---
title: "'ഞാൻ അൻവറിനെതിരെ പറഞ്ഞിട്ടില്ല, പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിച്ചാല്‍ അന്‍വര്‍ ജയിക്കുമായിരുന്നു എന്നാണ് ഉദ്ദേശിച്ചത്' - കെ പ്രവീണ്‍ കുമാര്‍"
english_title: "Kozhikode DCC President K Praveen Kumar MLA Clarifies Statement On Beypore Defeat"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/379892/kozhikode-dcc-president-praveen-kumar-clarifies-beypore-defeat-pv-anwar-row"
published_at: "2026-08-24T20:03:00+05:30"
category: "Politics"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8c56ad3132b_kozhikode-dcc-president-praveen-kumar-clarifies-beypore-defeat-pv-anwar-row.jpg"
keywords: ["PV Anwar", "K Praveen Kumar MLA", "Beypore Election Defeat", "Kozhikode DCC"]
---

# 'ഞാൻ അൻവറിനെതിരെ പറഞ്ഞിട്ടില്ല, പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിച്ചാല്‍ അന്‍വര്‍ ജയിക്കുമായിരുന്നു എന്നാണ് ഉദ്ദേശിച്ചത്' - കെ പ്രവീണ്‍ കുമാര്‍

> **Lead Summary:** കോഴിക്കോട്: ബേപ്പൂര്‍ മണ്ഡലത്തിലെ തോല്‍വിയില്‍ കോണ്‍ഗ്രസിനെതിരെ പി വി അന്‍വര്‍ വിമര്‍ശനമുയര്‍ത്തിയതിന് പിന്നാലെ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ പ്രവീണ്‍ കുമാര്‍ എംഎല്‍എ. തോല്‍വിയില്‍ അദ്ദേഹം നടത്തിയ പ്രസംഗത്തിലാണ് വിശദീകരണം.

## Article Content

കോഴിക്കോട്: ബേപ്പൂര്‍ മണ്ഡലത്തിലെ തോല്‍വിയില്‍ കോണ്‍ഗ്രസിനെതിരെ പി വി അന്‍വര്‍ വിമര്‍ശനമുയര്‍ത്തിയതിന് പിന്നാലെ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ പ്രവീണ്‍ കുമാര്‍ എംഎല്‍എ. തോല്‍വിയില്‍ അദ്ദേഹം നടത്തിയ പ്രസംഗത്തിലാണ് വിശദീകരണം.

താന്‍ വ്യക്തിപരമായി ആരെയും ഉദ്ദേശിച്ച് പറഞ്ഞതല്ല എന്നാണ് പ്രവീൺ കുമാറിൻ്റെ വിശദീകരണം. പ്രവര്‍ത്തകരില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തകരുടെ യോഗത്തില്‍ പറഞ്ഞതാണ്.

ഏണിയോ , കൈപ്പത്തിയോ ചിഹ്നത്തില്‍ മത്സരിച്ചാല്‍ ആരായാലും ജയിക്കുമായിരുന്നു എന്നാണ് താന്‍ ഉദ്ദേശിച്ചത് എന്ന് അദ്ദേഹം വിശദീകരിച്ചു. പാര്‍ട്ടി ചിഹ്നത്തില്‍ ആണെങ്കില്‍ പിവി അന്‍വര്‍ ആയിരുന്നുവെങ്കിലും ജയിക്കുമായിരുന്നു.

അന്‍വറുമായി വ്യക്തിപരമായി ഒരു പ്രശനവും ഇല്ലെന്നും ഇപ്പോഴും നല്ല സൗഹൃദത്തിലാണെന്നും അദ്ദേഹം പറഞ്ഞു. അന്‍വറിനെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ബേപ്പൂരില്‍ തോല്‍വിക്ക് കാരണം സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ പോരായ്മയാണെന്നായിരുന്നു കെ പ്രവീണ്‍ കുമാറിന്റെ പ്രസംഗം. എന്നാല്‍ ഇതിന്റെ വീഡിയോ പോസ്റ്റ് ചെയ്ത് കൊണ്ട് കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനവുമായി പി വി അന്‍വര്‍ രംഗത്ത് വന്നിരുന്നു.

ചേര്‍ത്ത് നിര്‍ത്തിയവര്‍ തന്നെ പിന്നില്‍ നിന്ന് കുത്തിയെന്നും ചതിച്ചെന്നുമായിരുന്നു അന്‍വറിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞിരുന്നത്. 'ചതിച്ചതാര് ? ചന്തു തന്നെ. മഷിയിട്ടു നോക്കേണ്ട കാര്യമില്ല' എന്ന് തുടങ്ങുന്ന പോസ്റ്റില്‍ കോഴിക്കോട്ടെ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനമാണ് അദ്ദേഹം ഉന്നയിച്ചിരിക്കുന്നത്.

പിണറായിസത്തിനെതിരെ താന്‍ തടത്തിയ ഒറ്റയാള്‍ പോരാട്ടമാണ് 102 സീറ്റിന്റെ ഉയരത്തിലേക്ക് ചവിട്ടിക്കയറാന്‍ യുഡിഎഫിനെ പ്രാപ്തമാക്കിയത്. പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഒരു വാര്‍ഡിലേക്ക് മത്സരിച്ചാല്‍ പോലും കെട്ടിവെച്ച കാശ് തിരികെ ലഭിക്കാന്‍ സാധ്യതയില്ലാത്ത ബഹുഭൂരിപക്ഷം പേരും വിജയിച്ചത് ജീവന്‍ പണയം വെച്ച് താന്‍ നടത്തിയ പോരാട്ടത്തിന്റെ ഭാഗമാണ്.

മലര്‍ന്നു കിടന്നു തുപ്പുന്നവര്‍ ഈ മുന്നണിയുമായി സഹകരിക്കാന്‍ ഭാവിയിലും തയ്യാറായേക്കാവുന്ന സംഘടനകള്‍ക്കും വ്യക്തികള്‍ക്കും രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കും നല്‍കുന്ന സന്ദേശം എന്താണ് എന്നുകൂടി വ്യക്തമാക്കേണ്ടതുണ്ട് എന്നും അന്‍വര്‍ കോണ്‍ഗ്രസിനെതിരെ ഫേസ്ബുക്ക് കുറിപ്പിലൂടെ വിമര്‍ശനം ഉന്നയിച്ചിരുന്നു.

തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ക്കു മുമ്പ് പ്രചരണത്തിന് എത്തിയ നിലവിലെ മുഖ്യമന്ത്രി ഒരു യോഗത്തില്‍ വച്ച് 'ബേപ്പൂരില്‍ പി വി അന്‍വറിനെ വിജയിപ്പിച്ചാല്‍ ബേപ്പൂരിന് ഒരു സമ്മാനമുണ്ട് ' എന്ന് പറഞ്ഞതിലൂടെ മന്ത്രിസ്ഥാനം സ്വപ്നം കണ്ടവരുടെ ഉറക്കം കെട്ടിരുന്നോ എന്നും അന്‍വര്‍ പോസ്റ്റില്‍ ചോദ്യമുയര്‍ത്തിയിരുന്നു.

പാളയത്തിലെ ചതിയും, പിന്നില്‍ നിന്നുള്ള കുത്തും ഏറെ വേദനിപ്പിച്ചു എന്നും അദ്ദേഹം പറഞ്ഞു. ചേര്‍ത്തുപിടിക്കേണ്ടവരാല്‍ ചതിക്കപ്പെട്ടു എന്ന് ഈ സമൂഹത്തോട് വിളിച്ചു പറയാന്‍ തനിക്ക് ജാള്യതയുണ്ടെന്നും 'ഞങ്ങള്‍ ചതിച്ചതു തന്നെ' എന്ന് വിളിച്ചു പറയാന്‍ ഉളുപ്പില്ലാത്തവര്‍ ഉണ്ടെങ്കില്‍ ഇനിയും പറയട്ടെ എന്നും രൂക്ഷ വിമര്‍ശനം അന്‍വര്‍ ഉന്നയിച്ചിരുന്നു.

**English Summary:**

After PV Anwar criticized Congress over Beypore defeat, Kozhikode DCC President K Praveen Kumar MLA clarified his speech. He said he did not target anyone personally and spoke based on workers' feedback that anyone contesting on party symbol would have won. Anwar had earlier posted that those who embraced him betrayed him from behind and questioned Congress leadership, saying his solo fight against Pinarayism helped UDF win 102 seats.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/379892/kozhikode-dcc-president-praveen-kumar-clarifies-beypore-defeat-pv-anwar-row)