---
title: "ആത്മഹത്യയോ അപകടമോ ...? ഡോക്ടറായ യുവതി കെട്ടിടത്തിന്റെ അഞ്ചാംനിലയിൽ നിന്ന് വീണ് മരിച്ചു; അന്വേഷണം"
english_title: "Woman Psychiatrist Dr Hemika Agarwal Dies After Falling from Ghaziabad Apartment Building"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/376255/ghaziabad-woman-doctor-dr-hemika-agarwal-dies-fall-apartment"
published_at: "2026-08-03T05:57:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6fe0c6b7dd6_ghaziabad-woman-doctor-dr-hemika-agarwal-dies-fall-apartment.jpg"
keywords: ["Woman Doctor Death", "Apartment Fall", "Suicide", "UP News"]
---

# ആത്മഹത്യയോ അപകടമോ ...? ഡോക്ടറായ യുവതി കെട്ടിടത്തിന്റെ അഞ്ചാംനിലയിൽ നിന്ന് വീണ് മരിച്ചു; അന്വേഷണം

> **Lead Summary:** ഗാസിയാബാദ്: ഉത്തർപ്രദേശിലെ ഗാസിയാബാദിൽ വനിതാ ഡോക്ടർ അപ്പാർട്ട്മെന്റ് കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചു. രാജ്നഗർ എക്സ്റ്റൻഷനിൽ താമസിക്കുന്ന മനോരോഗ ചികിത്സാവിദഗ്ധ ഡോ. ഹേമിക അഗർവാൾ ആണ് മരിച്ചത്. ഞായറാഴ്ച രാത്രി 7.30 ഓടെയായിരുന്നു സംഭവം.

## Article Content

ഗാസിയാബാദ്: ഉത്തർപ്രദേശിലെ ഗാസിയാബാദിൽ വനിതാ ഡോക്ടർ അപ്പാർട്ട്മെന്റ് കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചു. രാജ്നഗർ എക്സ്റ്റൻഷനിൽ താമസിക്കുന്ന മനോരോഗ ചികിത്സാവിദഗ്ധ ഡോ. ഹേമിക അഗർവാൾ ആണ് മരിച്ചത്. ഞായറാഴ്ച രാത്രി 7.30 ഓടെയായിരുന്നു സംഭവം.

അപ്പാർട്ട്മെന്റ് കെട്ടിടത്തിന്റെ അഞ്ചാം നിലയിൽ നിന്നാണ് ഡോക്ടർ താഴേക്ക് വീണത്. സംഭവം കണ്ട അപ്പാർട്ട്മെന്റിലെ മറ്റ് താമസക്കാർ ഉടൻ തന്നെ ഓടിയെത്തി യുവതിയെ രക്ഷിച്ച് സമീപത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

എന്നാൽ ആശുപത്രിയിലെത്തിക്കുന്നതിന് മുമ്പ് തന്നെ മരണം സംഭവിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു.

സംഭവം ആത്മഹത്യയാണോ അപകടമാണോ എന്നതടക്കമുള്ള കാര്യങ്ങൾ പൊലീസ് വിശദമായി പരിശോധിച്ചുവരികയാണ്. സംഭവസ്ഥലത്ത് ആത്മഹത്യാ കുറിപ്പോ മറ്റു രേഖകളോ ഇതുവരെ കണ്ടെത്തിയിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.

ഫൊറൻസിക് സംഘം സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. കെട്ടിടത്തിലെ സിസിടിവി ദൃശ്യങ്ങളും മൊബൈൽ ഫോൺ രേഖകളും ഉൾപ്പെടെ എല്ലാ വശങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്.

ഡോ. ഹേമിക ഒന്നര വർഷം മുമ്പാണ് വിവാഹമോചിതയായതെന്ന് കുടുംബം പറയുന്നു. ഇതിനു ശേഷം മകൾ കടുത്ത മാനസിക പ്രയാസങ്ങൾ നേരിട്ടിരുന്നതായി പിതാവും പ്രശസ്ത മനോരോഗ ചികിത്സാവിദഗ്ധനുമായ ഡോ. ആർ. ചന്ദ്ര പറഞ്ഞു.

മകൾ ചികിത്സ തേടിയിരുന്നതിന്റെ വിവരങ്ങളും മരുന്നുകളുടെ രേഖകളും പൊലീസിന് കൈമാറിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പ്രൊഫഷണൽ ജീവിതത്തിൽ സജീവമായിരുന്ന ഡോ. ഹേമികയുടെ മരണം സഹപ്രവർത്തകർക്കും രോഗികൾക്കും വലിയ ഞെട്ടലാണ് ഉണ്ടാക്കിയത്.

സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് ഗാസിയാബാദ് പൊലീസ് അറിയിച്ചു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷമേ മരണകാരണത്തിൽ വ്യക്തത വരൂ.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/376255/ghaziabad-woman-doctor-dr-hemika-agarwal-dies-fall-apartment)