---
title: "'രാജിവെക്കൂ, അല്ലെങ്കിൽ അവധിയെടുക്കൂ'; 'കള്ളന്‍ വിജയന്‍' ലേഖന വിവാദത്തിൽ ന്യൂസ് എഡിറ്റർ കെ.ആർ അജയനെതിരെ നടപടി"
english_title: "Deshabhimani Takes Action Over Kallan Vijayan Article Controversy"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/375818/deshabhimani-action-kallan-vijayan-article-controversy"
published_at: "2026-07-31T18:39:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6c9f28273c4_deshabhimani-action-kallan-vijayan-article-controversy.jpg"
keywords: ["Deshabhimani", "Kallan Vijayan", "CPI(M)", "Kerala Politics", "KR Ajayan"]
---

# 'രാജിവെക്കൂ, അല്ലെങ്കിൽ അവധിയെടുക്കൂ'; 'കള്ളന്‍ വിജയന്‍' ലേഖന വിവാദത്തിൽ ന്യൂസ് എഡിറ്റർ കെ.ആർ അജയനെതിരെ നടപടി

> **Lead Summary:** **തിരുവനന്തപുരം: ** 'കള്ളന്‍ വിജയന്‍' എന്ന ലേഖന വിവാദത്തിൽ ദേശാഭിമാനിക്കെതിരെ സി.പി.ഐ.എം നേതൃത്വം കടുത്ത നടപടി. വാരാന്തപ്പതിപ്പിന്റെ ചുമതലയുണ്ടായിരുന്ന ന്യൂസ് എഡിറ്റർ കെ.ആർ അജയനോട് രാജിവെയ്ക്കാനോ അവധിയെടുക്കാനോ ചീഫ് എഡിറ്റർ പുത്തലത്ത് ദിനേശൻ നിർദ്ദേശിച്ചു.

## Article Content

**തിരുവനന്തപുരം: ** 'കള്ളന്‍ വിജയന്‍' എന്ന ലേഖന വിവാദത്തിൽ ദേശാഭിമാനിക്കെതിരെ സി.പി.ഐ.എം നേതൃത്വം കടുത്ത നടപടി. വാരാന്തപ്പതിപ്പിന്റെ ചുമതലയുണ്ടായിരുന്ന ന്യൂസ് എഡിറ്റർ കെ.ആർ അജയനോട് രാജിവെയ്ക്കാനോ അവധിയെടുക്കാനോ ചീഫ് എഡിറ്റർ പുത്തലത്ത് ദിനേശൻ നിർദ്ദേശിച്ചു.

സി.പി.ഐ.എം സംസ്ഥാന നേതൃത്വത്തിന്റെ നിർദ്ദേശത്തെ തുടർന്നാണ് നടപടി. വിഷയത്തിൽ നേരത്തെ തന്നെ പാർട്ടി ഇടപെടുകയും കെ.ആർ അജയന് വിശദീകരണ നോട്ടീസ് നൽകുകയും ചെയ്തിരുന്നു. 'കള്ളന്‍ വിജയന്‍, ധന്യ നാടക ഗ്രാമം, മുത്തിപ്പാറ പി.ഒ' എന്ന തലക്കെട്ടോടെയാണ് വാരാന്തപ്പതിപ്പിൽ ലേഖനം വന്നത്. ഇതിൽ പാർട്ടി വിരുദ്ധതയില്ലെന്നും തലക്കെട്ടിൽ പ്രശ്നം കാണുന്നില്ലെന്നുമായിരുന്നു അജയന്റെ മറുപടി.

> "ഏറ്റവും മികച്ചത് എന്ന നിലയിലാണ് തലക്കെട്ട് നൽകിയത്. തെറ്റ് പറ്റിയതായി തോന്നുന്നുണ്ടെങ്കിൽ തിരുത്താൻ തയ്യാറാണ്" എന്നും അദ്ദേഹം വിശദീകരണത്തിൽ വ്യക്തമാക്കി. സാധാരണ ഞായറാഴ്ച പത്രത്തോടൊപ്പം പുറത്തിറങ്ങുന്ന വാരാന്തപ്പതിപ്പ് വിവാദ ലേഖനം ഉൾപ്പെട്ട ലക്കം പ്രസിദ്ധീകരിച്ചിരുന്നില്ല. അച്ചടിച്ച ശേഷമാണ് പുറത്തിറക്കാതിരുന്നത്.

സാങ്കേതിക കാരണങ്ങളാലാണ് പ്രസിദ്ധീകരണം മുടങ്ങിയതെന്നായിരുന്നു ദേശാഭിമാനിയുടെ ഔദ്യോഗിക വിശദീകരണം. എന്നാൽ വി.എസ് അച്യുതാനന്ദന്റെ ചരമ വാർഷികവുമായി ബന്ധപ്പെട്ട ലേഖനം ഉൾപ്പെടുത്താത്തതാണ് പ്രസിദ്ധീകരണം നിർത്താനുള്ള കാരണമെന്ന് റിപ്പോർട്ടുകൾ വന്നു.

ഇതേത്തുടർന്ന് 'കള്ളന്‍ വിജയൻ' എന്ന തലക്കെട്ടോടെയുള്ള ഫീച്ചറാണ് പ്രശ്നമായതെന്ന് ദേശാഭിമാനി അനൗദ്യോഗികമായി വിശദീകരിച്ചു. പുല്ലമ്പാറയിലെ ധന്യ നാടകഗ്രാമത്തിന്റെ ഉടമ എസ്. വിജയകുമാറിനെ കുറിച്ചുള്ള ഫീച്ചറായിരുന്നു ഇത്. നാട്ടിൽ 'കള്ളൻ വിജയൻ' എന്ന പേരിലാണ് അദ്ദേഹം അറിയപ്പെടുന്നത്.

ഫീച്ചറിനായി ദേശാഭിമാനിയിൽ നിന്ന് രണ്ടുപേർ തന്റെ വീട്ടിൽ വന്ന് വിവരങ്ങൾ ചോദിച്ചറിഞ്ഞിരുന്നുവെന്ന് വിജയൻ നേരത്തെ പറഞ്ഞിരുന്നു. വാരാന്തപ്പതിപ്പിന്റെ അവസാന പേജിലാണ് ഈ ലേഖനം ഉൾപ്പെടുത്തിയിരുന്നത്. പാർട്ടി നേതാക്കളുടെ പേരിൽ പരിഹാസത്തിന് ഇടയാക്കുന്ന തലക്കെട്ട് നൽകിയതാണ് വിവാദത്തിന് കാരണമായത്. വിഷയത്തിൽ പാർട്ടിക്കുള്ളിൽ ശക്തമായ അതൃപ്തിയാണ് ഉയർന്നത്. ഇതേത്തുടർന്നാണ് ഉത്തരവാദിത്തപ്പെട്ടവർക്കെതിരെ നടപടിക്ക് നേതൃത്വം തീരുമാനിച്ചത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/375818/deshabhimani-action-kallan-vijayan-article-controversy)