---
title: " 'കൊടിയും തോരണങ്ങളും കെട്ടിയല്ല പൊതിച്ചോര്‍ കൊടുക്കുന്നത്, അന്നം മുടക്കിയ സര്‍ക്കാര്‍ എന്നൊരു പേരുദോഷം ഉണ്ടാക്കരുത്' - എം സ്വരാജ്"
english_title: "Kerala: K Muraleedharan's Ban On Hospital Food Distribution Banners Draws Criticism"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/373360/kerala-health-minister-muraleedharan-hospital-food-banner-controversy-"
published_at: "2026-07-19T15:19:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5c9ffe3364c_kerala-health-minister-muraleedharan-hospital-food-banner-controversy-.jpg"
keywords: ["K Muraleedharan", "M Swaraj", "John Brittas", "Kerala Health", "Hospital Food", "Government Hospitals"]
---

#  'കൊടിയും തോരണങ്ങളും കെട്ടിയല്ല പൊതിച്ചോര്‍ കൊടുക്കുന്നത്, അന്നം മുടക്കിയ സര്‍ക്കാര്‍ എന്നൊരു പേരുദോഷം ഉണ്ടാക്കരുത്' - എം സ്വരാജ്

> **Lead Summary:** **തിരുവനന്തപുരം: ** സർക്കാർ ആശുപത്രികളിൽ ബാനർ കെട്ടിയുള്ള ഭക്ഷണ വിതരണം അനുവദിക്കില്ലെന്ന ആരോഗ്യമന്ത്രി കെ മുരളീധരന്റെ പ്രതികരണത്തിനെതിരെ ഭരണ-പ്രതിപക്ഷ ഭേദമന്യേ വ്യാപക വിമർശനം ഉയരുന്നു. പല സന്നദ്ധ സംഘടനകളും ആശുപത്രികളിൽ വിലപ്പെട്ട സേവനങ്ങളാണ് നൽകിവരുന്നതെന്നും, ആരോഗ്യമന്ത്രി ഇതൊന്നും കണ്ടില്ലെന്ന് നടിക്കുകയാണെന്നും സി.പി.എം നേതാവ് എം സ്വരാജ് കുറ്റപ്പെടുത്തി.

## Article Content

**തിരുവനന്തപുരം: ** സർക്കാർ ആശുപത്രികളിൽ ബാനർ കെട്ടിയുള്ള ഭക്ഷണ വിതരണം അനുവദിക്കില്ലെന്ന ആരോഗ്യമന്ത്രി കെ മുരളീധരന്റെ പ്രതികരണത്തിനെതിരെ ഭരണ-പ്രതിപക്ഷ ഭേദമന്യേ വ്യാപക വിമർശനം ഉയരുന്നു. പല സന്നദ്ധ സംഘടനകളും ആശുപത്രികളിൽ വിലപ്പെട്ട സേവനങ്ങളാണ് നൽകിവരുന്നതെന്നും, ആരോഗ്യമന്ത്രി ഇതൊന്നും കണ്ടില്ലെന്ന് നടിക്കുകയാണെന്നും സി.പി.എം നേതാവ് എം സ്വരാജ് കുറ്റപ്പെടുത്തി.

ദയവായി അന്നം മുടക്കരുത് എന്ന അഭ്യര്‍ത്ഥന മാത്രമാണ് ആരോഗ്യമന്ത്രിയോടുള്ളത്. അന്നം മുടക്കിയ സര്‍ക്കാര്‍ എന്നൊരു പേരുദോഷം ഉണ്ടാക്കരുത്. എപ്പോഴും കൊടിയും തോരണങ്ങളും കെട്ടിയല്ല പൊതിച്ചോര്‍ കൊടുക്കുന്നത്. ചില പ്രത്യേക ദിവസങ്ങളില്‍ ബാനര്‍ വെയ്ക്കാറുണ്ട്. ആഘോഷ ദിവസങ്ങളില്‍ മാത്രമാണതെന്നും സ്വരാജ് പറഞ്ഞു.

അതേസമയം, വിഷയത്തിൽ ആരോഗ്യമന്ത്രിക്കെതിരെ പരിഹാസവുമായി ജോൺ ബ്രിട്ടാസ് എം.പിയും രംഗത്തെത്തിയിട്ടുണ്ട്. കെ മുരളീധരനോട് ഇപ്പോൾ സഹതാപം മാത്രമാണുള്ളതെന്നായിരുന്നു ബ്രിട്ടാസിന്റെ പ്രതികരണം. അധികാരമേറ്റത് മുതൽ ഇതുവരെയുള്ള കാലയളവിനെ 'ഹണിമൂൺ പീരിയഡ്' എന്നാണ് മുരളീധരൻ വിശേഷിപ്പിച്ചത്.

എന്നാൽ അതിനിടയിൽ തന്നെ മന്ത്രിയുടെ 'കെട്ട് പോയോ' എന്നാണ് ഇപ്പോൾ സംശയമെന്നും ബ്രിട്ടാസ് പരിഹസിച്ചു. ആശുപത്രികളിലെ പാവപ്പെട്ട രോഗികൾക്കും ഉറ്റവർക്കും ആശ്വാസമാകുന്ന സൌജന്യ ഭക്ഷണ വിതരണ പദ്ധതികളെ തടസ്സപ്പെടുത്തുന്ന നീക്കത്തിനെതിരെ സാമൂഹിക മാധ്യമങ്ങളിലും പ്രതിഷേധം ശക്തമാണ്.

അതേസമയം പൊതിച്ചോറ് വിതരണവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ മന്ത്രി ഈഗോ ഒഴിവാക്കണമെന്ന് പറഞ്ഞു മുഹമ്മദ് റിയാസ് . ഇത്തരം കാരുണ്യപ്രവർത്തനങ്ങളിൽ വൈരാഗ്യബുദ്ധിയോടെയുള്ള സമീപനം ഒഴിവാക്കി എല്ലാവരെയും ചേർത്തുപിടിക്കാൻ മന്ത്രി തയ്യാറാകണം.

നിലവിൽ എല്ലാവിധ സുരക്ഷാ-ആരോഗ്യ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ടാണ് സന്നദ്ധ സംഘടനകൾ പൊതിച്ചോറുകൾ വിതരണം ചെയ്യുന്നത്. ഇതിനെ എന്തിനാണ് ഇത്രയധികം ശത്രുതയോടെ കാണുന്നതെന്ന് ചോദിച്ച റിയാസ്, ഇത്തരം ജനകീയ വിഷയങ്ങളിൽ പിടിവാശി കാണിക്കാതെ ചർച്ചകൾക്ക് സർക്കാർ മുൻകൈ എടുക്കണമെന്നും വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/373360/kerala-health-minister-muraleedharan-hospital-food-banner-controversy-)