---
title: " സേവനങ്ങൾ വേഗത്തിൽ...!  2.5 ലക്ഷം ഭൂമി തരംമാറ്റ അപേക്ഷകൾ തീർപ്പാക്കാൻ ലക്ഷ്യം; റവന്യൂ വകുപ്പിന്റെ 100 ദിന കർമ്മപദ്ധതി പ്രഖ്യാപിച്ച്  മന്ത്രി എ.പി. അനിൽകുമാർ  "
english_title: "Kerala Revenue Dept 100-Day Action Plan: Land Conversion and Pattayam Distribution To Be Expedited"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/374429/kerala-revenue-100-day-action-plan-land-pattayam"
published_at: "2026-07-24T21:19:00+05:30"
category: "Kerala"
language: "ml"
image: "https://truevisionnews.com/image-uploads/6a638a63b1b5a_kerala-revenue-100-day-action-plan-land-pattayam.jpg"
keywords: ["Latest News", "Kerala Revenue", "Land Conversion", "AP Anil Kumar", "Government Scheme", "Kozhikode News"]
---

#  സേവനങ്ങൾ വേഗത്തിൽ...!  2.5 ലക്ഷം ഭൂമി തരംമാറ്റ അപേക്ഷകൾ തീർപ്പാക്കാൻ ലക്ഷ്യം; റവന്യൂ വകുപ്പിന്റെ 100 ദിന കർമ്മപദ്ധതി പ്രഖ്യാപിച്ച്  മന്ത്രി എ.പി. അനിൽകുമാർ  

> **Lead Summary:** കോഴിക്കോട്: റവന്യൂ വകുപ്പിൻ്റെ സേവനങ്ങൾ വേഗത്തിൽ ലഭ്യമാക്കുന്നതിന്റെ ഭാഗമായി നിലവിലുള്ള ഭൂമി തരംമാറ്റ, പട്ടയ അപേക്ഷകൾ അടിയന്തരമായി തീർപ്പാക്കുന്നതിന് പ്രത്യേക കർമ്മപദ്ധതിക്ക് തുടക്കമിട്ടതായി റവന്യൂ മന്ത്രി എ.പി. അനിൽകുമാർ അറിയിച്ചു.

## Article Content

കോഴിക്കോട്: റവന്യൂ വകുപ്പിൻ്റെ സേവനങ്ങൾ വേഗത്തിൽ ലഭ്യമാക്കുന്നതിന്റെ ഭാഗമായി നിലവിലുള്ള ഭൂമി തരംമാറ്റ, പട്ടയ അപേക്ഷകൾ അടിയന്തരമായി തീർപ്പാക്കുന്നതിന് പ്രത്യേക കർമ്മപദ്ധതിക്ക് തുടക്കമിട്ടതായി റവന്യൂ മന്ത്രി എ.പി. അനിൽകുമാർ അറിയിച്ചു.

റവന്യൂ വകുപ്പിൻ്റെ വിവിധ പ്രവർത്തനങ്ങൾ, വകുപ്പിന്റെ 100 ദിന കർമ്മ പരിപാടി, ഡിജിറ്റൽ റീസർവേ, വികസന പദ്ധതികൾക്കായുള്ള ഭൂമിയേറ്റെടുക്കൽ നടപടികൾ തുടങ്ങിയവയുടെ പുരോഗതി വിലയിരുത്താൻ ജില്ലയിലെ റവന്യൂ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി കളക്‌ടറേറ്റ് കോൺഫ്രൻസ് ഹാളിൽ മന്ത്രിയുടെ നേതൃത്വത്തിൽ അവലോകന യോഗം നടത്തി.

നിലവിൽ സംസ്ഥാനത്തൊട്ടാകെ ഏതാണ്ട് 2.5 ലക്ഷത്തോളം ഭൂമി തരംമാറ്റ അപേക്ഷകൾ പെൻഡിംഗിലുണ്ട്. ഇതിൽ കോഴിക്കോട് ജില്ലയിൽ മാത്രം 35,000-ത്തിലധികം അപേക്ഷകളാണ് തീർപ്പാക്കാനുള്ളത്.

100 ദിവസത്തെ കർമ്മപരിപാടിയിലൂടെ കുറഞ്ഞത് 25,000 അപേക്ഷകളെങ്കിലും പൂർണ്ണമായി തീർപ്പാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം.

കോഴിക്കോട് ജില്ലയിൽ നിശ്ചയിച്ച ക്വാട്ടയേക്കാൾ കൂടുതൽ പട്ടയ അപേക്ഷകൾ തീർപ്പാക്കാൻ ഉദ്യോഗസ്ഥർ സന്നദ്ധത അറിയച്ചതായി മന്ത്രി കൂട്ടിച്ചേർത്തു.

സംസ്ഥാനത്ത് അഞ്ച് സെന്റ് മുതൽ 15 സെന്റ് വരെയുള്ള സാധാരണക്കാരുടെ അപേക്ഷകളിൽ ഉദാരമായ സമീപനം സ്വീകരിക്കും. പ്രത്യേകിച്ച്, വീട് നിർമ്മിക്കുന്നവർക്ക് ഭൂമി തരംമാറ്റം അത്യന്താപേക്ഷിതമായതിനാൽ ഈ വിഭാഗത്തിന് പ്രത്യേക മുൻഗണന നൽകുമെന്നും മന്ത്രി വ്യക്തമാക്കി.

പട്ടയ വിതരണത്തിന്റെ കാര്യത്തിൽ തീരദേശ മേഖലയിലെയും മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെയും തടസ്സങ്ങൾ ഒഴിവാക്കി വേഗത്തിൽ നടപടി പൂർത്തിയാക്കും.

മലയോര മേഖലകൾ, ആദിവാസി മേഖലകൾ, പട്ടികജാതി മേഖലകൾ എന്നിവിടങ്ങളിൽ 10 മുതൽ 15 സെന്റ് വരെ ഭൂമിയുള്ള അർഹരായവർക്ക് പട്ടയം നൽകുന്നതിന് പ്രത്യേക പ്രാധാന്യം നൽകും.

പട്ടയം വഴി ലഭിച്ച ഭൂമി കൈമാറ്റം ചെയ്യുന്നതിനായുള്ള പഴയ കാലപരിധിയിലെ നിബന്ധനകൾ ലളിതമാക്കാനും ഉപാധി രഹിത പട്ടയം നൽകുന്ന കാര്യവും സർക്കാർ ആലോചിക്കുന്നുണ്ട്. ഭൂമി ലഭിച്ച വ്യക്തിക്ക് അതിന്റെ പൂർണ്ണമായ അവകാശവും വിനിയോഗ സ്വാതന്ത്ര്യവും ഉറപ്പാക്കുന്ന തരത്തിലുള്ള നിയമപരമായ മാറ്റങ്ങൾ കൊണ്ടുവരാനാണ് റവന്യൂ വകുപ്പ് ലക്ഷ്യമിടുന്നത്.

കൂടാതെ, വിവിധ താലൂക്കുകളിൽ ദീർഘകാലമായി പരിഹരിക്കപ്പെടാതെ കിടക്കുന്ന പ്രാദേശിക ഭൂപ്രശ്നങ്ങൾ പ്രത്യേകമായി ചർച്ച ചെയ്ത് പരിഹരിക്കുമെന്നും, ഭരണപരമായ തടസ്സങ്ങൾ ഒഴിവാക്കി സാധാരണക്കാരായ ജനങ്ങൾക്ക് ഭൂമിയിൽ പൂർണ്ണ അവകാശം ലഭ്യമാക്കുകയാണ് സർക്കാരിന്റെ പ്രധാന ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.

ഏതാവശ്യങ്ങൾക്ക് വരുന്ന ജനങ്ങളെയും കേൾക്കാൻ ഉദ്യോഗസ്ഥർ തയ്യാറാവണമെന്നും ചെയ്യാവുന്ന കാര്യങ്ങൾ ചെയ്തു കൊടുക്കുകയും പറ്റാത്ത കാര്യങ്ങളിൽ അവരെ സമാശ്വസിപ്പിക്കുകയും ചെയ്യണമെന്നും ഉദ്യോഗസ്ഥരുടെ യോഗത്തിൽ മന്ത്രി നിർദ്ദേശിച്ചു. സേവനം ജനങ്ങളുടെ അവകാശമാണ്. അവരുടെ എല്ലാ പ്രശ്നങ്ങളും അഡ്രസ് ചെയ്യപ്പെടണം.

കളക്ടറേറ്റ് കോൺഫ്രൻസ് ഹാളിൽ നടന്ന അവലോകന യോഗത്തിന് ശേഷം ജില്ലയിലെ വില്ലേജ് ഓഫീസർമാരുമായി മന്ത്രി ഓൺലൈനായി ആശയവിനിമയം നടത്തി. ജനങ്ങൾക്കു മുന്നിൽ സർക്കാറിൻ്റെ മുഖമായി നിൽക്കുന്നത് വില്ലേജ് ഓഫീസുകളാണെന്നും ആ ഉത്തരവാദിത്ത ബോധത്തോടെ വില്ലേജ് ഓഫീസർമാർ പ്രവർത്തിക്കണമെന്നും അദ്ദേഹം ഉണർത്തി.

റവന്യൂ, ഭൂ വിഷയങ്ങളുമായി ബന്ധപ്പെട്ട് വില്ലേജ് ഓഫീസർമാരുടെ നിർദ്ദേശങ്ങൾ മന്ത്രി കേൾക്കുകയും സാധ്യമായത് പരിഗണിക്കാമെന്ന് ഉറപ്പ് നൽകുകയും ചെയ്തു.

യോഗങ്ങളിൽ ലാൻഡ് റവന്യൂ കമ്മിഷണർ എച്ച്. ദിനേശൻ, ജില്ലാ കളക്ടർ എം.എസ് മാധവിക്കുട്ടി, സർവ്വേ വകുപ്പ് ഡയറക്ടർ ജെ.ഒ അരുൺ, എ.ഡി.എം ഷറീന ക., സബ് കളക്‌ടർ എസ് ഗൗതം രാജ്, മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ഡോ. പി.കെ ജയശ്രീ, ഡെപ്യൂട്ടി കളക്‌ടർമാർ, തഹസിൽദാർമാർ, മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/374429/kerala-revenue-100-day-action-plan-land-pattayam)