---
title: "മുഖ്യമന്ത്രി പറഞ്ഞ് പറ്റിച്ചോ? സ്‌കൂൾ വിദ്യാർഥിനികൾക്ക് മൂന്നു ദിവസത്തെ ആർത്തവാവധി; ഉത്തരവ് ഇനിയും പുറത്തിറങ്ങിയില്ല"
english_title: "Kerala Menstrual Leave For School Girls: Govt Order Delayed, Students Face Issues"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/375877/kerala-school-girls-menstrual-leave-order-delayed"
published_at: "2026-08-01T09:23:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6d6e9699d9b_kerala-school-girls-menstrual-leave-order-delayed.jpg"
keywords: ["Kerala School", "Menstrual Leave", "VD Satheesan", "Students", "Education Policy", "Kerala Government"]
---

# മുഖ്യമന്ത്രി പറഞ്ഞ് പറ്റിച്ചോ? സ്‌കൂൾ വിദ്യാർഥിനികൾക്ക് മൂന്നു ദിവസത്തെ ആർത്തവാവധി; ഉത്തരവ് ഇനിയും പുറത്തിറങ്ങിയില്ല

> **Lead Summary:** **തിരുവനന്തപുരം: **സംസ്ഥാനത്തെ സ്‌കൂൾ വിദ്യാർഥിനികൾക്ക് മാസത്തിൽ മൂന്നു ദിവസം ആർത്തവാവധി അനുവദിക്കുമെന്ന സർക്കാർ പ്രഖ്യാപനം ഉണ്ടായി മാസങ്ങൾ പിന്നിടുമ്പോഴും ഔദ്യോഗിക ഉത്തരവ് പുറത്തിറങ്ങാത്തത് ആശങ്ക ഉയർത്തുന്നു. മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ അവതരിപ്പിച്ച ആദ്യ നയപ്രഖ്യാപനത്തിൽ ഇടംപിടിച്ച ഈ പ്രഖ്യാപനത്തിന് വിദ്യാർഥിനികൾ, രക്ഷിതാക്കൾ, അധ്യാപകർ എന്നിവരിൽ നിന്ന് വൻ സ്വീകാര്യതയാണ് ലഭിച്ചത്.

## Article Content

**തിരുവനന്തപുരം: **സംസ്ഥാനത്തെ സ്‌കൂൾ വിദ്യാർഥിനികൾക്ക് മാസത്തിൽ മൂന്നു ദിവസം ആർത്തവാവധി അനുവദിക്കുമെന്ന സർക്കാർ പ്രഖ്യാപനം ഉണ്ടായി മാസങ്ങൾ പിന്നിടുമ്പോഴും ഔദ്യോഗിക ഉത്തരവ് പുറത്തിറങ്ങാത്തത് ആശങ്ക ഉയർത്തുന്നു. മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ അവതരിപ്പിച്ച ആദ്യ നയപ്രഖ്യാപനത്തിൽ ഇടംപിടിച്ച ഈ പ്രഖ്യാപനത്തിന് വിദ്യാർഥിനികൾ, രക്ഷിതാക്കൾ, അധ്യാപകർ എന്നിവരിൽ നിന്ന് വൻ സ്വീകാര്യതയാണ് ലഭിച്ചത്.

സ്‌കൂളുകൾ തുറന്നു രണ്ടു മാസത്തിലേറെയായിട്ടും അവധി ആനുകൂല്യം പ്രാവർത്തികമായിട്ടില്ല. നിലവിൽ ഉത്തരവില്ലാത്തതിനാൽ ഹെഡ്മാസ്റ്റർമാർക്കും അധ്യാപകർക്കും ലീവ് രേഖപ്പെടുത്തുന്നതിനുള്ള മാർഗനിർദേശമില്ല. ഇതോടെ ആർത്തവ സമയത്ത് ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടായിട്ടും പല വിദ്യാർഥിനികൾക്കും സാധാരണ അവധി എടുക്കുകയോ ക്ലാസിൽ പങ്കെടുക്കുകയോ ചെയ്യേണ്ട ഗതികേടിലാണ്.

പ്രഖ്യാപനത്തോടൊപ്പം നഷ്ടമാകുന്ന ക്ലാസുകൾ നികത്താൻ പ്രത്യേക അക്കാദമിക് പിന്തുണ നൽകുമെന്നും സർക്കാർ അറിയിച്ചിരുന്നു. എന്നാൽ വാരാന്ത്യങ്ങളിൽ അധിക ക്ലാസുകൾ നടത്തുന്നത് പ്രായോഗികമല്ലെന്ന വിലയിരുത്തലാണ് ഇപ്പോൾ ഉയരുന്നത്. ഒരു വിദ്യാർഥിനി മാസം മൂന്നു ദിവസം അവധി എടുത്താൽ ഒരു വർഷം 30-ലേറെ ക്ലാസുകൾ നഷ്ടപ്പെടാനിടയുണ്ട്.

ശനിയാഴ്ച ഉൾപ്പെടെ സ്‌കൂളിൽ എത്തേണ്ടി വരുന്നതിനാൽ അധ്യാപകരുടെ സഹകരണം ലഭിക്കുമോ എന്ന കാര്യത്തിലും വ്യക്തതയില്ല. ഓൺലൈൻ ക്ലാസുകൾക്കായി അധ്യാപകർ പ്രത്യേക സമയം കണ്ടെത്തേണ്ടി വരും എന്നതും തടസമാണ്. അതേസമയം അവധിക്ക് പകരം സ്‌കൂളുകളിൽ ആർത്തവകാല ശുചിത്വ സൗകര്യങ്ങൾ ശക്തമാക്കണമെന്ന നിർദേശവും ശക്തമാണ്.

ശുചിമുറികളിൽ സാനിറ്ററി നാപ്കിൻ വെൻഡിംഗ് മെഷീനുകൾ, ഇൻസിനറേറ്ററുകൾ, വിശ്രമ മുറികൾ എന്നിവ ഒരുക്കുന്നതാണ് കൂടുതൽ പ്രയോജനകരമെന്നാണ് ചില വിദ്യാഭ്യാസ വിദഗ്ധരുടെ അഭിപ്രായം. ലീവ് അപേക്ഷയുടെ ഫോർമാറ്റ്, ഹാജർ നിലയിൽ ഇളവ് നൽകുന്ന രീതി, പരീക്ഷകളുടെ സമയക്രമം എന്നിവ സംബന്ധിച്ചും ഇപ്പോൾ അവ്യക്തത നിലനിൽക്കുന്നു.

ഉത്തരവ് വൈകുന്നതോടെ നയത്തിന്റെ ഉദ്ദേശ്യം പൂർണമായി നടപ്പാകാതെ പോകുമെന്ന ആശങ്കയിലാണ് വിദ്യാർഥി സംഘടനകൾ. വിദ്യാർഥിനികളുടെ ആരോഗ്യവും പഠനവും ഒരുപോലെ സംരക്ഷിക്കപ്പെടുന്ന തരത്തിൽ വേഗത്തിൽ മാർഗരേഖ പുറത്തിറക്കണമെന്നാണ് പൊതുവികാരം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/375877/kerala-school-girls-menstrual-leave-order-delayed)