---
title: "പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചു; എംബിബിഎസ് വിദ്യാര്‍ഥിയായ വയനാട് സ്വദേശി പിടിയില്‍"
english_title: "Thiruvananthapuram Medical College Student Arrested for Morphing Girls' Photos and Circulating Online"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/374015/tvm-medical-college-morphing-case-student-arrested"
published_at: "2026-07-23T05:51:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a615ed2089cf_tvm-medical-college-morphing-case-student-arrested.jpg"
keywords: ["Latest News", "Morphing Case", "Cyber Crime", "Thiruvananthapuram Medical College", "Student Protest", "SFI"]
---

# പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചു; എംബിബിഎസ് വിദ്യാര്‍ഥിയായ വയനാട് സ്വദേശി പിടിയില്‍

> **Lead Summary:** തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിലെ സീനിയർ പെൺകുട്ടികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് അശ്ലീല സൈറ്റുകൾ വഴി പ്രചരിപ്പിച്ച കേസിൽ മൂന്നാം വർഷ എംബിബിഎസ് വിദ്യാർഥി അറസ്റ്റിൽ.

## Article Content

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിലെ സീനിയർ പെൺകുട്ടികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് അശ്ലീല സൈറ്റുകൾ വഴി പ്രചരിപ്പിച്ച കേസിൽ മൂന്നാം വർഷ എംബിബിഎസ് വിദ്യാർഥി അറസ്റ്റിൽ.

വയനാട് കാക്കവയൽ സ്വദേശി ഏബൽ ആണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് പൊലീസിന്റെ പിടിയിലായത്. കേസിൽ കോടതി പ്രതിക്ക് ജാമ്യം അനുവദിച്ചു.സോഷ്യൽ മീഡിയയിൽ നിന്നും ശേഖരിച്ച പതിനേഴോളം പെൺകുട്ടികളുടെ ചിത്രങ്ങൾ പ്രതി മോർഫ് ചെയ്തതായാണ് വിദ്യാർഥികളുടെ പരാതി.

ഇതിൽ പതിമൂന്നോളം പേർ സീനിയർ വിദ്യാർഥികളാണ്. മോർഫ് ചെയ്ത ചിത്രങ്ങൾ അശ്ലീല വെബ്സൈറ്റുകളിലൂടെ പ്രചരിപ്പിച്ചുവെന്നും പരാതിയിൽ പറയുന്നു.കഴിഞ്ഞ ദിവസം ചില ദൃശ്യങ്ങൾ മറ്റു വിദ്യാർഥികളുടെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

തുടർന്ന് നടത്തിയ പരിശോധനയിൽ കൂടുതൽ പെൺകുട്ടികളുടെ ചിത്രങ്ങൾ ഇത്തരത്തിൽ ദുരുപയോഗം ചെയ്യുന്നതായി കണ്ടെത്തി.പരാതിയുമായി പെൺകുട്ടികൾ മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷനെ സമീപിച്ചെങ്കിലും നിസാര വകുപ്പുകൾ മാത്രമാണ് ചുമത്തിയതെന്നാണ് വിദ്യാർഥികളുടെ ആരോപണം.

കൂടുതൽ പരാതികൾ ലഭിച്ചിട്ടും പൊലീസ് ശക്തമായ നടപടി എടുക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി വിദ്യാർഥികൾ സ്റ്റേഷന് മുന്നിൽ പ്രതിഷേധിച്ചു.ഇപ്പോൾ കുറച്ച് പേരുടെ മൊഴി മാത്രമേ എടുക്കൂ എന്ന് പൊലീസ് പറഞ്ഞതോടെ പ്രതിഷേധം കൂടുതൽ ശക്തമായി. മുഴുവൻ പരാതിക്കാരുടെയും മൊഴി രേഖപ്പെടുത്തണമെന്ന് വിദ്യാർഥികൾ ആവശ്യപ്പെട്ടു.

ഉദ്യോഗസ്ഥർ മോശമായി പെരുമാറുന്നതായും വിദ്യാർഥികൾ ആരോപിച്ചു.എസ്എഫ്ഐ ഉൾപ്പെടെയുള്ള സംഘടനകൾ പ്രതിഷേധത്തിന് പിന്തുണയുമായി രംഗത്തെത്തി. വിദ്യാർഥികളും പൊലീസും തമ്മിൽ വാക്കേറ്റവും ഉന്തുതള്ളും ഉണ്ടായി. എസ്എഫ്ഐ പ്രവർത്തകരും പൊലീസും നേർക്കുനേർ വന്നു.

ഗുരുതരമായ പരാതിയിൽ പൊലീസ് വേണ്ട ഗൗരവം കാണിക്കുന്നില്ലെന്ന് വിദ്യാർഥികൾ കുറ്റപ്പെടുത്തി. ഓരോ പരാതിക്കും വെവ്വേറെ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്നാണ് ആവശ്യം. ആവശ്യങ്ങൾ അംഗീകരിക്കുന്നത് വരെ പ്രതിഷേധം തുടരുമെന്നും വിദ്യാർഥികൾ അറിയിച്ചു. വിദ്യാർഥികളുടെ പരാതി കേൾക്കുമെന്നും നിയമപരമായ നടപടി ഉണ്ടാകുമെന്നും പൊലീസ് ഉറപ്പ് നൽകി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/374015/tvm-medical-college-morphing-case-student-arrested)