---
title: "ഓട്ടോക്കൂലി തർക്കം കലാശിച്ചത് ചോരക്കളിയിൽ; മൂന്നാറിൽ ഓട്ടോഡ്രൈവർക്ക് വെട്ടേറ്റു, ഒരാൾ അറസ്റ്റിൽ"
english_title: "Auto Driver Stabbed Over Fare Dispute In Munnar One Arrested"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/376248/munnar-auto-driver-stabbed-fare-dispute-"
published_at: "2026-08-02T21:59:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6f715f0eed4_munnar-auto-driver-stabbed-fare-dispute.jpg"
keywords: ["Munnar", "Auto Driver Attack", "Stabbing"]
---

# ഓട്ടോക്കൂലി തർക്കം കലാശിച്ചത് ചോരക്കളിയിൽ; മൂന്നാറിൽ ഓട്ടോഡ്രൈവർക്ക് വെട്ടേറ്റു, ഒരാൾ അറസ്റ്റിൽ

> **Lead Summary:** **ഇടുക്കി: ** മൂന്നാറിൽ ഓട്ടോക്കൂലിയെച്ചൊല്ലിയുള്ള തർക്കം കലാശിച്ചത് ചോരക്കളിയിൽ. മദ്യലഹരിയിലുണ്ടായ വാക്കേറ്റത്തിനിടെ ഓട്ടോ ഡ്രൈവർക്ക് കഴുത്തിലും മുഖത്തും വെട്ടേറ്റു. സംഭവത്തിൽ പ്രതിയെ മൂന്നാർ പൊലീസ് അറസ്റ്റ് ചെയ്തു. മൂന്നാർ സ്വദേശി ടി. രാംകുമാർ ആണ് പിടിയിലായത്. വെട്ടേറ്റത് നല്ലതണ്ണി എസ്റ്റേറ്റിലെ നടയാർ ഡിവിഷൻ സ്വദേശി ശരവണ കുമാർ ആണ്.

## Article Content

**ഇടുക്കി: ** മൂന്നാറിൽ ഓട്ടോക്കൂലിയെച്ചൊല്ലിയുള്ള തർക്കം കലാശിച്ചത് ചോരക്കളിയിൽ. മദ്യലഹരിയിലുണ്ടായ വാക്കേറ്റത്തിനിടെ ഓട്ടോ ഡ്രൈവർക്ക് കഴുത്തിലും മുഖത്തും വെട്ടേറ്റു. സംഭവത്തിൽ പ്രതിയെ മൂന്നാർ പൊലീസ് അറസ്റ്റ് ചെയ്തു. മൂന്നാർ സ്വദേശി ടി. രാംകുമാർ ആണ് പിടിയിലായത്. വെട്ടേറ്റത് നല്ലതണ്ണി എസ്റ്റേറ്റിലെ നടയാർ ഡിവിഷൻ സ്വദേശി ശരവണ കുമാർ ആണ്.

വെള്ളിയാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം. ജോലി കഴിഞ്ഞ് ഓട്ടോയിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്നു രാംകുമാർ. വഴിയിൽ വെച്ച് ഓട്ടോക്കൂലിയുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായി. മദ്യലഹരിയിലായിരുന്ന രാംകുമാർ പെട്ടെന്ന് പ്രകോപിതനാവുകയും കൈയിലുണ്ടായിരുന്ന ആയുധം കൊണ്ട് ശരവണ കുമാറിനെ വെട്ടുകയുമായിരുന്നു. കഴുത്തിലും മുഖത്തുമാണ് വെട്ടേറ്റത്. ഉടൻ തന്നെ നാട്ടുകാർ ചേർന്ന് ശരവണ കുമാറിനെ ആശുപത്രിയിൽ എത്തിച്ചു.

ഗുരുതരമായി പരുക്കേറ്റ ശരവണ കുമാർ നിലവിൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ആരോഗ്യനിലയിൽ ആശങ്കയില്ലെന്നാണ് ആശുപത്രി വൃത്തങ്ങൾ അറിയിച്ചത്. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ മൂന്നാർ പൊലീസ് രാംകുമാറിനെ കസ്റ്റഡിയിൽ എടുത്തു. മദ്യലഹരിയിലായിരുന്നു പ്രതിയെന്ന് പൊലീസ് പറഞ്ഞു.പ്രതിക്കെതിരെ കൊലപാതക ശ്രമത്തിന് കേസെടുത്തിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്യും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/376248/munnar-auto-driver-stabbed-fare-dispute-)