---
title: "ആലപ്പുഴ സൈക്കിൾ ട്രാക്ക് നിർമാണം: ഊരാളുങ്കലിനെതിരായ ആരോപണം വസ്തുതാവിരുദ്ധമെന്ന് യുഎൽസിസിഎസ്; നിർമാണം നടത്തുന്നത് ‘ഇൻകൽ’ എന്ന് അധികൃതർ"
english_title: "Alappuzha Heritage Project: ULCCS Denies Role in Canal-Side Cycle Track Construction"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/380471/alappuzha-cycle-track-ulccs-denies-construction-role-inkal"
published_at: "2026-08-31T00:49:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a948386e82d5_alappuzha-cycle-track-ulccs-denies-construction-role-inkal.jpg"
keywords: ["Alappuzha Heritage Project", "ULCCS", "PC Vishnunath", "Malayalam Manorama", "Alappuzha Cycle Track", "Kannan Varkey Bridge"]
---

# ആലപ്പുഴ സൈക്കിൾ ട്രാക്ക് നിർമാണം: ഊരാളുങ്കലിനെതിരായ ആരോപണം വസ്തുതാവിരുദ്ധമെന്ന് യുഎൽസിസിഎസ്; നിർമാണം നടത്തുന്നത് ‘ഇൻകൽ’ എന്ന് അധികൃതർ

> **Lead Summary:** **കോഴിക്കോട്: **ആലപ്പുഴ പൈതൃക പദ്ധതിയുടെ ഭാഗമായി കണ്ണൻവർകി പാലത്തിന് സമീപം കനാൽ തീരത്ത് സൈക്കിൾ ട്രാക്ക് നിർമാണത്തിന്റെ ഭാഗമായെടുത്ത കുഴിയിൽ വീണ് 66കാരൻ മരിച്ച സംഭവത്തിൽ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്കെതിരെ ഉയർന്ന ആരോപണങ്ങൾ വസ്തുതാവിരുദ്ധമാണെന്ന് യുഎൽസിസിഎസ് അധികൃതർ. നിർമാണം ഊരാളുങ്കലല്ല നടത്തുന്നതെന്നും കരുനാഗപ്പള്ളി കേന്ദ്രീകരിച്ചുള്ള സ്വകാര്യ കമ്പനിയാണ് അപകടമുണ്ടായ ഭാഗത്ത് നിർമാണ പ്രവർത്തനങ്ങൾ നടത്തുന്നതെന്നും യുഎൽസിസിഎസ് വ്യക്തമാക്കി.

## Article Content

**കോഴിക്കോട്: **ആലപ്പുഴ പൈതൃക പദ്ധതിയുടെ ഭാഗമായി കണ്ണൻവർകി പാലത്തിന് സമീപം കനാൽ തീരത്ത് സൈക്കിൾ ട്രാക്ക് നിർമാണത്തിന്റെ ഭാഗമായെടുത്ത കുഴിയിൽ വീണ് 66കാരൻ മരിച്ച സംഭവത്തിൽ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്കെതിരെ ഉയർന്ന ആരോപണങ്ങൾ വസ്തുതാവിരുദ്ധമാണെന്ന് യുഎൽസിസിഎസ് അധികൃതർ. നിർമാണം ഊരാളുങ്കലല്ല നടത്തുന്നതെന്നും കരുനാഗപ്പള്ളി കേന്ദ്രീകരിച്ചുള്ള സ്വകാര്യ കമ്പനിയാണ് അപകടമുണ്ടായ ഭാഗത്ത് നിർമാണ പ്രവർത്തനങ്ങൾ നടത്തുന്നതെന്നും യുഎൽസിസിഎസ് വ്യക്തമാക്കി.

സൈക്കിൾ ട്രാക്ക് നിർമാണം ഊരാളുങ്കലാണ് നടത്തുന്നതെന്നും നിർമാണത്തിലെ വീഴ്ചയുണ്ടെങ്കിൽ നടപടിയുണ്ടാകുമെന്നും ടൂറിസം മന്ത്രി പി.സി. വിഷ്ണുനാഥ് മലയാള മനോരമ പത്രത്തിലൂടെ പ്രതികരിച്ചിരുന്നു . . എന്നാൽ അപകടമുണ്ടായ ഭാഗത്തെ നിർമാണം ഊരാളുങ്കൽ സൊസൈറ്റിയല്ല നടത്തുന്നതെന്നും ഈ വസ്തുത മറച്ചുവച്ചാണ് തങ്ങൾക്കെതിരെ വ്യാജ പ്രചാരണം നടത്തുന്നതെന്നും സൊസൈറ്റി ആരോപിച്ചു.

മനോരമ പ്രസിദ്ധീകരിച്ച ‘ഇനിയുമെത്ര ജീവൻ’ എന്ന വാർത്തയിൽ ഊരാളുങ്കൽ സൊസൈറ്റിക്കെതിരെ ഉന്നയിച്ച ആരോപണം ശരിയല്ലെന്നും യുഎൽസിസിഎസ് വ്യക്തമാക്കി. അപകടം നടന്നത് സൊസൈറ്റിയുടെ ഏതെങ്കിലും പ്രോജക്ടിന്റെ പ്രദേശത്തല്ലെന്നും അധികൃതർ അറിയിച്ചു. ശാസ്ത്രീയമായ സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിച്ചാണ് സൊസൈറ്റി പ്രവർത്തിക്കുന്നതെന്നും ആരോപണങ്ങൾ വാർത്തയാക്കുന്നതിന് മുമ്പ് വസ്തുത അന്വേഷിക്കാൻ മാധ്യമങ്ങൾ തയ്യാറാകണമെന്നും യുഎൽസിസിഎസ്  പ്രതികരിച്ചു.

അപകടസ്ഥലത്തെ നിർമാണം ഊരാളുങ്കലല്ല നടത്തുന്നതെന്ന് സർക്കാരിന്റെ നേതൃത്വത്തിലുള്ള അടിസ്ഥാന സൗകര്യ വികസന ഏജൻസിയായ ‘ഇൻകൽ’ അധികൃതരും അറിയിച്ചു. രാത്രിയിലും തിരിച്ചറിയാൻ കഴിയുന്ന തരത്തിൽ കോഷൻ റോപ്പ് കെട്ടി അപകടസൂചന നൽകിയിരുന്നുവെന്നും ഇൻകൽ പറഞ്ഞു. പ്ലാസ്റ്റിക് റിബണാണ് കെട്ടിയിരുന്നതെന്ന മനോരമ വാർത്ത എന്ത് അടിസ്ഥാനത്തിലാണെന്നും ഇൻകൽ ചോദിച്ചു. പദ്ധതി നടപ്പാക്കുന്നത് ടൂറിസം വകുപ്പാണെന്നും അധികൃതർ വ്യക്തമാക്കി.

ശനിയാഴ്ച പുലർച്ചെയാണ് കീബോർഡ് കലാകാരനായ മംഗലം വാർഡിൽ വടക്കേതയ്യിൽ മഹേഷ് മാനുവലി (66)യെ കണ്ണൻവർകി പാലത്തിന് സമീപം കനാലിന്റെ വടക്കേക്കരയിൽ റോഡരികിലെ നിർമാണപ്രവർത്തനങ്ങളുടെ ഭാഗമായി എടുത്ത കുഴിയിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സൈക്കിളിൽ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്.

English Summary:

ULCCS has denied allegations that it was responsible for construction work at the site where a 66-year-old man died after falling into a pit near Kannan Varky Bridge in Alappuzha. The society said a private company based in Karunagappally was carrying out the work and alleged that reports linking ULCCS to the construction were factually incorrect. Inkel, a government-led infrastructure development agency, also said ULCCS was not carrying out the construction at the accident site. The project is being implemented by the Tourism Department. The deceased, keyboard artist Mahesh Manuel, was found dead early Saturday after reportedly falling into the pit while returning home on a bicycle.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/380471/alappuzha-cycle-track-ulccs-denies-construction-role-inkal)