---
title: "ആദ്യം വരുന്നവർക്ക് ആദ്യം സേവനം; ഏജന്റുമാരുടെ ഇടപെടൽ ഒഴിവാക്കാൻ മോട്ടോർ വാഹനവകുപ്പിൽ 60 സേവനങ്ങൾ കൂടി ആധാർ അധിഷ്ഠിതമാക്കുന്നു"
english_title: "Kerala MVD to Make 60 More Services Aadhaar-Based From September 21"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/380482/kerala-mvd-60-services-aadhaar-based-from-september-21"
published_at: "2026-08-31T07:40:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a94e2ec8e314_kerala-mvd-60-services-aadhaar-based-from-september-21.jpg"
keywords: ["Kerala MVD", "Aadhaar", "Vahan", "Sarathi", "RTO Services"]
---

# ആദ്യം വരുന്നവർക്ക് ആദ്യം സേവനം; ഏജന്റുമാരുടെ ഇടപെടൽ ഒഴിവാക്കാൻ മോട്ടോർ വാഹനവകുപ്പിൽ 60 സേവനങ്ങൾ കൂടി ആധാർ അധിഷ്ഠിതമാക്കുന്നു

> **Lead Summary:** തിരുവനന്തപുരം: ഏജന്റുമാരുടെ ഇടനില ഒഴിവാക്കി മോട്ടോർ വാഹനവകുപ്പ് നടപടികൾ കൂടുതൽ സുതാര്യമാക്കുന്നതിന്റെ ഭാഗമായി 60 സേവനങ്ങൾ കൂടി ആധാർ അധിഷ്ഠിതമാക്കുന്നു. സെപ്റ്റംബർ 21 മുതൽ പുതിയ ക്രമീകരണം നിലവിൽ വരും.

## Article Content

തിരുവനന്തപുരം: ഏജന്റുമാരുടെ ഇടനില ഒഴിവാക്കി മോട്ടോർ വാഹനവകുപ്പ് നടപടികൾ കൂടുതൽ സുതാര്യമാക്കുന്നതിന്റെ ഭാഗമായി 60 സേവനങ്ങൾ കൂടി ആധാർ അധിഷ്ഠിതമാക്കുന്നു. സെപ്റ്റംബർ 21 മുതൽ പുതിയ ക്രമീകരണം നിലവിൽ വരും.

വാഹന സംബന്ധമായ സേവനങ്ങൾക്കുള്ള വാഹൻ, ഡ്രൈവിങ് ലൈസൻസ് സംബന്ധമായ സേവനങ്ങൾക്കുള്ള സാരഥി എന്നീ പോർട്ടലുകൾ വഴിയുള്ള സേവനങ്ങളാണ് പൂർണമായും ഓൺലൈനാക്കുന്നത്.

പുതിയ സംവിധാനം നിലവിൽ വരുന്നതോടെ ഭൂരിഭാഗം ആവശ്യങ്ങൾക്കും അപേക്ഷകർക്ക് ആർ.ടി. ഓഫീസുകളിൽ നേരിട്ട് എത്തേണ്ടിവരില്ല. ഏജന്റുമാർ വഴി മാത്രം കാര്യങ്ങൾ നടപ്പാക്കുന്ന രീതിക്കും ഇതോടെ മാറ്റമുണ്ടാകും. വാഹനയുടമയുടെ മൊബൈൽ ഫോണിലേക്കായിരിക്കും ഒ.ടി.പി. ലഭിക്കുക.

നിലവിൽ ആധാറോ ഫോൺ നമ്പറോ നൽകാനുള്ള ഓപ്ഷനുണ്ട്. പലപ്പോഴും ഏജന്റുമാർ സ്വന്തം മൊബൈൽ നമ്പർ നൽകി നടപടികൾ പൂർത്തിയാക്കുന്നതായി പരാതിയുണ്ടായിരുന്നു. പുതിയ സംവിധാനത്തിൽ ഇത് സാധ്യമാകില്ല.

നിലവിൽ 21 സേവനങ്ങൾ മാത്രമാണ് നേരിട്ട് ഹാജരാകേണ്ടാത്ത രീതിയിൽ ലഭ്യമായിട്ടുള്ളത്. ബാക്കിയുള്ള സേവനങ്ങൾക്ക് കൃത്യമായ ഒ.ടി.പി. പരിശോധന ഇല്ലാത്തതിനാൽ ഇടനിലക്കാർ അപേക്ഷകരെ ചൂഷണം ചെയ്യുന്നതായി പരാതി ഉയർന്നിരുന്നു.

**ആദ്യം വരുന്നവർക്ക് ആദ്യം സേവനം**

പുതിയ സംവിധാനം നിലവിൽ വരുന്നതോടെ അപേക്ഷകൾ ആദ്യം വരുന്നവർക്ക് ആദ്യം എന്ന മുൻഗണനാ ക്രമത്തിലാകും തീർപ്പാക്കുക. ഏജന്റുമാരുടെ ഇടപെടലിലൂടെ നിലവിൽ ഈ മുൻഗണനാ ക്രമം അട്ടിമറിച്ച് കാര്യങ്ങൾ നേടിയിരുന്നുവെന്നാണ് പരാതി.

വാഹന പരിശോധന, അനന്തരാവകാശികളെ തിരിച്ചറിയൽ, വ്യക്തിഗത വാദം കേൾക്കൽ എന്നിവ ഒഴികെയുള്ള ആവശ്യങ്ങൾക്ക് ഓഫീസുകളിൽ പോകേണ്ടതില്ല.

ഇത്തരം ആവശ്യങ്ങൾക്കുള്ള സ്ലോട്ടുകൾ ‘നമ്മുടെ കേരളം’ പോർട്ടൽ വഴി ഓൺലൈനായി ബുക്ക് ചെയ്യാം. വ്യക്തിഗത വാദം കേൾക്കലിന് പോർട്ടലിലെ ‘വി മീറ്റ്’ സംവിധാനത്തിലൂടെ വീഡിയോ കോൾ വഴിയും ഹാജരാകാം.

ഓൺലൈൻ അപേക്ഷകളുടെ പകർപ്പ് ഓഫീസുകളിൽ സമർപ്പിക്കേണ്ടതില്ലെന്നതും പുതിയ മാറ്റത്തിന്റെ പ്രത്യേകതയാണ്. ഡ്രൈവിങ് ലൈസൻസ്, കണ്ടക്ടർ ലൈസൻസ് തുടങ്ങിയവയുടെ ടെസ്റ്റുകൾക്കുള്ള സ്ലോട്ടുകൾ സാരഥി പോർട്ടൽ വഴിയും ഫിറ്റ്നസ് ടെസ്റ്റുകൾക്കുള്ള സ്ലോട്ടുകൾ വാഹൻ പോർട്ടൽ വഴിയുമാണ് ബുക്ക് ചെയ്യേണ്ടത്.

**ആധാറിലെ പേരും ആർ.സി.യിലെ പേരും പൊരുത്തപ്പെടണം**

പുതിയ സംവിധാനത്തിൽ ആധാറിലെ പേരും ആർ.സി. ബുക്കിലെ പേരും തമ്മിൽ പൊരുത്തമില്ലെങ്കിൽ സേവനങ്ങൾ തടസപ്പെടും. പേരിലോ ഇനീഷ്യലിലോ ഉള്ള ചെറിയ വ്യത്യാസം പോലും ഓൺലൈൻ നടപടികൾ മുന്നോട്ടുകൊണ്ടുപോകുന്നതിന് തടസമാകും.

ആർ.സി.യിലെ പേര് ആധാറിലേതിന് അനുസരിച്ച് തിരുത്തുകയാണ് ഇതിന് പരിഹാരം. ഇതിനായി ആർ.ടി. ഓഫീസുകളിൽ അപേക്ഷ സമർപ്പിക്കണം. ഓഫീസുകളിലെ തിരക്കനുസരിച്ച് തിരുത്തൽ ലഭിക്കാൻ ഒരാഴ്ച വരെ സമയമെടുത്തേക്കാം.

ആർ.സി.യിലെ പേര് സാധാരണയായി ഇംഗ്ലീഷിലാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ ആധാറിൽ ഇംഗ്ലീഷിലും മലയാളത്തിലും പേര് രേഖപ്പെടുത്തിയിരിക്കും. ആധാറിൽ പേര് ആദ്യം മലയാളത്തിൽ രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും ഓൺലൈൻ നടപടികൾ മുന്നോട്ടുപോകാനാകില്ല. ഈ സാഹചര്യത്തിൽ ആധാറിൽ തിരുത്തൽ വരുത്തുകയാണ് മാർഗം.

**English Summary: **

Kerala’s Motor Vehicles Department will make 60 more services Aadhaar-based from September 21 to reduce intermediary involvement and make procedures more transparent. Vehicle and driving licence-related services through Vahan and Sarathi will become fully online. Applicants generally will not need to visit RTO offices, while OTPs will be sent to vehicle owners’ mobile phones. Applications will be processed on a first-come, first-served basis. However, differences between names in Aadhaar and RC records may prevent online processing and require corrections.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/380482/kerala-mvd-60-services-aadhaar-based-from-september-21)