---
title: "കുറ്റ്യാടി പുഴയുടെ തീരങ്ങളിൽ ജാഗ്രതാ നിർദേശം; കക്കയം ഡാം ഷട്ടറുകൾ 30 മിനിട്ടിനുള്ളിൽ തുറക്കും"
english_title: "Kakkayam Dam Shutters To Open In 30 Minutes Alert For Kuttiyadi River Banks"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/376237/kakkayam-dam-shutters-open-kuttiyadi-river-alert"
published_at: "2026-08-02T20:01:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6f557d2b9b1_kakkayam-dam-shutters-open-kuttiyadi-river-alert.jpg"
keywords: ["Kerala Rain", "Kakkayam Dam", "Kozhikode", "Flood Alert", "Kuttiyadi River"]
---

# കുറ്റ്യാടി പുഴയുടെ തീരങ്ങളിൽ ജാഗ്രതാ നിർദേശം; കക്കയം ഡാം ഷട്ടറുകൾ 30 മിനിട്ടിനുള്ളിൽ തുറക്കും

> **Lead Summary:** **കോഴിക്കോട്: **കക്കയം ഡാമിലെ ജലനിരപ്പ് പരമാവധി സംഭരണ ശേഷി കടന്നതിനെ തുടർന്ന് ഡാമിന്റെ ഷട്ടറുകൾ 30 മിനിട്ടിനുള്ളിൽ തുറക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.കനത്ത മഴയെത്തുടർന്ന് ഡാമിലേക്കുള്ള നീരൊഴുക്ക് വർധിച്ച സാഹചര്യത്തിലാണ് ഈ തീരുമാനം. കുറ്റ്യാടി പുഴയുടെ തീരങ്ങളിൽ താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് കളക്ടർ നിർദേശം നൽകി.

## Article Content

**കോഴിക്കോട്: **കക്കയം ഡാമിലെ ജലനിരപ്പ് പരമാവധി സംഭരണ ശേഷി കടന്നതിനെ തുടർന്ന് ഡാമിന്റെ ഷട്ടറുകൾ 30 മിനിട്ടിനുള്ളിൽ തുറക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.കനത്ത മഴയെത്തുടർന്ന് ഡാമിലേക്കുള്ള നീരൊഴുക്ക് വർധിച്ച സാഹചര്യത്തിലാണ് ഈ തീരുമാനം. കുറ്റ്യാടി പുഴയുടെ തീരങ്ങളിൽ താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് കളക്ടർ നിർദേശം നൽകി.

നിലവിൽ ഡാമിലെ ജലനിരപ്പ് അപകടകരമായ രീതിയിൽ ഉയർന്നിട്ടുണ്ട്. അണക്കെട്ടിന്റെ സുരക്ഷ മുൻനിർത്തിയാണ് ഷട്ടറുകൾ ഉയർത്തുന്നത്. അടുത്ത 30 മിനിറ്റിനുള്ളിൽ ഘട്ടംഘട്ടമായി ഷട്ടറുകൾ തുറന്ന് അധികജലം കുറ്റ്യാടി പുഴയിലേക്ക് ഒഴുക്കും.

കുറ്റ്യാടി പുഴയുടെ ഇരുകരകളിലും താമസിക്കുന്നവരും പുഴ കടക്കുന്നവരും ജാഗ്രത പാലിക്കണം. പുഴയിൽ ഇറങ്ങുന്നതും മണൽ കടത്തും മറ്റ് ആവശ്യങ്ങൾക്കായി പുഴയോരത്ത് പോകുന്നതും പൂർണമായും ഒഴിവാക്കണമെന്ന് അധികൃതർ അറിയിച്ചു.താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർ വെള്ളം കയറാനുള്ള സാധ്യത കണക്കിലെടുത്ത് ആവശ്യമായ സാധനങ്ങളുമായി സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറാൻ തയ്യാറായിരിക്കണം.

ഡാം തുറക്കുന്ന വിവരം സൈറൺ മുഴക്കിയും മൈക്ക് അനൗൺസ്‌മെന്റിലൂടെയും നാട്ടുകാരെ അറിയിക്കും. ദുരന്ത സാധ്യത കണക്കിലെടുത്ത് ഫയർഫോഴ്സ്, പൊലീസ്, റവന്യൂ സംഘങ്ങൾ കുറ്റ്യാടി പുഴയുടെ തീരങ്ങളിൽ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.അടിയന്തര സാഹചര്യത്തിൽ 1077 എന്ന ജില്ലാ ദുരന്ത നിവാരണ സെൽ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.കാലാവസ്ഥ മെച്ചപ്പെടുന്നതുവരെ സ്ഥിതിഗതികൾ തുടർന്നും നിരീക്ഷിക്കുമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/376237/kakkayam-dam-shutters-open-kuttiyadi-river-alert)