---
title: "കുടയെടുത്തോളൂ, മഴ കലിപ്പിലാണ്..! കാസർകോട്ടും കണ്ണൂരിലും ശക്തമായ മഴയ്ക്ക് സാധ്യത, യെല്ലോ അലേർട്ട്"
english_title: "Yellow Alert in Kasaragod and Kannur Today, Strong Rain Expected in Kerala"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/374041/kerala-weather-yellow-alert-kasaragod-kannur-today"
published_at: "2026-07-23T09:13:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a618e4cdfe26_kerala-weather-yellow-alert-kasaragod-kannur-today.jpg"
keywords: ["Kerala Weather", "Yellow Alert", "Kasaragod", "Kannur", "Heavy Rain", "IMD"]
---

# കുടയെടുത്തോളൂ, മഴ കലിപ്പിലാണ്..! കാസർകോട്ടും കണ്ണൂരിലും ശക്തമായ മഴയ്ക്ക് സാധ്യത, യെല്ലോ അലേർട്ട്

> **Lead Summary:** ** ** സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മോശം കാലാവസ്ഥയും ശക്തമായ കാറ്റും കണക്കിലെടുത്ത് രണ്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.

## Article Content

** ** സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മോശം കാലാവസ്ഥയും ശക്തമായ കാറ്റും കണക്കിലെടുത്ത് രണ്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.

കാസർഗോഡ്, കണ്ണൂർ ജില്ലകളിലാണ് ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഈ ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. മറ്റ് ജില്ലകളിൽ പ്രത്യേക മഴ മുന്നറിയിപ്പുകൾ ഒന്നും തന്നെ നൽകിയിട്ടില്ല. എങ്കിലും ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 60 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. നാളെ ഒരു ജില്ലകളിലും ഇതുവരെ ഔദ്യോഗികമായി മഴ മുന്നറിയിപ്പുകൾ പ്രഖ്യാപിച്ചിട്ടില്ല.

**ജാഗ്രതാ നിർദേശങ്ങൾ**

*ഇടിമിന്നൽ അപകടകാരികളാണ്. അവ മനുഷ്യൻറെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകൾക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. ആയതിനാൽ പൊതുജനങ്ങൾ താഴെപ്പറയുന്ന മുൻകരുതൽ കാർമേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നൽ എപ്പോഴും ദൃശ്യമാകണമെന്നില്ലാത്തതിനാൽ ഇത്തരം മുൻകരുതൽ സ്വീകരിക്കുന്നതിൽ നിന്നും വിട്ടുനിൽക്കരുത്.*

*– ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക്‌ മാറുക. തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും.*

*– ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക. വാതിലിനും ജനലിനും അടുത്ത് നിൽക്കാതെയിരിക്കുക. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പർശിക്കാതിരിക്കാൻ ശ്രമിക്കുകയും ചെയ്യുക.*

*– ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. വൈദ്യുതോപകരണങ്ങളുമായുള്ള സാമീപ്യം ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കുക*.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/374041/kerala-weather-yellow-alert-kasaragod-kannur-today)