---
title: "ഇലയിട്ടിട്ട് ഊണില്ലാന്നോ....? ആറന്മുള വള്ളസദ്യ നൽകാമെന്ന് വിശ്വസിപ്പിച്ച് തട്ടിപ്പ്; ദേവസ്വം ജീവനക്കാരൻ ചമഞ്ഞ് പണം തട്ടി, പൊലീസ് കേസെടുത്തു"
english_title: "Fraud In Name Of Aranmula Vallasadya Police Register Case Against Fake Devaswom Staff"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/379510/aranmula-vallasadya-fraud-police-case-fake-devaswom-staff"
published_at: "2026-08-21T17:50:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8842b7a8c57_aranmula-vallasadya-fraud-police-case-fake-devaswom-staff.jpg"
keywords: ["Aranmula Vallasadya", "Devaswom Board", "Kerala Police", "Fraud News"]
---

# ഇലയിട്ടിട്ട് ഊണില്ലാന്നോ....? ആറന്മുള വള്ളസദ്യ നൽകാമെന്ന് വിശ്വസിപ്പിച്ച് തട്ടിപ്പ്; ദേവസ്വം ജീവനക്കാരൻ ചമഞ്ഞ് പണം തട്ടി, പൊലീസ് കേസെടുത്തു

> **Lead Summary:** പത്തനംതിട്ട: ആറന്മുള വള്ളസദ്യ നൽകാമെന്ന് വിശ്വസിപ്പിച്ച് തട്ടിപ്പ് നടത്തിയെന്ന പരാതിയിൽ പൊലീസ് കേസെടുത്തു. ദേവസ്വം ബോർഡ് ജീവനക്കാരനെന്ന വിശ്വസിപ്പിച്ചാണ് ഓൺലൈൻ വഴി പണം വാങ്ങിയത് എന്നാണ് പരാതി.

## Article Content

പത്തനംതിട്ട: ആറന്മുള വള്ളസദ്യ നൽകാമെന്ന് വിശ്വസിപ്പിച്ച് തട്ടിപ്പ് നടത്തിയെന്ന പരാതിയിൽ പൊലീസ് കേസെടുത്തു. ദേവസ്വം ബോർഡ് ജീവനക്കാരനെന്ന വിശ്വസിപ്പിച്ചാണ് ഓൺലൈൻ വഴി പണം വാങ്ങിയത് എന്നാണ് പരാതി.

പല ജില്ലകളിൽ നിന്നായി ക്ഷേത്രത്തിലെത്തിയപ്പോഴാണ് തട്ടിപ്പ് എന്ന് ആളുകൾ തിരിച്ചറിഞ്ഞത്. 5000 മുതൽ പതിനായിരം രൂപ വരെയാണ് പലരിൽ നിന്നായി തട്ടിയെടുത്തത് എന്നാണ് വിവരം.

കൊല്ലം സ്വദേശികൾ ഉൾപ്പെട്ട സംഘമാണ് ഇന്ന് ക്ഷേത്രത്തിലെത്തി കബളിപ്പിക്കപ്പെട്ടത് എന്ന് പറയുന്നു.ദേവസ്വം ബോർഡ് ജീവനക്കാരനെന്ന് സ്വയം പരിചയപ്പെടുത്തിയ വിപിൻ ദാസ് എന്ന ആൾ സമൂഹമാധ്യമങ്ങൾ വഴി പരസ്യം നൽകും എന്നാണ് പരാതിയിൽ പറയുന്നത്.

താല്പര്യം അറിയിക്കുന്നവരുമായി ചാറ്റ് ചെയ്യും. വള്ളസദ്യയും താമസവും ഉൾപ്പെടെ എല്ലാം ആറന്മുളയിൽ ഒരുക്കി നൽകാമെന്നാണ് വാഗ്ദാനം എന്നാണ് ആരോപണം. എന്നാൽ പണം വാങ്ങിയശേഷം പിന്നീട് ആളുകൾ ക്ഷേത്രത്തിലെത്തുമ്പോൾ ഇയാളെ ഫോണിൽ ലഭ്യമാകില്ല എന്നാണ് പരാതിക്കാർ പറയുന്നത്.

പല ജില്ലകളിൽ നിന്നുള്ള ആളുകൾ കഴിഞ്ഞ കുറേ ദിവസമായി തട്ടിപ്പിനിരയാകുകയാണ് എന്നാണ് വിവരം. ആദ്യം ലഭിച്ച പരാതികളിൽ ഒന്നിലാണ് ആറന്മുള പൊലീസ് ഇപ്പോൾ കേസെടുത്തത്. കൂടുതൽ പരാതികൾ പൊലീസിന്റെ പക്കലുണ്ട് എന്നാണ് അറിയിച്ചിരിക്കുന്നത്.

ശക്തമായ നടപടി വേണമെന്ന് പള്ളിയോട സേവാസംഘം ആവശ്യപ്പെട്ടു.ആറന്മുള ക്ഷേത്രത്തിൽ നിന്ന് മൂന്ന് രീതിയിലാണ് വള്ളസദ്യ ലഭ്യമാകുന്നത്. ഒന്ന് വഴിപാട് ബുക്ക് ചെയ്ത ആളുകൾ വഴി സദ്യ കഴിക്കാം. കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസം ആണ് മറ്റൊരു വഴി.

അല്ലെങ്കിൽ പള്ളിയോട സേവാസംഘം നൽകുന്ന സ്പെഷ്യൽ പാസ് വഴി സദ്യ ലഭ്യമാകും. സീസൺ തുടങ്ങിയ ആദ്യ ദിവസങ്ങളിൽ തന്നെ സ്പെഷ്യൽ പാസ് പൂർണമായിരുന്നു. അങ്ങനെയുള്ളപ്പോഴാണ് വള്ളസദ്യ നൽകാമെന്ന് വിശ്വസിപ്പിച്ചുള്ള തട്ടിപ്പ് നടന്നിരിക്കുന്നത് എന്നാണ് വിവരം.

**English Summary:**

Police have registered a case in Pathanamthitta over fraud in the name of Aranmula Vallasadya. According to complaints, a man identifying himself as Vipin Das, claiming to be a Devaswom Board employee, advertised on social media promising Vallasadya and accommodation after collecting Rs 5,000 to Rs 10,000 online. Devotees from various districts including Kollam realized they were cheated after reaching the temple and finding him unreachable. Police have more complaints and Palliyoda Seva Sangham has demanded strict action.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/379510/aranmula-vallasadya-fraud-police-case-fake-devaswom-staff)