---
title: "കണ്ണൂരിൽ കനത്ത മഴ; പേര്യ ചുരത്തിൽ വീണ്ടും മണ്ണിടിച്ചിലിനെ തുടർന്ന് ഗതാഗതം പൂർണ്ണമായി തടസ്സപ്പെട്ടു"
english_title: "Periya Ghat In Kannur Hit By Fresh Landslide Amid Heavy Rain, Traffic Disrupted"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/376228/kannur-periya-ghat-landslide-traffic-blocked-heavy-rain-"
published_at: "2026-08-02T17:27:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6f31611362f_kannur-periya-ghat-landslide-traffic-blocked-heavy-rain-.jpg"
keywords: ["Kannur", "Periya Ghat", "Landslide", "Kerala Rain", "Wayanad Road", "Traffic Block"]
---

# കണ്ണൂരിൽ കനത്ത മഴ; പേര്യ ചുരത്തിൽ വീണ്ടും മണ്ണിടിച്ചിലിനെ തുടർന്ന് ഗതാഗതം പൂർണ്ണമായി തടസ്സപ്പെട്ടു

> **Lead Summary:** **കണ്ണൂർ : **കണ്ണൂരിൽ പെയ്യുന്ന കനത്ത മഴയെത്തുടർന്ന് പേര്യ ചുരത്തിൽ വീണ്ടും മണ്ണിടിച്ചിലുണ്ടായി. ഇതോടെ ഇതുവഴിയുള്ള ഗതാഗതം പൂർണമായും തടസ്സപ്പെട്ടിരിക്കുകയാണ്. ഇന്നലെയും ഇവിടെ ചെറിയ തോതിൽ മണ്ണിടിച്ചിൽ ഉണ്ടായിരുന്നുവെങ്കിലും പെട്ടെന്നുതന്നെ കല്ലും മണ്ണും നീക്കം ചെയ്ത് ഗതാഗതയോഗ്യമാക്കിയിരുന്നു.

## Article Content

**കണ്ണൂർ : **കണ്ണൂരിൽ പെയ്യുന്ന കനത്ത മഴയെത്തുടർന്ന് പേര്യ ചുരത്തിൽ വീണ്ടും മണ്ണിടിച്ചിലുണ്ടായി. ഇതോടെ ഇതുവഴിയുള്ള ഗതാഗതം പൂർണമായും തടസ്സപ്പെട്ടിരിക്കുകയാണ്. ഇന്നലെയും ഇവിടെ ചെറിയ തോതിൽ മണ്ണിടിച്ചിൽ ഉണ്ടായിരുന്നുവെങ്കിലും പെട്ടെന്നുതന്നെ കല്ലും മണ്ണും നീക്കം ചെയ്ത് ഗതാഗതയോഗ്യമാക്കിയിരുന്നു.

എന്നാൽ, ഇന്ന് ഉച്ചയോടെ വീണ്ടും വലിയ രീതിയിൽ മണ്ണിടിഞ്ഞുവീഴുകയായിരുന്നു. വയനാട്ടിൽ നിന്ന് കണ്ണൂരിലേക്ക് വരുന്ന വാഹനങ്ങളും തിരിച്ചുള്ളവയും നിലവിൽ റോഡിൽ കുടുങ്ങിക്കിടക്കുന്ന അവസ്ഥയാണുള്ളത്. മറ്റു റോഡുകളിൽ അപകടസാധ്യത നിലനിൽക്കുന്നതിനാൽ അടച്ചിട്ടിരിക്കുകയാണ്.

അതിനാൽ ഈ പാതയാണ് പ്രധാനമായും വാഹനങ്ങൾ ആശ്രയിക്കുന്നത്. റോഡിലേക്ക് പതിച്ച കല്ലും മണ്ണും എത്രയും പെട്ടെന്ന് നീക്കം ചെയ്ത് ഗതാഗതം സാധാരണ നിലയിലാക്കാനുള്ള തീവ്രശ്രമങ്ങൾ നടന്നുവരികയാണ്.

അതേസമയം പത്തനംതിട്ട ജില്ലയിൽ കനത്ത മഴയും വിവിധ മേഖലകളിലെ പ്രളയവും തുടരുന്ന സാഹചര്യം കണക്കിലെടുത്ത് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്‌ തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. അങ്കണവാടികൾ, പ്രൊഫഷണൽ കോളജുകൾ, ട്യൂഷൻ സെന്ററുകൾ എന്നിവയുൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും.

എന്നാൽ, മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള പൊതു പരീക്ഷകൾക്കും യൂണിവേഴ്സിറ്റി പരീക്ഷകൾക്കും യാതൊരു മാറ്റവും ഉണ്ടായിരിക്കുന്നതല്ലെന്ന് അധികൃതർ അറിയിച്ചു. ജില്ലയിൽ മഴ ശക്തമായി തുടരുന്നതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അത്യാവശ്യ ഘട്ടങ്ങളിൽ അല്ലാതെ യാത്രകൾ ഒഴിവാക്കണമെന്നും ജില്ലാ ഭരണകൂടം നിർദ്ദേശം നൽകിയിട്ടുണ്ട്. Weather

### Related Links & Sources
- [Original Story Source](https://truevisionnews.com/news/376228/kannur-periya-ghat-landslide-traffic-blocked-heavy-rain-)