---
title: "മനമുരുകുന്നവരുടെ വയറെരിയണോ? പൊതിച്ചോറിൽ മണ്ണിടുന്നവർ മറുപടി പറയണം"
english_title: "Kerala Pothichoru Row: DYFI Slams Health Minister K Muraleedharan Over Food Ban"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/373616/manam-murugunnavar-pothichoru-mannu-dyfi-kmuraleedharan-new-"
published_at: "2026-07-21T08:12:00+05:30"
category: "Talks & Topics"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5efceb5efab_manam-murugunnavar-pothichoru-mannu-dyfi-kmuraleedharan-new.jpg"
keywords: ["Pothichoru", "DYFI", "K Muraleedharan", "Medical College", "Kerala Politics", "Hospital Food", "Susmitha surendran"]
---

# മനമുരുകുന്നവരുടെ വയറെരിയണോ? പൊതിച്ചോറിൽ മണ്ണിടുന്നവർ മറുപടി പറയണം

> **Lead Summary:** > ** **"വിളമ്പുന്നവർക്കറിയില്ല ഇതാര്‍ക്കുള്ളതെന്ന്, കഴിക്കുന്നവനും അറിയില്ല ഇതാരുടെ സ്നേഹമെന്ന്" പിന്നെയെന്ത് രാഷ്ട്രീയം? കേരളത്തിലെ സർക്കാർ മെഡിക്കൽ കോളേജുകളിൽ ഉച്ചയാകുന്നതിന് മുമ്പേ മുടങ്ങാതെ അവർ എത്തിത്തുടങ്ങിയിട്ട് വർഷങ്ങളേറെയായി. മനമുരുകുന്നവരുടെ വയറെരിയാതിരിക്കാൻ ഹൃദയപൂർവ്വം പൊതിച്ചോറുമായി.

## Article Content

> ** **"വിളമ്പുന്നവർക്കറിയില്ല ഇതാര്‍ക്കുള്ളതെന്ന്, കഴിക്കുന്നവനും അറിയില്ല ഇതാരുടെ സ്നേഹമെന്ന്" പിന്നെയെന്ത് രാഷ്ട്രീയം? കേരളത്തിലെ സർക്കാർ മെഡിക്കൽ കോളേജുകളിൽ ഉച്ചയാകുന്നതിന് മുമ്പേ മുടങ്ങാതെ അവർ എത്തിത്തുടങ്ങിയിട്ട് വർഷങ്ങളേറെയായി. മനമുരുകുന്നവരുടെ വയറെരിയാതിരിക്കാൻ ഹൃദയപൂർവ്വം പൊതിച്ചോറുമായി.

**

ഉറ്റവരെ ഓർത്ത് ഉള്ളുരുകുമ്പോഴും  ഉച്ച നേരത്തെ അന്നത്തെക്കുറിച്ച് അവർക്ക് ആശങ്കയുണ്ടായിരുന്നില്ല. കേരളത്തിൻ്റെ സമരയൗവനമായ ഡി.വൈ.എഫ്.ഐ.യാണ് പതിനായിരങ്ങളെ ഊട്ടുന്ന ഈ മഹാസംരംഭത്തിൻ്റെ സംഘാടകർ. അവർ ഭക്ഷണപ്പൊതികളുമായി എത്തുന്ന വാഹനങ്ങളിലും വിതരണം ചെയ്യുന്നിടത്തും അടയാളമായി ഉയർത്തുന്ന പതാകയും ബാനറും ആർക്കാണ് ആശങ്കയുണ്ടാക്കുന്നത്? അവർ എപ്പോഴെങ്കിലും മതം പറഞ്ഞിട്ടുണ്ടോ? ജാതി ചോദിച്ചിട്ടുണ്ടോ? അവർ വിളമ്പുന്നത് മനുഷ്യസ്നേഹത്തിൻ്റെ രാഷ്ട്രീയമാണ്. അതാര്‍ക്കാണ് ആകുലത സൃഷ്ടിക്കുന്നത്?

എന്നെങ്കിലും മെഡിക്കൽ കോളേജിലെ വരാന്തയിൽ വിശപ്പടക്കാനാവാതെ നിന്നിട്ടുണ്ടോ? അങ്ങനെ ഒരിക്കലെങ്കിലും നിൽക്കേണ്ടി വരരുതേ എന്ന് ആത്മാർഥമായി ആഗ്രഹിക്കുന്നവരാണ് നമ്മളേറെയും. രോഗിയായോ രോഗിക്ക് കൂട്ടായോ നമ്മളിൽ പലരും ആശുപത്രി വരാന്തകൾ കയറിയിറങ്ങുന്നവരാണ്.

അസുഖത്തിൻ്റെ തീവ്രതകൊണ്ടോ ഒരു കുഞ്ഞിനെ വരവേൽക്കാനായോ ഒന്നിലധികം ദിവസങ്ങൾ മെഡിക്കൽ കോളേജിൽ കഴിഞ്ഞവരും ഏറെയുണ്ട്. ആശുപത്രിയിലെ ദൈനംദിന ചെലവുകൾ നമുക്ക് ഊഹിക്കാൻ മാത്രമേ സാധിക്കൂ. ഒരു നേരത്തെ ആഹാരം കഴിക്കാൻ പോലും പണമില്ലാത്തവരും കൂട്ടത്തിലുണ്ടാകും.

> അപ്പോഴും അവർക്ക് ആശ്വാസമായി, എല്ലാവരുടെയും വിശപ്പടക്കാൻ ഒരു കൂട്ടം യുവതീയുവാക്കളെ നിങ്ങൾക്കവിടെ കാണാം. ഉച്ചയ്ക്ക് നിങ്ങൾക്കുള്ള ഭക്ഷണവുമായി — അതായത് സ്നേഹത്തിൽ പൊതിഞ്ഞ "പൊതിച്ചോറുമായി".

> പൊതിച്ചോർ ചിലർക്ക് കുട്ടിക്കാലത്തെ നല്ല ഓർമയാണ്. എന്നാൽ ആശുപത്രി വരാന്തയിലെ മനുഷ്യർക്ക് അതൊരു പ്രതീക്ഷയാണ് "തൻ്റെയും രോഗിയുടെയും വിശപ്പടക്കാൻ പൊതിച്ചോർ എത്തുമെന്ന പ്രതീക്ഷ". "ഒരു പൊതിച്ചോറിൽ ഇത്രമാത്രമേ ഉള്ളൂ" എന്ന് ചിലരെങ്കിലും ചിന്തിക്കുമ്പോൾ, ആ പത്രത്താളിൽ പൊതിഞ്ഞ പൊതിച്ചോറിന് എത്രയോ അർത്ഥങ്ങളുണ്ടെന്ന് പറയാൻ ആഗ്രഹിക്കുന്നു.

> "ചേച്ചി, നാളെ ഒരു പൊതിച്ചോർ കിട്ടുമല്ലോ അല്ലേ?" എന്ന് നാട്ടിലെ നല്ല ചെറുപ്പക്കാർ വന്ന് ചോദിക്കുമ്പോൾ, "രാവിലെ തന്നെ വന്നേക്ക്" എന്ന് മറുപടി നൽകിയാണ് നമുക്ക് ശീലം. സ്വന്തം വീട്ടിലെ അടുക്കളയിൽ ഉണ്ടാക്കുന്ന ഭക്ഷണത്തിൻ്റെ ഒരു പങ്ക്, ജീവിതത്തിൽ ഇതുവരെ കണ്ടിട്ടില്ലാത്ത മറ്റൊരാളുടെ വിശപ്പടക്കാൻ മാറ്റിവെക്കുന്നവരാണ് നമ്മുടെ വീട്ടിലെ അമ്മമാരും ചേച്ചിമാരും. അതിൽ ജാതിയില്ല, മതമില്ല, രാഷ്ട്രീയവുമില്ല.

> എത്ര ചൂഴ്ന്നുനോക്കിയാലും പൊതിച്ചോറിൽ കാണാൻ സാധിക്കുന്നത് ഒന്ന് മാത്രം. അത് ചേർത്തുപിടിക്കലാണ്, ഒരു മനുഷ്യനോടുള്ള കരുതലാണ്. ഒരാളുപോലും വിശപ്പോടെ കഴിയരുത് എന്ന ഒറ്റ ചിന്ത മാത്രം. ആശുപത്രികളിൽ "പൊതിച്ചോർ" നിർത്തലാക്കണമെന്ന് ഇന്നത്തെ ആരോഗ്യമന്ത്രി പറയുമ്പോൾ, ഒരൊറ്റ വയറിനെ പോലും വിശപ്പറിയിക്കാതെ നോക്കാൻ നിങ്ങൾക്ക് ഉറപ്പു തരാൻ സാധിക്കുമോ? കമ്മ്യൂണിറ്റി കിച്ചൻ മാത്രം മതി, ഡി.വൈ.എഫ്.ഐ.യുടെയോ മറ്റ് പ്രസ്ഥാനങ്ങളുടെയോ ഭക്ഷണം ഇനി വേണ്ട എന്നാണ് ആവർത്തിക്കുന്നത്.

വിരോധം പൊതിച്ചോറിനോടാണോ? അതോ അന്നമെത്തിക്കുന്ന കരങ്ങളോടാണോ? വ്യക്തമായി പറയണം.**

> "പട്ടിണിയാവില്ല" എന്ന് പൊതിച്ചോർ വാങ്ങാൻ എത്തുന്ന ഓരോരുത്തരുടെയും മനസ്സ് പറയുന്നുണ്ടാകും — "ഒരായിരം നന്ദി". അത് മറ്റൊന്നും കൊണ്ടല്ല. വിശപ്പടക്കാൻ എല്ലാവർക്കും കഴിയണമെന്നില്ല. എന്നാൽ പൊതിച്ചോറിലൂടെ രാഷ്ട്രീയം കലർത്താൻ ശ്രമിക്കുന്നു എന്ന് പ്രചരിപ്പിക്കുമ്പോൾ ഒന്ന് ഓർക്കുന്നത് നല്ലതാണ്.

ഭക്ഷണത്തിൽ മായം കലർത്താത്തതുപോലെ, ഇതിൽ ഒരു അംശം രാഷ്ട്രീയവും കലരുന്നില്ല എന്നത്. പൊതിച്ചോർ വാങ്ങുന്ന ഓരോ മനുഷ്യനും അത് ഉള്ളറിഞ്ഞ് കഴിക്കുന്നുണ്ടെങ്കിൽ, ഓരോ മണി ചോറിലുമുള്ളത് അമ്മമാരുടെയും സഹോദരിമാരുടെയും സ്നേഹം മാത്രമാണ്. നെറ്റിയിലെ ചന്ദനമോ തലയിലെ തൊപ്പിയോ നോക്കിയല്ല പൊതിച്ചോർ നീട്ടുന്നത്.

എന്നിട്ടും എന്തിനാണ് നിങ്ങൾ അന്നത്തിലേക്ക് മണ്ണുവാരിയിടുന്നത്? വയറ്റിലെ പട്ടിണിയെ ഒരിക്കൽക്കൂടി ആളിക്കത്തിക്കാൻ ശ്രമിക്കുന്നത്? ഇതിന് ഉത്തരമില്ലെങ്കിൽ ഒന്നേ പറയാനുള്ളൂ ....പാവങ്ങളുടെ അന്നം മുടക്കരുത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/373616/manam-murugunnavar-pothichoru-mannu-dyfi-kmuraleedharan-new-)