---
title: "സുഖമായി ഉറങ്ങിക്കോളൂ...! കനത്ത മഴ തുടരുന്നതിനാൽ സംസ്ഥാനത്തെ 12 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി"
english_title: "Heavy Rain in Kerala: Holiday Declared for Schools and Colleges in 12 Districts"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/376258/kerala-heavy-rain-school-college-holiday-12-districts"
published_at: "2026-08-03T06:35:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6fe9cd20e92_kerala-heavy-rain-school-college-holiday-12-districts.jpg"
keywords: ["Kerala Rain", "School Holiday", "IMD Alert", "Kerala Education"]
---

# സുഖമായി ഉറങ്ങിക്കോളൂ...! കനത്ത മഴ തുടരുന്നതിനാൽ സംസ്ഥാനത്തെ 12 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

> **Lead Summary:** തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിൽ 12 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. ജില്ലാ കളക്ടർമാരാണ് അവധി സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.

## Article Content

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിൽ 12 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. ജില്ലാ കളക്ടർമാരാണ് അവധി സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.

അവസാനമായി ആലപ്പുഴ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു. കനത്ത മഴയും ജലനിരപ്പ് ഉയരുന്നതും കണക്കിലെടുത്താണ് ഈ തീരുമാനം.

നേരത്തെ തന്നെ കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശ്ശൂർ, എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട എന്നീ 11 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിരുന്നു. ഇതോടെ സംസ്ഥാനത്തെ 12 ജില്ലകളിലാണ് ഇന്ന് ക്ലാസുകൾ ഉണ്ടാകാത്തത്.

സ്കൂളുകൾ, അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ, കോച്ചിംഗ് ക്ലാസുകൾ, പ്രൊഫഷണൽ കോളേജുകൾ എന്നിവയ്ക്കെല്ലാം അവധി ബാധകമാണ്. റെസിഡൻഷ്യൽ സ്കൂളുകളിലെയും കോളേജുകളിലെയും വിദ്യാർത്ഥികളുടെ സുരക്ഷിതത്വം സ്ഥാപന മേധാവികൾ ഉറപ്പുവരുത്തണമെന്ന് ജില്ലാ ഭരണകൂടങ്ങൾ നിർദേശം നൽകി.

ആവശ്യമെങ്കിൽ കുട്ടികളുടെ സുരക്ഷ കണക്കിലെടുത്ത് അധിക അവധി നൽകാനുള്ള അധികാരവും ഹെഡ്മാസ്റ്റർമാർക്കും പ്രിൻസിപ്പൽമാർക്കും നൽകിയിട്ടുണ്ട്.

എന്നാൽ നേരത്തെ നിശ്ചയിച്ചിട്ടുള്ള പൊതുപരീക്ഷകൾക്കും യൂണിവേഴ്സിറ്റി പരീക്ഷകൾക്കും മാറ്റമില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. പരീക്ഷ എഴുതാൻ പോകുന്ന വിദ്യാർത്ഥികൾക്ക് യാത്രയ്ക്ക് ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാൻ വേണ്ട ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.

കേന്ദ്ര കാലാവസ്ഥാ വകുപ്പ് സംസ്ഥാനത്ത് ഇന്നും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. താഴ്ന്ന പ്രദേശങ്ങളിലും നദീതീരങ്ങളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റികളും അറിയിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്കൻ ഗുജറാത്ത് തീരം മുതൽ വടക്കൻ കേരള തീരം വരെ നീളുന്ന തീരദേശ ന്യൂനമർദ്ദ പാത്തിയുടെ സ്വാധീനത്തിലാണ് കേരളത്തിൽ മഴ ശക്തമായത്.

ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും മണിക്കൂറിൽ 40-50 കി.മീ വരെ വേഗതയിൽ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. കാലാവസ്ഥ മോശമായതിനാൽ കേരള തീരത്തുനിന്ന് മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് കാലാവസ്ഥാ വകുപ്പ് കർശന നിർദേശം നൽകി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/376258/kerala-heavy-rain-school-college-holiday-12-districts)