---
title: "ഗുണ്ടാ കുടിപ്പകയെന്ന് സംശയം: ആലപ്പുഴയിൽ യുവാവിനെ വീട്ടിൽനിന്ന് വിളിച്ചിറക്കി കുത്തിക്കൊന്നു"
english_title: "Alappuzha Aryad Murder: 24-Year-Old Akhil Stabbed To Death By Gang, Police Probe Drug Rivalry"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/374432/alappuzha-aryad-muriyamvely-akhil-murder-gang-attack"
published_at: "2026-07-24T21:51:00+05:30"
category: "Crime"
language: "ml"
image: "https://truevisionnews.com/image-uploads/6a63917d96285_alappuzha-aryad-muriyamvely-akhil-murder-gang-attack.jpg"
keywords: ["Latest News", "Crime News", "Alappuzha Murder", "Kerala Crime", "Police Case"]
---

# ഗുണ്ടാ കുടിപ്പകയെന്ന് സംശയം: ആലപ്പുഴയിൽ യുവാവിനെ വീട്ടിൽനിന്ന് വിളിച്ചിറക്കി കുത്തിക്കൊന്നു

> **Lead Summary:** ആലപ്പുഴ: ആര്യാട് മുരിയംവെളി ഭാഗത്ത് വീടിനകത്ത് കയറി യുവാവിനെ മൂന്നംഗ സംഘം കുത്തിക്കൊന്നു. കാകാലംപറമ്പ് വീട്ടിൽ അജിയുടെയും മഞ്ചുവിന്റെയും മകൻ അഖിൽ എന്ന അച്ചു ആണ് കൊല്ലപ്പെട്ടത്.

## Article Content

ആലപ്പുഴ: ആര്യാട് മുരിയംവെളി ഭാഗത്ത് വീടിനകത്ത് കയറി യുവാവിനെ മൂന്നംഗ സംഘം കുത്തിക്കൊന്നു. കാകാലംപറമ്പ് വീട്ടിൽ അജിയുടെയും മഞ്ചുവിന്റെയും മകൻ അഖിൽ എന്ന അച്ചു ആണ് കൊല്ലപ്പെട്ടത്.

ഇന്ന് വൈകിട്ട് 5.30-ഓടെയായിരുന്നു സംഭവം. ഓട്ടോറിക്ഷയിൽ എത്തിയ മൂന്നംഗ സംഘം അഖിലിന്റെ വീടിന്റെ ഗേറ്റ് ചാടിക്കടന്ന് അകത്ത് പ്രവേശിക്കുകയായിരുന്നു. ഇതിൽ രണ്ടുപേർ നേരിട്ട് അഖിലിനെ ആക്രമിച്ചു.

കുത്തേറ്റ അഖിലിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആക്രമണത്തിന് ശേഷം പ്രതികൾ അതേ ഓട്ടോറിക്ഷയിൽ തന്നെ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു.

ആലപ്പുഴ റെയിൽവേ സ്റ്റേഷൻ ഭാഗത്തേക്കാണ് സംഘം പോയതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവം നടക്കുമ്പോൾ വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല.കൊലപാതകത്തിന് പിന്നിൽ ലഹരി സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണെന്നാണ് പോലീസ് സംശയിക്കുന്നത്.

ആക്രമണസംഘത്തിലെ ഒരാൾ അഖിലിന്റെ പരിചയക്കാരനാണെന്ന വിവരവും പോലീസിന് ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ കുറച്ച് നാളുകളായി പ്രദേശത്ത് ലഹരി ഉപയോഗവും സംഘർഷങ്ങളും വർധിച്ചിരുന്നതായി നാട്ടുകാർ പറയുന്നു.

ആര്യാട് പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. ഓട്ടോറിക്ഷയുടെ വിവരങ്ങൾ ശേഖരിക്കുകയും സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയും ചെയ്തു. കൊലയാളികളെ തിരിച്ചറിയാനുള്ള ശ്രമം ഊർജിതമാക്കിയിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.

വിശദമായ അന്വേഷണത്തിന് പ്രത്യേക സംഘത്തെ രൂപീകരിച്ചിട്ടുണ്ട്.സംഭവത്തെ തുടർന്ന് മുരിയംവെളി ഭാഗത്ത് നാട്ടുകാർ ആശങ്കയിലാണ്. ഇത്തരം ആക്രമണങ്ങൾ ആവർത്തിക്കുന്നത് തടയാൻ ശക്തമായ പോലീസ് നിരീക്ഷണം വേണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.

മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി വണ്ടാനം മെഡിക്കൽ കോളേജിലേക്ക് മാറ്റി.ലഹരി മാഫിയക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ പോലീസ് മേധാവി വ്യക്തമാക്കി. പ്രതികളെ ഉടൻ പിടികൂടുമെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/374432/alappuzha-aryad-muriyamvely-akhil-murder-gang-attack)