---
title: "ഹോണടിച്ച് പാഞ്ഞ് ബസ്, റോഡിൽ വഴിമാറി നാട്ടുകാർ, എത്തിയത് ആശുപത്രി മുറ്റത്ത്; യാത്രയ്ക്കിടെ അപസ്മാരം ബാധിച്ച അഞ്ചുവയസ്സുകാരന് രക്ഷകരായി കെഎസ്ആർടിസി ജീവനക്കാർ"
english_title: "KSRTC Bus Rushes 5-Year-Old Boy With Epilepsy To Hospital In Malappuram"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/378217/ksrtc-bus-rushes-epilepsy-child-hospital-malappuram"
published_at: "2026-08-12T19:36:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7c7e81c77f9_ksrtc-bus-rushes-epilepsy-child-hospital-malappuram.jpg"
keywords: ["KSRTC", "Malappuram", "Tanur", "Epilepsy", "Kozhikode"]
---

# ഹോണടിച്ച് പാഞ്ഞ് ബസ്, റോഡിൽ വഴിമാറി നാട്ടുകാർ, എത്തിയത് ആശുപത്രി മുറ്റത്ത്; യാത്രയ്ക്കിടെ അപസ്മാരം ബാധിച്ച അഞ്ചുവയസ്സുകാരന് രക്ഷകരായി കെഎസ്ആർടിസി ജീവനക്കാർ

> **Lead Summary:** **മലപ്പുറം: **യാത്രക്കിടെ അപസ്മാരം ബാധിച്ച അഞ്ചുവയസുകാരന് സമയോചിതമായി ചികിത്സ ലഭ്യമാക്കാൻ കെഎസ്ആർടിസി ബസ് ആശുപത്രിയിലേക്ക് കുതിച്ചെത്തിയ സംഭവം നാട്ടുകാരുടെ പ്രശംസ നേടുന്നു. കോഴിക്കോട്ടുനിന്ന് ഗുരുവായൂരിലേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ബസിൽ ചിറക്കലിലെത്തിയപ്പോഴാണ് ചാവക്കാട് അകലാട് സ്വദേശികളായ കച്ചോത്തറ സാദിഖ്-ഇർഫാന ദമ്പതികളുടെ മകൻ ഇഹ്സാന് പൊടുന്നനെ അപസ്മാരം ബാധിച്ചത്.

## Article Content

**മലപ്പുറം: **യാത്രക്കിടെ അപസ്മാരം ബാധിച്ച അഞ്ചുവയസുകാരന് സമയോചിതമായി ചികിത്സ ലഭ്യമാക്കാൻ കെഎസ്ആർടിസി ബസ് ആശുപത്രിയിലേക്ക് കുതിച്ചെത്തിയ സംഭവം നാട്ടുകാരുടെ പ്രശംസ നേടുന്നു. കോഴിക്കോട്ടുനിന്ന് ഗുരുവായൂരിലേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ബസിൽ ചിറക്കലിലെത്തിയപ്പോഴാണ് ചാവക്കാട് അകലാട് സ്വദേശികളായ കച്ചോത്തറ സാദിഖ്-ഇർഫാന ദമ്പതികളുടെ മകൻ ഇഹ്സാന് പൊടുന്നനെ അപസ്മാരം ബാധിച്ചത്.

കുട്ടിയുടെ ആരോഗ്യനില വഷളായതോടെ കൂടെയുണ്ടായിരുന്നവരും മറ്റ് യാത്രക്കാരും പരിഭ്രാന്തരായി. ഉടൻതന്നെ ഡ്രൈവറും കണ്ടക്ടറും ഇടപെട്ടു. കുട്ടിക്ക് അടിയന്തര സഹായം നൽകിയതിന് പിന്നാലെ ബസ് സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്ക് അതിവേഗം തിരിച്ചുവിടുകയായിരുന്നു.

ലൈറ്റിട്ടും ഹോൺ മുഴക്കിയും യാത്രക്കാരുമായി താനൂർ മൂലക്കലിലെ സ്വകാര്യ ആശുപത്രിയിലേക്ക് കുതിച്ചെത്തിയ കെഎസ്ആർടിസി ബസ് കണ്ടപ്പോൾ നാട്ടുകാരും ആശുപത്രിയിലുള്ളവരും ആദ്യം അമ്പരന്നു. പിന്നീടാണ് സംഭവത്തിന്റെ ഗൗരവം അവർക്ക് ബോധ്യമായത്. സമയോചിതമായ ഇടപെടൽ കാരണം കുട്ടിക്ക് ഉടൻ വൈദ്യസഹായം ലഭിച്ചു. ഇഹ്സാന് ഇപ്പോൾ ആശുപത്രിയിൽ ചികിത്സ തുടരുകയാണ്.

മാതൃകാപരമായ പ്രവർത്തനത്തിന് ഡ്രൈവറായ പൊന്നാനി സ്വദേശി വിഷ്ണുവിനെയും കണ്ടക്ടറായ ആനക്കര സ്വദേശി സുരേഷ് കുമാറിനെയും വകുപ്പ് ജീവനക്കാരും നാട്ടുകാരും അഭിനന്ദിച്ചു. മനുഷ്യത്വപരമായ ഇടപെടൽ കൂടുതൽ പേർക്ക് മാതൃകയാകണമെന്നും അവർ പറഞ്ഞു.

**English Summary:**

A KSRTC bus travelling from Kozhikode to Guruvayur rushed a 5-year-old boy, Ihsan from Chavakkad Akalad, to a private hospital in Tanur Moolakkal after he suffered an epileptic seizure near Chirakkal. The driver Vishnu from Ponnani and conductor Suresh Kumar from Anakara, with help from passengers, provided immediate aid and diverted the bus. The timely action was praised by officials and locals.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/378217/ksrtc-bus-rushes-epilepsy-child-hospital-malappuram)