---
title: "വി.ഡി സതീശൻ സർക്കാർ ഇന്ന് നൂറാം ദിനത്തിലേക്ക്; ജനപ്രിയ പ്രഖ്യാപനങ്ങൾ നേട്ടമായി ഉയർത്തി ടീം യുഡിഎഫ് "
english_title: "V D Satheesan Government Completes 100 Days with Projects and Controversies"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/379912/vd-satheesan-government-completes-100-days"
published_at: "2026-08-25T07:25:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8cf69784e96_vd-satheesan-government-completes-100-days.jpg"
keywords: ["V D Satheesan", "UDF Government", "Kerala Government"]
---

# വി.ഡി സതീശൻ സർക്കാർ ഇന്ന് നൂറാം ദിനത്തിലേക്ക്; ജനപ്രിയ പ്രഖ്യാപനങ്ങൾ നേട്ടമായി ഉയർത്തി ടീം യുഡിഎഫ് 

> **Lead Summary:** തിരുവനന്തപുരം: അധികാരത്തിലെത്തി 100 ദിവസം പൂർത്തിയാക്കുമ്പോൾ വിവിധ പദ്ധതികളും പ്രഖ്യാപനങ്ങളുമായി വി ഡി സതീശൻ സർക്കാർ. തിരഞ്ഞെടുപ്പിന് മുമ്പ് പ്രഖ്യാപിച്ച പദ്ധതികൾക്കൊപ്പം പുതിയ പദ്ധതികളും സർക്കാരിന്റെ പ്രവർത്തനങ്ങളിൽ ഇടംപിടിച്ചു.

## Article Content

തിരുവനന്തപുരം: അധികാരത്തിലെത്തി 100 ദിവസം പൂർത്തിയാക്കുമ്പോൾ വിവിധ പദ്ധതികളും പ്രഖ്യാപനങ്ങളുമായി വി ഡി സതീശൻ സർക്കാർ. തിരഞ്ഞെടുപ്പിന് മുമ്പ് പ്രഖ്യാപിച്ച പദ്ധതികൾക്കൊപ്പം പുതിയ പദ്ധതികളും സർക്കാരിന്റെ പ്രവർത്തനങ്ങളിൽ ഇടംപിടിച്ചു.

പ്രിയദർശിനി, മിഷൻ സമുദ്ര, ഓപ്പറേഷൻ തൂഫാൻ, മൈ പൊലീസ് സ്റ്റേഷൻ തുടങ്ങിയ പദ്ധതികൾ ജനശ്രദ്ധ നേടിയപ്പോൾ സർക്കാരിനെതിരെ ഉയർന്ന വിമർശനങ്ങളും ആദ്യ 100 ദിവസങ്ങളിൽ ചർച്ചയായി.

പത്ത് വർഷത്തിന് ശേഷം അധികാരത്തിലെത്തിയ യുഡിഎഫ് സർക്കാർ ആദ്യ 100 ദിവസം പിന്നിടുമ്പോൾ നിരവധി സുപ്രധാന പദ്ധതികളാണ് പ്രഖ്യാപിക്കുകയും നടപ്പാക്കുകയും ചെയ്തത്. ഗതാഗത മന്ത്രി സി പി ജോണിന്റെ സ്ത്രീകൾക്കെതിരായ പരാമർശം ഒഴിവാക്കിയാൽ, ജനങ്ങൾ ഏറ്റെടുത്ത പദ്ധതികളിലൊന്നായി പ്രിയദർശിനി മാറിയെന്നാണ് വിലയിരുത്തൽ.

കേരളത്തെ ആഗോള മാരിടൈം ഹബ്ബായും പോർട്ട് സിറ്റിയായും മാറ്റുകയെന്ന ലക്ഷ്യത്തോടെയുള്ള മിഷൻ സമുദ്ര യുഡിഎഫ് സർക്കാരിന്റെ പ്രധാന പദ്ധതികളിലൊന്നായി മാറി. ആഭ്യന്തര വകുപ്പിലും ശ്രദ്ധേയമായ പ്രഖ്യാപനങ്ങളുണ്ടായി.

ലഹരിക്കെതിരെ പ്രഖ്യാപിച്ച ഓപ്പറേഷൻ തൂഫാനും കേരള പൊലീസിന് പുതിയ മുഖം നൽകുകയെന്ന ലക്ഷ്യത്തോടെ അവതരിപ്പിച്ച മൈ പൊലീസ് സ്റ്റേഷനുകളും പ്രധാന പദ്ധതികളായി.

വിദ്യാഭ്യാസ മേഖലയിലും വിവിധ പദ്ധതികൾക്ക് തുടക്കമായി. മുകുളം, പ്രതിഭാ ശ്രീ, മധുരിതം, താരാപഥം, എ എറൈസ്, അക്വാറ്റി ഫിറ്റ് നീന്തൽ പദ്ധതി എന്നിവ വിദ്യാഭ്യാസ രംഗത്തെ പ്രധാന ഇടപെടലുകളായി അവതരിപ്പിക്കപ്പെട്ടു.

അതേസമയം, സർക്കാരിന്റെ ആദ്യ 100 ദിവസങ്ങൾ വിവാദങ്ങളിൽനിന്നും വിമുക്തമായിരുന്നില്ല. നവകേരള സദസ്സിനിടെ നടന്ന രക്ഷാപ്രവർത്തനവുമായി ബന്ധപ്പെട്ട് എഡിജിപി പി എം ആർ അജിത്കുമാറിനെ സസ്പെൻഡ് ചെയ്തു.

വീണാ ജോർജിനെതിരായ കണ്ണൂർ റെയിൽവേ സ്റ്റേഷനിലെ പ്രതിഷേധവും എസ്ഐടിക്ക് മുന്നിലെത്തി. പ്രമാദമായ പിഎസ്‌സി ക്രമക്കേടിലും സർക്കാർ വിട്ടുവീഴ്ചയ്ക്ക് തയ്യാറായില്ല.

ശബരിമല സ്വർണക്കൊള്ളയ്ക്ക് പുറമെ നെയ്യ് വാങ്ങിയതുമായി ബന്ധപ്പെട്ട് കോടിക്കണക്കിന് രൂപയുടെ അഴിമതി നടന്നുവെന്ന ആരോപണവും ഉയർന്നു. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് മെസ്സിയുടെ പേരിൽ നടന്ന സാമ്പത്തിക ക്രമക്കേടിലേക്കും യുഡിഎഫ് സർക്കാരിന്റെ അന്വേഷണ ഇടപെടൽ എത്തിനിൽക്കുന്നു.

പ്രതിപക്ഷത്തിരുന്ന് വിമർശിക്കുന്നതുപോലെ ഭരണം മുന്നോട്ടുകൊണ്ടുപോകുന്നത് എളുപ്പമല്ലെന്ന തിരിച്ചറിവും ആദ്യ 100 ദിവസങ്ങൾ സർക്കാരിന് നൽകിയതായി വിമർശകർ ചൂണ്ടിക്കാട്ടുന്നു.

പ്രതിപക്ഷത്തിരിക്കെ ശക്തമായി വിമർശിച്ച ചില കാര്യങ്ങൾ അധികാരത്തിലെത്തിയശേഷം സർക്കാർ തന്നെ നടപ്പാക്കിയെന്ന വിമർശനവും ഉയർന്നു. ഇതോടെ സ്വന്തം പക്ഷത്തുനിന്നുപോലും സർക്കാരിന് വിമർശനം നേരിടേണ്ടിവന്നു. തുടർന്ന് ചില തീരുമാനങ്ങളിൽ തിരുത്തലുകൾ വരുത്താനും സർക്കാർ നിർബന്ധിതമായി.

ബന്ധുനിയമനവുമായി ബന്ധപ്പെട്ട വിവാദമായിരുന്നു സർക്കാരിന് ആദ്യം തിരിച്ചടിയായ വിഷയങ്ങളിലൊന്ന്. വൈദ്യുതി മന്ത്രി സണ്ണി ജോസഫിന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായി അദ്ദേഹത്തിന്റെ സഹോദരഭർത്താവിനെ നിയമിച്ചത് വിവാദമായി.

ആദ്യഘട്ടത്തിൽ നിയമനത്തെ സർക്കാർ പ്രതിരോധിച്ചെങ്കിലും പിന്നീട് രാജിവെപ്പിച്ച് വിവാദത്തിൽനിന്ന് ഒഴിയുകയായിരുന്നു.

ദേവസ്വത്തിന്റെ ചുമതലയുള്ള ഗവൺമെന്റ് പ്ലീഡറായി ശബരിമല സ്വർണക്കൊള്ള കേസിലെ പ്രതിഭാഗത്തെ പ്രതിനിധീകരിച്ച അഭിഭാഷകനെ നിയോഗിച്ചതും സർക്കാരിനെ പ്രതിരോധത്തിലാക്കി. നിയമനത്തിനെതിരെ ശക്തമായ എതിർപ്പ് ഉയർന്നതോടെ പ്ലീഡറെ രാജിവെപ്പിച്ച് സർക്കാർ നടപടി അവസാനിപ്പിച്ചു.

മദ്യവ്യാപനവുമായി ബന്ധപ്പെട്ട് എൽഡിഎഫിനെ വിമർശിച്ച ശേഷം വീര്യം കുറഞ്ഞ മദ്യത്തിന് നികുതി കുറച്ചതും സർക്കാരിനെ വിവാദത്തിലാക്കി. ഭരണ മുന്നണിയിൽനിന്നുതന്നെ വിമർശനം ശക്തമായതോടെ തീരുമാനം നടപ്പാക്കുന്നത് യുഡിഎഫ് തീരുമാനത്തിന് വിധേയമായിരിക്കുമെന്ന് സർക്കാർ തിരുത്തി.

അധികാരത്തിലെത്തിയാൽ അറബിക്കടലിൽ എറിയുമെന്ന് പ്രഖ്യാപിച്ചിരുന്ന പി എം ശ്രീ പദ്ധതിയും വി ഡി സതീശൻ സർക്കാരിന് വെല്ലുവിളിയായി. നേട്ടങ്ങൾക്കൊപ്പം വിവാദങ്ങളും തിരുത്തലുകളും നിറഞ്ഞതായിരുന്നു സർക്കാരിന്റെ ആദ്യ 100 ദിവസങ്ങൾ.

**English Summary: **

The V.D. Satheesan government has completed 100 days in office, with several projects and initiatives gaining attention. Priyadarshini, Mission Samudra, Operation Thoofan, My Police Station and education projects were among the major initiatives highlighted. At the same time, the government faced criticism and controversies over appointments, the Sabarimala gold case, liquor taxation, P.M. Shri and other issues. Several decisions were later revised following criticism from within and outside the ruling front.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/379912/vd-satheesan-government-completes-100-days)