---
title: "തിങ്കളാഴ്ച അവധിയുണ്ട് ...! ലോകപ്പ് ഫൈനൽ മത്സരം കാണാൻ തിങ്കളാഴ്ച അവധി പ്രഖ്യാപിച്ച് രണ്ട് ജില്ലയിലെ വിവിധ സ്കൂളുകൾ"
english_title: "World Cup Final Holiday: 10 Plus Schools In Ernakulam, Alappuzha One School Declare Monday Holiday"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/373286/ernakulam-alappuzha-schools-holiday-monday-world-cup-final"
published_at: "2026-07-19T07:57:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6912fad4285cb_avadhi.jpg"
keywords: ["Alappuzha", "Ernakulam", "School Holiday", "World Cup Final", "Kerala Education", "Football"]
---

# തിങ്കളാഴ്ച അവധിയുണ്ട് ...! ലോകപ്പ് ഫൈനൽ മത്സരം കാണാൻ തിങ്കളാഴ്ച അവധി പ്രഖ്യാപിച്ച് രണ്ട് ജില്ലയിലെ വിവിധ സ്കൂളുകൾ

> **Lead Summary:** **കൊച്ചി: **ഫുട്ബോൾ ലോകപ്പ് ഫൈനലിന്റെ ആവേശത്തിൽ വിദ്യാർഥികൾക്കും പങ്കുചേരാൻ അവസരം ഒരുക്കി എറണാകുളം ജില്ലയിലെ നിരവധി സ്വകാര്യ സ്കൂളുകൾ തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. ഞായറാഴ്ച അർധരാത്രിക്ക് ശേഷം പുലർച്ചെ 12.30നാണ് ലോകം ഉറ്റുനോക്കുന്ന ഫൈനൽ മത്സരം.

## Article Content

**കൊച്ചി: **ഫുട്ബോൾ ലോകപ്പ് ഫൈനലിന്റെ ആവേശത്തിൽ വിദ്യാർഥികൾക്കും പങ്കുചേരാൻ അവസരം ഒരുക്കി എറണാകുളം ജില്ലയിലെ നിരവധി സ്വകാര്യ സ്കൂളുകൾ തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. ഞായറാഴ്ച അർധരാത്രിക്ക് ശേഷം പുലർച്ചെ 12.30നാണ് ലോകം ഉറ്റുനോക്കുന്ന ഫൈനൽ മത്സരം.

മത്സരം പുലർച്ചെ 2.30 വരെ നീണ്ടേക്കും. എക്സ്ട്രാ ടൈമും പെനാൽറ്റി ഷൂട്ടൗട്ടും ഉണ്ടായാൽ പുലർച്ചെ 3 മണി കഴിയും. ഉറക്കമൊഴിഞ്ഞ് കളി കണ്ട ശേഷം കുട്ടികൾ ക്ഷീണിതരായി സ്കൂളിലെത്തേണ്ട സാഹചര്യം ഒഴിവാക്കാനാണ് സ്കൂൾ അധികൃതരുടെ തീരുമാനം.

വിദ്യാർഥികളുടെ കായിക താൽപര്യത്തെ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം മാനസിക-ശാരീരിക ക്ഷേമം കൂടി പരിഗണിച്ചാണ് അവധി നൽകുന്നതെന്ന് സ്കൂൾ അധികൃതർ അറിയിച്ചു. ചൊവ്വാഴ്ച മുതൽ ക്ലാസുകൾ പതിവുപോലെ തുടരും. തീരുമാനത്തെ രക്ഷിതാക്കളും സ്വാഗതം ചെയ്തു.

**അവധി പ്രഖ്യാപിച്ച സ്കൂളുകൾ:**

മരട് ഗ്രിഗോറിയൻ പബ്ലിക് സ്കൂൾ, മുവാറ്റുപുഴ സെന്റ് തോമസ് പബ്ലിക് സ്കൂൾ, തൃപ്പൂണിത്തുറ ദി ചോയ്സ് സ്കൂൾ, ശ്രീനാരായണ വിദ്യാപീഠം, ഉദയംപേരൂർ പ്രഭാത് പബ്ലിക് സ്കൂൾ, പൂത്തോട്ട എസ്.എസ്. കോളജ്, പറവൂർ ഇൻഫന്റ് ജീസസ് പബ്ലിക് സ്കൂൾ, പിറവം വിവേകാനന്ദ പബ്ലിക് സ്കൂൾ, വെട്ടിക്കൽ ബസേലിയോസ് വിദ്യാനികേതൻ സീനിയർ സെക്കൻഡറി സ്കൂൾ. തൃക്കാക്കര സെന്റ് ജോസഫ് ഇംഗ്ലീഷ് മീഡിയം സെക്കൻഡറി സ്കൂൾ തിങ്കളാഴ്ചത്തെ പരീക്ഷ മാറ്റിവച്ചു. ആലപ്പുഴ മണപ്പുറം രാജഗിരി സെന്റ് ചവറ സി.എം.ഐ പബ്ലിക് സ്കൂളിനും അവധിയുണ്ട്.

> അതേസമയം സംസ്ഥാനതലത്തിൽ അവധി സംബന്ധിച്ച് ഇതുവരെ തീരുമാനമായിട്ടില്ല. "അവധി നൽകണമെന്ന് നിരവധി പേർ ആവശ്യപ്പെടുന്നുണ്ട്. പക്ഷേ അധ്യയന ദിവസങ്ങൾ കുറയുന്നത് പ്രയാസമാണ്. അവധി നൽകിയാൽ പകരം ഒരു ദിവസം പ്രവൃത്തി ദിനമാക്കേണ്ടിവരും. അതിനാൽ ഇപ്പോൾ ഒരു തീരുമാനം പറയാനാവില്ല" - വിദ്യാഭ്യാസ മന്ത്രി ഷംസുദ്ദീൻ മാധ്യമങ്ങളോട് പ്രതികരിച്ചു. ഫുട്ബോൾ ആരാധകരായ കുട്ടികൾക്ക് മത്സരവും അവധിയും ഒരുപോലെ ആഘോഷിക്കാനുള്ള അവസരമായാണ് ഈ തീരുമാനം മാറിയത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/373286/ernakulam-alappuzha-schools-holiday-monday-world-cup-final)