയും തിരുവനന്തപുരത്ത് നടക്കും.

## Article Content

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പരാജയത്തെക്കുറിച്ചുള്ള ചർച്ചകളും മുന്നണിയിലെ തർക്കങ്ങളും രൂക്ഷമായിരിക്കെ നിർണായക രാഷ്ട്രീയ നീക്കങ്ങളുമായി ഇടത് പാർട്ടികൾ. തെരഞ്ഞെടുപ്പ് അവലോകനത്തിനായി ചേരുന്ന സിപിഎം വിശാല സംസ്ഥാന കമ്മിറ്റിക്ക് മുന്നോടിയായുള്ള സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്നും നാളെയും തിരുവനന്തപുരത്ത് നടക്കും.

അതേസമയം, നിയമസഭയിലെ പ്രതിപക്ഷ ഉപനേതൃസ്ഥാനത്തെച്ചൊല്ലിയുള്ള അതൃപ്തി പുകയുന്നതിനിടെ സിപിഐയുടെ ദേശീയ എക്സിക്യൂട്ടീവ്, ദേശീയ കൗൺസിൽ യോഗങ്ങളും ഇന്ന് ചേരുകയാണ്.

വിശാല സംസ്ഥാന കമ്മിറ്റിയിൽ അവതരിപ്പിക്കേണ്ട തെരഞ്ഞെടുപ്പ് പരാജയ അവലോകന റിപ്പോർട്ടിന്റെ കരട് തയ്യാറാക്കലാണ് ഇന്നും നാളെയുമായി ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിന്റെ പ്രധാന അജണ്ട. കേന്ദ്ര കമ്മിറ്റി മുന്നോട്ടുവെച്ച കർശന തിരുത്തൽ നിർദേശങ്ങൾ സംസ്ഥാന സെക്രട്ടറിയേറ്റ് എത്രത്തോളം ഉൾക്കൊള്ളുമെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ ഉറ്റുനോക്കുന്നത്.

സെക്രട്ടറിയേറ്റ് രൂപീകരിക്കുന്ന കരട് നിർദേശങ്ങൾക്ക് സംസ്ഥാന കമ്മിറ്റിയുടെ അംഗീകാരം കൂടി ലഭിക്കേണ്ടതുണ്ട്. പ്രതിപക്ഷ നേതാവ് പിണറായി വിജയൻ തളിപ്പറമ്പിൽ നടത്തിയ പ്രസംഗത്തിൽ പാർട്ടിയിലെ ഒരു വിഭാഗത്തിന് കടുത്ത അതൃപ്തിയുണ്ട്.

ഈ സാഹചര്യത്തിൽ യോഗത്തിൽ അദ്ദേഹത്തിനെതിരെ വിമർശനം ഉയരാൻ സാധ്യതയേറെയാണ്. സമഗ്രമായ ശൈലി മാറ്റം അനിവാര്യമാണെന്ന നിലപാടിലാണ് ഭൂരിഭാഗം രണ്ടാം നിര നേതാക്കളും. സാധാരണക്കാരുമായുള്ള ബന്ധം പുനഃസ്ഥാപിക്കാനും പാർട്ടിയുടെ ജനകീയ അടിത്തറ വീണ്ടെടുക്കാനും തിരുത്തലുകൾ അടിയന്തരമായി നടപ്പാക്കണമെന്ന വികാരം നേതാക്കൾക്കിടയിൽ ശക്തമാണ്.

അതേസമയം, നിയമസഭയിലെ പ്രതിപക്ഷ ഉപനേതൃസ്ഥാനത്തെച്ചൊല്ലി സിപിഎമ്മുമായി ഉടലെടുത്ത തർക്കത്തിൽ വിട്ടുവീഴ്ച വേണ്ടെന്ന നിലപാടിലാണ് സിപിഐ. ഇന്ന് ചേരുന്ന സിപിഐ ദേശീയ എക്സിക്യൂട്ടീവ്, ദേശീയ കൗൺസിൽ യോഗങ്ങളിൽ വിഷയം വിശദമായി ചർച്ച ചെയ്യും.

വിഷയത്തിൽ കേന്ദ്ര നേതൃത്വം നേരിട്ട് ഇടപെടണമോ എന്ന കാര്യത്തിലും ഇന്ന് തീരുമാനമുണ്ടായേക്കും. പ്രതിപക്ഷ ഉപനേതൃസ്ഥാനവുമായി ബന്ധപ്പെട്ട് പിണറായി വിജയൻ നടത്തിയ പരസ്യ പ്രസ്താവനയിലും സിപിഐക്ക് വിയോജിപ്പുണ്ട്.

കഴിഞ്ഞ ദിവസം ചേർന്ന സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിൽ കടുത്ത തീരുമാനങ്ങളിലേക്ക് ഉടനടി കടക്കേണ്ടതില്ലെന്ന ധാരണയിലാണ് എത്തിയത്. പദവി ലഭിച്ചില്ലെങ്കിൽ സഭയിൽ പ്രത്യേക ബ്ലോക്കായി ഇരിക്കണമെന്ന ആലോചനകൾ ഉണ്ടായെങ്കിലും തൽക്കാലം അനുരഞ്ജനത്തിന്റെ വഴി പരിശോധിക്കാനാണ് നേതൃത്വത്തിന്റെ തീരുമാനം.

സംസ്ഥാനത്തെ സാഹചര്യങ്ങൾ സംസ്ഥാന നേതാക്കൾ ഇതിനകം കേന്ദ്ര നേതൃത്വത്തെ ധരിപ്പിച്ചിട്ടുണ്ട്. പ്രതിപക്ഷ ഉപനേതൃപദവി സംബന്ധിച്ച തങ്ങളുടെ ആവശ്യത്തിൽ സിപിഎം ഇതുവരെ ഔദ്യോഗിക നിലപാട് അറിയിച്ചിട്ടില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം വ്യക്തമാക്കി.

സിപിഎമ്മിന്റെ മറുപടിക്കായി പാർട്ടി കാത്തിരിക്കുകയാണോ എന്ന ചോദ്യത്തിന്, 'ഇത് പ്രണയബന്ധമല്ല, രാഷ്ട്രീയമാണ്' എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. മുന്നണിയിൽ ഇടതുപക്ഷ ഐക്യത്തിന്റെ പ്രാധാന്യം സിപിഐക്ക് വ്യക്തമായി അറിയാമെന്നും എന്നാൽ ന്യായമായ ആവശ്യങ്ങളിൽ യാതൊരുവിധ വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

**English Summary:**

Amid discussions over the election defeat and tensions within the Left front, the CPM state secretariat will meet in Thiruvananthapuram today and tomorrow to prepare the draft election review report for the extended state committee. Attention is also on the extent to which the CPM will incorporate the Central Committee’s corrective recommendations. Meanwhile, the CPI’s National Executive and National Council meetings will discuss the dispute over the Deputy Leader of the Opposition post in the Kerala Assembly. CPI state secretary Binoy Viswam said the party would not compromise on what it considers legitimate demands, while stressing the importance of Left unity.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/380765/kerala-cpm-election-review-cpi-deputy-opposition-leader-dispute)